തളിപ്പറമ്പ്: സ്പീഡ് ഗവര്‍ണറുടെ ബന്ധം വിഛേദിച്ച് സര്‍വ്വീസ് നടത്തിയ ബസ്സുകള്‍ തളിപ്പറമ്പില്‍ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥന് പരിശോധിച്ചു. തളിപ്പറമ്പ് എം.വി.ഐ ശ്രീകുമാര്‍ നടത്തിയ പരിശോധനയില്‍ ചില ദീര്‍ഘദൂര ബസ്സുകള്‍ സ്പീഡ് ഗവര്‍ണ്ണര്‍ ബന്ധം വിഛേദിച്ചതായി കണ്ടെത്തി. ആ വാഹനങ്ങള്‍ ബസ്സ് സ്റ്റാന്‍ഡില്‍ പിടിച്ചിടുകയും ചെയ്തു. പിടിച്ചിട്ട ബസ്സിലെ യാത്രക്കാര്‍ മറ്റ് ബസ്സുകളില്‍ കയറിയാണ് യാത്ര തുടര്‍ന്നത്. പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുന്നതിനായി വൈകുന്നേരം സ്റ്റാന്‍ഡില്‍ കയറിയപ്പോഴാണ് പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം തളിപ്പറമ്പ് ടൗണില്‍ റോട്ടറി സര്‍ക്കിളിനടുത്ത് റോഡ് മുറിച്ചു കടക്കുകയായിരുന്ന തളിപ്പറമ്പ് റബ്ബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി മാനേജര്‍ ചെമ്പേരിയിലെ ഇ.സി.ജോസഫിനെ (52) വളരെ വേഗത്തില്‍ വന്ന സുമോ ഇടിച്ച് തെറിപ്പിച്ചിരുന്നു. പൂക്കോത്ത് നട കയറി വരുന്ന വാഹനങ്ങള്‍ക്ക് ഈ ഭാഗത്ത് വേഗത കൂടുതലാണ് എന്ന പരാതി പണ്ടേ ഉണ്ടായിരുന്നു. ദീര്‍ഘദൂര ബസ്സുകള്‍ പലതും മോട്ടോര്‍ വാഹന വകുപ്പ് അനുവദിച്ച വേഗത്തേക്കാള്‍ കൂടിയ വേഗത്തിലാണ് ഓടിക്കുന്നത്. സ്പീഡ് ഗവര്‍ണ്ണര്‍ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം വന്നപ്പോള്‍ പരിശോധനയും സീലിങും കാര്യക്ഷമമായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ സംവിധാനത്തിലും വെള്ളം ചേര്‍ക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: