തിരുവനന്തപുരം: ചികിത്സാ പിഴവു മൂലം രോഗിമരിച്ച സംഭവത്തില്‍ വനിതാ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നടത്തിയ മിന്നില്‍ സമരം ജനറല്‍ ആശുപത്രി സ്തംഭിപ്പിച്ചു. ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവച്ചതും ഒപികള്‍ പ്രവര്‍ത്തിപ്പിക്കാത്തതും ആയിരക്കണക്കിന് രോഗികളെ ദുരിതത്തിലാക്കി. ഭൂരിഭാഗം പേരും ചികിത്സ കിട്ടാതെ മടങ്ങി. മാതൃഭൂമിയിലെ ക്യാമറമാനായിരുന്ന റെജിമോനാണ് ചികിത്സാപിഴവിനെതുടര്‍ന്ന് മരിച്ചത്. മാധ്യമവാര്‍ത്തയെത്തുടര്‍ന്ന് റെജിയെ ചികിത്സിച്ച ഡോക്ടര്‍ ആയിഷയെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. സസ്പെന്ഷന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഡോക്ടര്‍മാര്‍ പണിമുടക്കിയത്. റജിമോന്റെ മരണവുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഡിഎംഒയും ഡിഎച്ച്എസും ആശുപത്രിയില്‍ സന്ദര്‍ശനം നടത്തുകയും ആരോഗ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡോക്ടര്‍ അയിഷയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.
ഡോക്ടര്‍മാരുടെ അപത്രീക്ഷിത സമരം ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ചികിത്സ തേടി എത്തിയ രോഗികളെ വലച്ചു. 18 ഒപികളിലായി 120ഓളം ഡോക്ടര്‍മാരാണ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കുന്നത്. എന്നാല്‍ ഇന്നലെ അഞ്ച് ഡോക്ടര്‍മാര്‍ മാത്രമാണ് ഡ്യൂട്ടിക്ക് എത്തിയത്. അത്യാഹിത വിഭാഗം പ്രവര്‍ത്തിച്ചിരുന്നെങ്കിലും നാമമാത്രമായ ഡോക്ടര്‍മാര്‍ മാത്രമാണുണ്ടായിരുന്നത്. എറെനേരം കാത്ത് നിന്ന ശേഷമാണ് പലര്‍ക്കും ഡോക്ടര്‍മാര്‍ക്ക് അടുത്തെത്താന്‍ കഴിഞ്ഞത്. അപകടത്തില്‍ പരിക്കേറ്റ് എത്തിയവരെ മെഡിക്കല്‍ കോളേജ് ആശുപത്രയിലേക്ക് മാറ്റുന്നുണ്ടായിരുന്നു. ഇഎന്‍ടി, മെഡിസിന്, സ്കിന്‍, ദന്തല്‍, സൈക്യാട്രി, അലര്‍ജി, കാര്‍ഡിയാക്, ഓര്‍ത്തോ, പിഡിയാട്രിക് വിഭാഗങ്ങള്‍ പൂര്‍ണമായും തടസപ്പെട്ടു. ബുധനാഴ്ച മാത്രമുള്ള സ്പെഷ്യല്‍ ക്ലിനിക്കുകളും നിര്‍ത്തിവച്ചത് രോഗികളെ വലച്ചു. സമരം പ്രഖ്യാപിച്ചതറിയാതെ നിരവധി രോഗികള്‍ ആശുപത്രിയില്‍ എത്തിയിരുന്നു. നിര്‍ധനരായ പലരും മറ്റു മാര്‍ഗമില്ലാതെ ആശുപത്രിവരാന്തയില്‍ ഇരിക്കുന്നത് ദയനീയ കാഴ്ചയായി.
അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം പ്രസ്ക്ലബ്ബിന്റെയും കെയുഡബ്ലുജെ ജില്ലാകമ്മിറ്റിയുടെയും നേതൃത്വത്തില്‍ പ്രസ്ക്ലബ്ബില്‍ നിന്നും ആരോഗ്യവകുപ്പ് ആസ്ഥാനത്തേക്ക് മാധ്യമപ്രവര്‍ത്തകര്‍ വായ്മൂടിക്കെട്ടി മാര്‍ച്ച് നടത്തി. റജിമോന്റെ മരണത്തിനുത്തരവാദികളായ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്വദേശമായ ആനയറ കുടവൂരില്‍ സര്‍വകക്ഷി ഹര്‍ത്താല്‍ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: