കൊടുങ്ങല്ലൂര്‍ തലസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന ചേരരാജാക്കന്മാരെയും അവരില്‍പ്പെട്ട ഇളങ്കോ അടികള്‍ എന്ന കവിയെയും (ഏഴാം ശതകത്തിലെ ചിലപ്പതികാരം കൃതിയുടെ കര്‍ത്താവ്) ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് അറിയാം. എങ്ങനെ പിന്നീട് മൂന്നായി മുറിഞ്ഞു, ഏതൊക്കെ രാജാധികാര മത്സരമായിരുന്നു നടന്നത് എന്നതാണ് നിശ്ചയമില്ലാത്ത കാര്യം. വില്ല് മൂന്നായിട്ടു മുറിഞ്ഞെന്നും അതോടെ സംസ്കാരത്തിന്റെ ഞാണ് അഴിഞ്ഞു പൊട്ടിയെന്നും കവികള്‍ വിലപിച്ചു.
“”ഏതു കൈയിനി മുറി കൂട്ടിടും സംസ്കാരത്തിന്
മേദൂര മധുരമാം സ്വരമെന്നിനി കേള്‍ക്കും?”
(ജി.ശങ്കരക്കുറുപ്പ്)
എന്നും കവികള്‍ ആശങ്കിച്ചു.
മുറികൂട്ടാന് കഴിഞ്ഞില്ല എന്നതാണ് സത്യം. സംസ്കാരത്തിന്റെ സ്വരം മന്ദീഭവിച്ച് ഇല്ലാതാവുകയും ചെയ്തു എന്നുപറഞ്ഞാലും തെറ്റാവില്ല.
സ്വാതന്ത്ര്യലബ്ധിയോടെ തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയന്റെ ഭാഗമാവുകയും 1949-ല്‍ തിരു- കൊച്ചി സംസ്ഥാനം രൂപം കൊള്ളുകയും പിന്നീട് മലബാറും കാസര്‍കോടും കൂട്ടിച്ചേര്‍ത്ത്, നാഞ്ചിനാട് ഒഴിവാക്കി, കേരള സംസ്ഥാനം ഉണ്ടാവുകയും ചെയ്തു. അപ്പോള്‍ ഐക്യകേരളം എന്ന ആശയം സഫലീകരിക്കയാല് സംസ്കാരത്തിന്റെ സ്വരം കേട്ടുതുടങ്ങേണ്ടതും ആയിരുന്നു. അതുണ്ടായില്ല എന്ന ദുഃഖസത്യമാണ് ഇന്നു നാം മനസ്സിലാക്കുന്നത്.
എന്തുകൊണ്ട് എന്ന് അന്വേഷിക്കുമ്പോള്‍ ആദ്യം സ്പഷ്ടമാവുന്ന ഉത്തരം മാതൃഭാഷയുടെ അവഗണന എന്നുതന്നെ. മറ്റൊരു ഭാരത സംസ്ഥാനത്തിലും ഇങ്ങനെ ഉണ്ടായില്ല. ഉണ്ടാവാന്‍ പാടില്ല എന്നും നമുക്കറിയാം. ദേശീയകവികള്‍ അക്കാര്യം ഉദ്ബോധിപ്പിക്കുകയുണ്ടായി.
”ഏതൊരു ശാസ്ത്രവും എതൊരാള്‍ക്കും
ഹൃത്തില്‍ പതിയേണമെങ്കില്‍ സ്വഭാഷതന്‍
വക്ത്രത്തില് നിന്നു താന്‍ കേട്ടിടേണം”(വള്ളത്തോള്‍)
എന്നാല്‍ അട്ടിമറിയാണ് ആ രംഗത്ത്, വിദ്യാഭ്യാസമേഖലയില്‍, ഉണ്ടായത്. മാതൃഭാഷക്ക് പിന്നാക്കപദവി, ഇംഗ്ലീഷിന് ശ്രേഷ്ഠപദവി. ഇത് ആത്മാഭിമാനത്തിന്റെ നഷ്ടംകൊണ്ടാണ് എന്നാവും ആര്‍ക്കും തോന്നുക. ദീര്‍ഘകാലത്തെ അടിമത്തംകൊണ്ട് ആത്മാഭിമാനം ചോര്ന്നുപോയിരിക്കും. അതു സ്വാഭാവിക നഷ്ടം. തുടര്‍ന്നു നടന്ന അട്ടിമറിയുടെ മനഃശാസ്ത്രം ഒന്നു വേറെയാണ്. വൈദേശിക വേരോട്ടമുള്ള മതങ്ങളുടെ ശക്തി വര്‍ദ്ധിച്ച് മതപരിവര്‍ത്തനം ഒരു വ്യാപാരമായതോടെ മലയാളം ”ഹിന്ദു” വിന്റെ ഭാഷയായി ഗണിക്കപ്പെടേണ്ടതായി വന്നു. ആരും അത് ഉറക്കെ പറഞ്ഞില്ലെന്നേ ഉള്ളൂ.
മലയാളത്തിന്റെ ഭാവിയും വളര്‍ച്ചയും പൊതുവിദ്യാഭ്യാസത്തില്‍ ആ ഭാഷയുടെ പങ്കു നിശ്ചയിക്കേണ്ടതും അതിനുള്ള നടപടി സ്വീകരിക്കേണ്ടതുമായ ഭരണം അഹിന്ദു മേധാവിത്വത്തിന്റെ കൈയില്‍പ്പെട്ടു. വിദ്യാഭ്യാസ സാംസ്കാരിക വകുപ്പുകള്‍ കേരള (ക്രിസ്ത്യന്‍) കോണ്‍ഗ്രസ്, മുസ്ലിംലീഗ് എന്നീ പാര്‍ട്ടികളാണ് ഏറെക്കാലമായി ഭരിച്ചുപോരുന്നത്. അവരാകട്ടെ ക്രമേണ ആക്രാമികമായി തങ്ങളുടെ സങ്കുചിത താത്പര്യം സംരക്ഷിച്ചു. ഇംഗ്ലീഷും അറബിയും കഴിഞ്ഞേ മലയാളം വരുന്നുള്ളൂ എന്ന നിലപാടായി!
‘ഹിന്ദുവിന്റെ ഭാഷ’ എന്നു പറയുന്നിടത്ത് വിദ്യാനിന്ദയും ദേശീയതാനിന്ദയും തീര്‍ച്ചയായും ഉണ്ട്. അതു കുറ്റകരമാണു താനും. എന്നാല്‍ ക്രിസ്ത്യന്‍- മുസ്ലിം വീക്ഷണത്തില്‍ അവരുടേതായ ഒരു കുബുദ്ധിയുണ്ട്. മലയാള ഭാഷയുടെ (മണിപ്രവാളത്തിന്റെ) ലക്ഷണഗ്രന്ഥമായ ലീലാതിലകം (14-ാം ശതകം) സംസ്കൃതഭാഷയിലാണ് എഴുതപ്പെട്ടത്. എട്ടാം ശതകത്തിലെ ശങ്കരാചാര്യരും 13-ാം ശതകത്തിലെ പതിനെട്ടര കവികളും സംസ്കൃത്തില് എഴുതി. ഈ സംസ്കൃത പാരമ്പര്യം എഴുത്തച്ഛന്റെയും മേല്‍പ്പത്തൂരിന്റെയും കാലത്തും നാം കണ്ടു. ഇതാണ് മലയാളത്തിന്റെ പൈതൃകം. ആ പൈതൃകത്തില്‍ ഭാഷയ്ക്ക് അതീതമായ ഒരു ഭാവം തീര്‍ച്ചയായും ഉണ്ട്- ഭാരതീയ ദര്‍ശനം, സംസ്കൃതി, മനുഷ്യസംസ്കാരത്തിന്റെ ആദിരൂപങ്ങള്‍. അതിന് ക്ഷേത്രകലകളിലൂടെയാണ് ജനകീയ അംഗീകാരമുണ്ടായത്. ഈ കലയിലും സാഹിത്യത്തിലും എപ്പോഴും പ്രത്യക്ഷമായികണ്ട പ്രമേയം ഭാരതീയ പുരാണകഥ തന്നെ- മഹാഭാരതവും രാമായണവും തന്നെ. അവ മതഗ്രന്ഥങ്ങളല്ലെന്നും മനുഷ്യചരിത്രാഖ്യാനങ്ങളാണെന്നും മനസ്സിലാക്കാനുള്ള മാനസിക വൈഭവം പൊതുവെ കുറവായി വന്നു; പ്രത്യേകിച്ചും അഹിന്ദുക്കളുടെയിടയില്. എന്നാല്‍ ഇതല്ലാതെ നമ്മുടെ സാഹിത്യത്തിനോ കലയ്ക്കോ മറ്റൊരു പ്രമേയമില്ല. കാരണം, വള്ളത്തോളിന്റെ ഭാഷയില്‍
”ഭാസകാളിദാസാദ്യന്മാരെയും പുലര്‍ത്തിയ
ഭാസുര സാരസ്വത ഭണ്ഡാരപ്പുരകള്‍”
ആണ് നമ്മുടെ പുരാണങ്ങള്‍. വള്ളത്തോള്‍തന്നെ അതു തെളിയിച്ചത് രാമായണ തര്‍ജ്ജമയില്‍ തുടങ്ങി ഋഗ്വേദ തര്‍ജ്ജമയില്‍ വന്നുനിന്ന സാഹിത്യയജ്ഞത്തിലൂടെയായിരുന്നല്ലോ. ദേശീയ സ്വാതന്ത്ര്യസമരമായാലും ഈ പശ്ചാത്തലത്തിലെ നാം കണ്ടുള്ളൂ. മഹാത്മാഗാന്ധിയെ തന്റെ ഗുരുനാഥനാക്കിയ കവിയെ പുരോഗമനവാദികള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചു. ക്രിസ്തുമത മേലധ്യക്ഷന്മാര് ഒട്ടും വൈകാതെ തങ്ങളുടെ വകുപ്പായ ‘വിദ്യാഭ്യാസ’ത്തില്‍ (മന്ത്രിമാരുടെ ശബ്ദത്തില്‍ വിധ്യാബ്യാസം) നിന്ന് ചെറുശ്ശേരി, പൂന്താനം, എഴുത്തച്ഛന്, കുഞ്ചന്നമ്പ്യാര് തുടങ്ങിയ ഹിന്ദുകവി(!)കളെ ക്രമേണ ഒഴിവാക്കി. പടിപടിയായിട്ടായിരുന്നതാനും- വലിയ പ്രചാരം കൊടുക്കാതെ, ആരെങ്കിലും ചോദിച്ചാല്‍ത്തന്നെ ‘മതേതര വിദ്യാഭ്യാസം’ എന്നൊരു മറയുടെ പിന്നില്‍ ഒളിക്കാം. അങ്ങനെ ആത്മാവു നഷ്ടപ്പെട്ട മലയാളമാണ് നമ്മുടെ വിദ്യാര്‍ത്ഥികള്‍ പത്താംതരം വരെയുള്ള ഭാഷാ പാഠപുസ്തകങ്ങളിലൂടെ പരിചയപ്പെടുന്നത്. ‘മതേതരം’ എന്നുപറയുന്നത് മൂഢാത്മാക്കളെ ഒപ്പിക്കാന്‍ മാത്രം.
അപ്പോള്‍ മൂന്നായി മുറിഞ്ഞു മാറിയ കേരളം ഒന്നു ചേര്‍ന്നില്ല. മൂന്നായിട്ടു വീണ്ടും മുറിയുകയാണുണ്ടായത്. ആദ്യത്തെ മുറിയല്‍ വെറും ഭൂമിശാസ്ത്രപരമായ തിരിവുകള്‍ മാത്രം; പിന്നീടുണ്ടായത് സങ്കുചിത മതതാല്പര്യത്തിന്റെ പേരില്‍ മനുഷ്യരെ ശത്രുക്കളായി തരംതിരിക്കുന്ന മട്ടിലുള്ള വിഭജനം. രണ്ടാമത്തേതാണ് ആപത്കരം എന്നു പറയേണ്ടതില്ലല്ലോ. സംസ്കാരത്തിന്റെ സ്വരമല്ല, വിദ്വേഷത്തിന്റെ അമറലും മൂളലും ആണ് ഇവിടെ ഉണ്ടാവുക. ‘മലപ്പുറം’ മുസ്ലിം ജില്ല എന്ന് പ്രഖ്യാപിക്കപ്പെട്ടു! തുടര്‍ന്ന് മറ്റെല്ലാ സംസ്ഥാനങ്ങളില്‍നിന്നു തീര്‍ത്തും വിഭിന്നമായ നിലപാട്; ഫെഡറല്‍ സംവിധാനത്തില്‍ ഉദ്ദേശിച്ചിട്ടുള്ള കേന്ദ്ര-സംസ്ഥാന ബന്ധത്തിന് വിരുദ്ധമായി കേന്ദ്രത്തിനോടുള്ള സമരം എന്ന ആശയത്തിലാണ് കേരളത്തിലെ മുന്നണി ഭരണകൂടങ്ങളെ എത്തിച്ചത്. വിദ്യാഭ്യാസ മേഖലയിലെ മുന്‍പറഞ്ഞ അട്ടിമറി മറ്റെല്ലാ രംഗത്തേക്കും വ്യാപിച്ചത് ഒരുതരം രാഷ്ട്രീയ അര്‍ബുദരോഗം തന്നെയാണ്.
പൗരാണിക സംസ്കാരാധിഷ്ഠിതമായ വിദ്യാഭ്യാസം ഹിന്ദുവിന്റേതായി പരിമിതപ്പെടുത്തിയതുപോലെ, അടുത്തകാലത്ത് സൂര്യനമസ്കാരം, പ്രഭാത വ്യായാമം, പ്രാണായാമം തുടങ്ങിയ തികച്ചും ശാരീരികമായ ആരോഗ്യസംരക്ഷണവും ഹൈന്ദവമായി മുദ്രകുത്തപ്പെട്ടിരിക്കുന്നു. മതേതര ജനാധിപത്യത്തിന് ചേരുന്ന ഇടപാടായ സൂര്യനമസ്കാരവും ശ്വസനക്രിയയും മറ്റും. ഇതിനു ബദലായി മതേതരത്വം വരുത്താന്‍വേണ്ടി മാട്ടിറച്ചിയെ ആശ്രയിക്കാനും ചിലര്‍ക്കു മടിയില്ലതാനും. സൂര്യനമസ്കാരത്തെ തോല്‍പ്പിക്കാന്‍ പോത്തിന്റെ ഇറച്ചിയെ നമസ്കരിക്കുക എന്ന ആശയം വിപ്ലവകരംതന്നെ! നോക്കണേ കേരളത്തിന്റെ വിപ്ലവബോധം എത്രയേറെ പുതുമ കലര്‍ന്നതെന്ന്! സൂര്യനെയും വായുവിനെയും ആശ്രയിക്കുന്നതിനെ ചെറുത്തുതോല്‍പ്പിക്കണം എന്ന് വിശുദ്ധ ബിഷപ്പിന്റെ പ്രസ്താവന കഴിഞ്ഞദിവസത്തെ പത്രത്തില്‍ വായിച്ചു.
കോട്ടയം ബിഷപ്പ് തമാശ പറയുന്ന ആളല്ലല്ലോ. നാടന്‍ കീഴ്വഴക്കങ്ങളും ഹിന്ദു ആചാരങ്ങളും ഒന്നുതന്നെ എന്ന് അദ്ദേഹം പഠിച്ചുറച്ചിരിക്കുന്നു. പ്രാണായാമത്തിലൂടെ ഒരാള്‍ക്ക് ഹിന്ദുവാകാന്‍ പറ്റില്ല, അതുപേക്ഷിക്കുന്ന ഒരാള്‍ ഹിന്ദു അല്ലാതാവുന്നുമില്ല; ആ ലളിതമായ സത്യം മനസ്സിലാക്കാനുള്ള ആര്‍ജവം കേരളത്തിലെ ചില മതവിഭാഗങ്ങള്‍ക്ക് ഇല്ലാതെപോയി. കേരളത്തിന്റെ ഭാവിയെപ്പറ്റി ആശങ്ക ജനിപ്പിക്കുന്ന ഒരു രംഗമാണ് അവിടെ നാം കാണുന്നത്.
ഭ്രാന്താലയം എന്നു വിളിക്കപ്പെട്ട ദേശത്ത് ഭ്രാന്തു വര്‍ധിച്ചുതന്നെ വന്നു എന്നാണ് ഇതില്‍ നിന്നു മനസ്സിലാവുക. ‘അയിത്തം’ ഒരു ജാതിവിഭാഗത്തില്നിന്ന് വിപുലമായ ഒരു ദേശീയ മതവിഭാഗത്തിലേക്കു മാറിയത് ഭ്രാന്തിന്റെ ശമനമാവില്ലല്ലോ, വ്യാപനമല്ലേ ആവൂ.
ഒരേയൊരു പ്രതീക്ഷ കാണുന്നത് സാംസ്കാരികദേശീയത എന്ന അനന്യമായ ഭാരതീയ ചൈതന്യത്തിലാണ്. അതിനെതിരായ സമരം കേരളത്തില്‍ ഇന്നത്തെ ഫാഷന്‍ ആണെങ്കിലും ഏതു ഫാഷനെയും പോലെ അതും അവസാനിക്കുമെന്നാണ് ദേശസ്നേഹികള്‍ പ്രതീക്ഷിക്കുന്നത്. അഖിലേന്ത്യാതലത്തില്‍ ആ ദേശീയവികാരം പ്രകടമാവുന്നത് സമീപകാലത്തെ ‘ഘര്‍വാപസി’ എന്ന മന്ത്രത്തിലാണ്. മുടിയനായ പുത്രന് പശ്ചാത്താപത്തോടെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തുന്ന ബൈബിള്‍ കഥ തന്നെയാണ് ‘ഘര്‍വാപസി’. അതിന്റെ പ്രസക്തി ഉദാഹരിച്ചത് ഭ്രാന്താലയം എന്നു വിളിച്ചയാള്‍ തന്നെയാണ്. ഇതാ സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍: ”ഭാരതത്തില്‍ താഴ്ന്ന വര്‍ഗക്കാരെ ഉയര്‍ത്താനുള്ള പ്രയത്നമാണ് എല്ലാക്കാലത്തും നടന്നത്. ആരായാലും അയാള്‍ ജ്ഞാനിയായി ഉയരണം എന്നാണ് ലക്ഷ്യം.
ഈ ശ്രമം ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളുടെ പഠിപ്പും വിദ്യയും കണ്ടെത്താന്‍, അതു യൂറോപ്യന്മാര്ക്കു പരീക്ഷിക്കാന്‍, ഇവിടെ ഒന്നും ബാക്കി കാണില്ലായിരുന്നു. എല്ലാം മഹമദീയര്‍ തകര്‍ത്തു തരിപ്പണമാക്കിയേനേ”. മഹമ്മദീയര്‍ നടത്തിയ സംസ്കാരഭഞ്ജനത്തെ അതിജീവിക്കാന്‍ ദരിദ്രരായി ജീവിച്ച് ജ്ഞാനത്തെ ഉപാസിച്ചവര്‍ക്ക് കഴിഞ്ഞു എന്നത് ഭാരതീയ തലത്തില്‍ നടന്ന ചരിത്ര സത്യമാണ്. അതാണ് സ്വാമി നമ്മെ ഓര്‍മിപ്പിച്ചത്. ഭാരതത്തിന്റെ ആത്മശക്തി.
സ്വാമിയുടെ കാലത്തിനുശേഷം ഒന്നേകാല്‍ നൂറ്റാണ്ടു പിന്നിട്ടപ്പോള്‍ ഈ കാഴ്ചപ്പാടിന് പ്രസക്തിയുണ്ടോ എന്ന് ഇന്ന് ആലോചിക്കേണ്ടതുതന്നെ. ഇന്ന് കേരളത്തിലേക്കു ധാരാളം വിദേശപണം ഒഴുകിവരുന്നു. കശ്മീര്‍, ആസാം, മിസോറാം തുടങ്ങിയ കിഴക്കന്‍ മേഖലയിലെപ്പോലെ ശിഥിലീകരണത്തിനു പ്രോത്സാഹകമായിട്ടാണ് ഈ വിദേശപണം ഉപയോഗിക്കുന്നത്; മുഖ്യമായും മതപരിവര്‍ത്തനത്തിന്.
ജീവിതം ആഡംബരപൂര്‍ണമാക്കുന്ന ഈ നവനാഗരികത കൂടുതല്‍ സ്വാധീനിക്കുന്നത് കേരളത്തെയാണ്. സ്വന്തം ഭാഷയെ, തറവാടിനെ, മണ്ണിനെ അന്യര്‍ക്കു പണയപ്പെടുത്തി, അവര്‍ക്കു വഴങ്ങിക്കൊടുക്കുന്നതിന്റെ കൈക്കൂലി വാങ്ങി സന്തോഷിക്കുന്നവരെയോര്ത്ത് നാടിന് ലജ്ജിക്കേണ്ടിവരുന്നു. ഭാരതത്തനിമയുടെ ഗംഗയിലേക്ക് ഒഴുകിയെത്തിയില്ലെങ്കില്‍ നമ്മുടെ പമ്പയും പെരിയാറും വിഷലിപ്തമാവും. വിദേശ ദല്ലാളുകള്‍ ഇവിടുത്തെ പത്ര-ദൃശ്യ മാധ്യമങ്ങളെ കൈയിലെടുത്തു കഴിഞ്ഞതിന്റെ തെളിവാണ് അവ ഇന്നു കൂട്ടംചേര്‍ന്നു നടത്തുന്ന മോദിവിരുദ്ധ, കേന്ദ്രവിരുദ്ധ, ‘ഘര്‍വാപസി’വിരുദ്ധ പ്രചാരണം. കേരളത്തെ സ്നേഹിക്കുന്നവര്‍ കരുതലോടെ കാണുകയും പ്രതികരിക്കുകയും ചെയ്യേണ്ടുന്ന കാര്യത്തിലേക്ക് കേരളദിനാചരണ വേളയില്‍ ശ്രദ്ധതിരിയട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: