കഴിഞ്ഞ ഒക്ടോബര്‍ രണ്ടാം തീയതി ആലുവാ ടൗണ്‍ ഹാളില്‍ ചേര്‍ന്ന അടിയന്തരാവസ്ഥാപീഡിതരുടെ സമ്മേളനത്തെപ്പറ്റി മുമ്പൊരു അനുസ്മരണമെഴുതിയിരുന്നു. സമ്മേളനം നടന്ന ഹാളിന്റെ പേരു ജവഹര്‍ലാല്‍ സ്മാരക ടൗണ്‍ഹാള്‍ എന്ന് അതില്‍ തെറ്റായി പരാമര്‍ശിച്ചു. മഹാത്മാഗാന്ധിയുടെ പേരിലാണ് ടൗണ്‍ഹാള്‍ നിര്‍മിച്ചിട്ടുള്ളത്. പിശക് ചിലര്‍ ഫോണ്‍ മുഖാന്തിരം അറിയിക്കുകയും ചെയ്തു. സമ്മേളനം നടന്നത് ഗാന്ധിജയന്തി ദിനത്തിലായിരുന്നു. നഗറിന്റെ പേരാകട്ടെ, അദ്ദേഹത്തിന്റെ യഥാര്‍ത്ഥ അനുയായി ലോകനായക് ജയപ്രകാശ് നാരായണന്റെ പേരിലും.
സമ്മേളനത്തിനെത്തിയ നൂറുകണക്കിനാളുകളില്‍ പീഡിതരും അവരുടെ കുടുംബാംഗങ്ങളും പിന്മുറക്കാരുമുണ്ടായിരുന്നു. അവരെ കാണുക എന്നതു അവാച്യമായ അനുഭവം തന്നെ. എന്നോടൊപ്പം കോഴിക്കോട് സ്പെഷ്യല്‍ ജില്ലാ ജയിലില്‍ കഴിഞ്ഞവര്‍ ആരുംതന്നെ കൂട്ടത്തില്‍ ഇല്ലാതിരുന്നത് തെല്ല് ഇച്ഛാഭംഗമുണ്ടാക്കി. പക്ഷേ ഒരിക്കലും മറക്കാനാവാത്ത ചിലരെ അവിടെ കണ്ടു പരിചയം പുതുക്കാന്‍ അവസരം ലഭിച്ചു.
അമ്പതുകൊല്ലങ്ങള്ക്കുമുമ്പ് കാലടി സംഘശിക്ഷാവര്ഗിലുണ്ടായിരുന്ന ഏതാനും പേരായിരുന്നു അവര്‍. താനൂര്ക്കാരന് അറുമുഖനും പാലക്കാട്ടുകാരന് സുബ്രഹ്മണ്യനും ഇരുവരും ഈ അരനൂറ്റാണ്ടിനുശേഷവും സജീവമായി സംഘപ്രവര്ത്തനത്തിലുണ്ട് എന്നത് വളരെ സന്തോഷകരമാണ്. അവര്‍ പ്രചാരകന്മാരായും പ്രവര്‍ത്തിച്ചിരുന്നു. മരപ്പണിക്കാരനായ അറുമുഖന് കുടുംബത്തിലെ ഏക വരുമാനക്കാരനായിരുന്നു. പ്രചാരകനായി. ഉന്നതകുലമോ, വിദ്യാഭ്യാസയോഗ്യതയോ അവകാശമായി എടുത്തുകാട്ടാനില്ലാത്തവര്ക്കും സംഘപ്രവര്‍ത്തനത്തിലൂടെ സമാജസേവനത്തിന്റെ ഉത്തമമാതൃകകളാക്കാന് കഴിയുമെന്നു തെളിയിച്ച നിരവധിപേരില്‍ പെടും അവരും.
1965 ലെ കാലടി സംഘശിക്ഷാവര്‍ഗ് എന്തുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നു. കേരള പ്രാന്തം രൂപീകൃതമായശേഷം, നടന്ന ആദ്യ ശിബിരമായിരുന്നു അത്. മുമ്പ് തമിഴ്നാടും കേരളവും ചേര്‍ന്നാണ് പരിശീലന ശിബിരങ്ങള്‍ നടന്നത്. പെരിയാറിന്റെ തീരത്ത് ശ്രീരാമകൃഷ്ണാശ്രമം വക വിദ്യാലയമായിരുന്നു ശിബിരസ്ഥാനം. അവിടുത്തെ പവിത്രമായ അന്തരീക്ഷം തന്നെ കുളിര്‍മ നല്‍കുന്നതായിരുന്നു. അടുത്തുതന്നെ ശ്രീകൃഷ്ണ ക്ഷേത്രവും ശ്രീശങ്കരാചാര്യ ജന്മസ്ഥാനവും അദ്ദേഹം ബാല്യം കഴിച്ചുകൂട്ടിയ സ്ഥലങ്ങളും മുതലക്കടവും ശൃംഗേരി മഠത്തിന്റെ സ്ഥാപനങ്ങളുമുണ്ട്. ആചാര്യസ്വാമികളുടെ 1200-ാം ജയന്തി ആഘോഷങ്ങള്‍ക്കായി വിവിധമഠങ്ങളിലെ അധിപന്മാരും ശൃംഗേരി മഠത്തിലുണ്ടായിരുന്നു.
കാലടി സംഘശിക്ഷാവര്‍ഗില്‍ പൂജനീയ ഗുരുജി മൂന്നുദിവസമുണ്ടായിരുന്നു. അദ്ദേഹം ആചാര്യന്മാരെ ചെന്നുകണ്ട് വണങ്ങി ശിബിരം സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു. രണ്ട് ആചാര്യന്മാര് എഴുന്നള്ളി ശിക്ഷാര്‍ത്ഥികള്‍ക്ക് അനുഗ്രഹം നല്കി. ശ്രീഗുരുജിയുടെ അശ്രാന്തവും ക്ഷമാപൂര്‍വവുമായ പരിശ്രമത്തിലൂടെ വിശ്വഹിന്ദുപരിഷത്ത് രൂപം പ്രാപിച്ചുവരുന്നതേയുണ്ടായിരുന്നുള്ളൂ. ആചാര്യന്മാരെ സ്വാഗതം ചെയ്തുകൊണ്ട് അദ്ദേഹം ചെയ്ത പ്രസംഗത്തില്‍ അതിന്റെ സാരാംശം ഉണ്ടായിരുന്നുവെന്ന് പിന്നീട് ചിന്തിക്കുമ്പോള്‍ തോന്നി.
കാലടി ഒടിസിയെപ്പറ്റി ഓര്‍മിക്കാന്‍ മറ്റൊരു കാരണം കൂടി ഉണ്ടായി. ആലുവാ സമ്മേളനത്തിന്റെ അടുത്തദിവസം അവിചാരിതമായി തിരുവനന്തപുരത്ത് സംസ്കൃതിഭവനില് നിന്ന് ഒരു ഫോണ്‍ കോള്‍. പഴയ വിജയനാണ് എന്നുപറഞ്ഞപ്പോള്ത്തന്നെ ആളുടെ ബിംബം മനസ്സില്‍ തെളിഞ്ഞു. തലശ്ശേരിയിലെ എന്‍.വിജയനല്ലേ എന്നാണന്വേഷിച്ചത്. കേരള ലോട്ടറീസ് വകുപ്പിന്റെ സാരഥിയായും ഭാരതീയ വിദ്യാനികേതന്റെ ചുമതലക്കാരനായി പാലക്കാട്ട് കേന്ദ്രമായും വളരെക്കാലം പ്രവര്‍ത്തിക്കുകയും തിരുവനന്തപുരത്തെ ഒരു നഗറിന്റെ സംഘചാലക ചുമതല വഹിക്കുകയും ചെയ്ത അദ്ദേഹം ഒടുങ്ങാത്ത കാര്യശേഷിയും തളരാത്ത കര്‍ത്തവ്യബോധവും തികഞ്ഞ ആളാണ്. സംസ്ഥാന പുനര്വിഭജനത്തെത്തുടര്ന്നു മദിരാശിയില്‍ ട്രെയിനില്‍ വന്ന ‘ദര്‍ബാര്‍ മാറ്റ’ത്തിന്റെ ഭാഗമായി എത്തിയ വിജയന്, അവിടെ ഭരണമാളിയവരുടെ കൊടിയുടെ നിറം എന്തെന്നുനോക്കാതെ സ്വയംസേവകനെന്ന കര്‍ത്തവ്യനിഷ്ഠയെ മുറുകെപിടിച്ചയാളാണ്.
ശതാഭിഷേകം കഴിഞ്ഞ് ഇന്ന് വിചാരകേന്ദ്രത്തിലെ ഗ്രന്ഥശാലയുടെ മേല്‍നോട്ടം വഹിക്കുന്നു. ഇടക്കെപ്പൊഴോ കണ്ടുമുട്ടിയപ്പോഴാണ് ഇക്കാര്യമറിഞ്ഞത്.
അദ്ദേഹത്തിനറിയേണ്ടിയിരുന്നത് ശബരിമല ക്ഷേത്രം തീവെച്ച ആണ്ടും തീയതിയുമൊക്കെ ആയിരുന്നു. പല ലേഖനങ്ങളിലും ലഘുലേഖകളിലും പലവിധത്തിലാണ് കാണുന്നതെന്നും. ശരിയെന്താണെന്നുമാണ്. വിവരമറിയിച്ചു. കേരളത്തിലെ ഹൈന്ദവസമൂഹത്തെ ഏറ്റവും കഠിനമായ വ്യഥയനുഭവിപ്പിച്ച ആ മഹാപാതകത്തിന്റെ തീയതിയെ സംബന്ധിച്ച് ഈ 65 വര്ഷത്തിനിടെത്തന്നെ അവ്യക്തത വന്നത് കഷ്ടമെന്നേ പറയേണ്ടൂ. അതേപ്പറ്റി അന്വേഷിച്ച പ്രഗത്ഭ പോലീസുദ്യോഗസ്ഥന് കേശവമേനോനുപോലും കൃത്യദിവസം കണ്ടെത്താന്‍ കഴിഞ്ഞില്ല. 1950 ഏപ്രില്‍ 19 ന് മുമ്പുള്ള 4, 5 ദിവസങ്ങള്ക്കുള്ളിലായിരിക്കുമെന്നേ അദ്ദേഹത്തിനും പറയാന്‍ കഴിഞ്ഞുള്ളൂ.
അതു വേറെ വിഷയം. നേരത്തെ സൂചിപ്പിച്ച കാലടി സംഘശിക്ഷാവര്‍ഗില്‍ ശിക്ഷാര്ത്ഥി ആയിരുന്നു വിജയനും. അവര്‍ ഉണ്ടായിരുന്നപ്പോള്‍ ഗണശിക്ഷകന് ആകാന്‍ എനിക്ക് ഭാഗ്യം സിദ്ധിച്ചു. പിന്നീട് പ്രചാരകനും ബിജെപിയുടെ ദക്ഷിണ ക്ഷേത്രീയ സംഘടനാ കാര്യദര്‍ശിയുമായ പി.പി.മുകുന്ദന്, എല്‍ഐസിയില്‍ ഉദ്യോഗസ്ഥനായിരുന്ന കോട്ടയത്തുകാരന് വിജയകുമാരന്‍ കര്‍ത്താ, ബാങ്ക് ഉദ്യോഗസ്ഥനായ ആലപ്പുഴക്കാരന് നാരായണന്, ഏറെക്കാലം പ്രചാരകനും മത്സ്യപ്രവര്ത്തനസംഘത്തിന്റെ സംസ്ഥാന ചുമതലക്കാരനുമായ തലശ്ശേരി തലായിക്കാരന് വി.പി.ദാസന് തുടങ്ങിയ പ്രഗത്ഭര്‍ അക്കൂട്ടത്തില്‍ പെടുന്നു. അവരില്‍ ആരെയെങ്കിലും പിന്നീട് കാണാന്‍ അവസരം വന്നാല്‍ അത് ഒട്ടേറെ ഓര്‍മകള്‍ ഉണര്‍ത്തുന്നു. ഓര്‍ക്കാന്‍ കഴിയാത്ത മുഖങ്ങളും ധാരാളമുണ്ട്.
കാലടിയിലെ മറക്കാനാവാത്ത മറ്റൊരു കാര്യം ദത്തോപന്ത് ഠേംഗ്ഡിജി കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രത്തെയും അതിന്റെ പ്രായോഗികതയെയും സഘത്തെയും താരതമ്യം ചെയ്ത് അവതരിപ്പിച്ച പ്രഭാഷണമായിരുന്നു. അങ്ങേയറ്റത്തെ ആത്മവിശ്വാസത്തോടെ ആ തത്വശാസ്ത്രത്തിന്റെ അസ്തമയവും സംഘത്തിന്റെ അനശ്വരതയും അദ്ദേഹം പ്രവചിച്ചു. സമാജത്തെയും സംഘത്തെയും വേര്‍തിരിക്കുന്ന അതിലോലമായ തനുസ്തരം അലിഞ്ഞില്ലാതായിത്തീരുമെന്നും അദ്ദേഹം പറഞ്ഞു. അതൊക്കെ അന്നു വിശ്വസിക്കാന്‍ പ്രയാസമായിരുന്നു.
ആലുവായിലെ പീഡിതസംഗമത്തില് അറുമുഖനെയും ജനതാ സുബ്രഹ്മണ്യനെയും കാണാനിടയായതും അടുത്തനാള്‍ തന്നെ വിജയേട്ടന്റെ അന്വേഷണമുണ്ടായതുമൊക്കെ അരനൂറ്റാണ്ടുകാലത്തെ ഓര്‍മകള്‍ പുതുക്കാന്‍ സഹായിച്ചുവെന്നുമാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: