കണ്ണൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങിളില്‍ സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ വ്യാപകമായി ആയുധം ശേഖരിക്കുന്നത് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച കണ്ണൂരിനെ കലാപഭൂമിയാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണെന്ന് ആര്‍എസ്എസ് ജില്ലാ കാര്യവാഹ് കെ.പ്രമോദ് പ്രസ്ഥാവനയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കൂത്തുപറമ്പിനടുത്ത സിപിഎം കേന്ദ്രമായ പഴയനിരത്തുനിന്നും മാരകായുധങ്ങള്‍ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് പ്രദേശത്തെ സിപിഎം ക്രിമിനലായ പി.എം.മനോരാജിനെ പോലീസ് അറസ്റ്റ് ചെയ്തത് വ്യക്തമാക്കുന്നത് നേതൃത്വത്തിന്റെ ഒത്താശയോടെയാണ് വന്‍ ആയുധ ശേഖരം നടന്നതെന്നാണ്. പിണറായിയുടെ സന്തതസഹചാരി പി.എം.മനോജിന്റെ സഹോദരനായ മനോരാജ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. അത്യുഗ്ര സ്ഫോടനശേഷിയുള്ള നിരവധി നാടന്‍ ബോംബുകളും, നാല്പതോളം വാളുകളും, വിദേശ നിര്‍മിത തോക്കും, നായ്ക്കുരണപ്പൊടിയുമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് സിപിഎം പത്രമായ ദേശഭിമാനി ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് മാരകായുധങ്ങള്‍ പിടികൂടി എന്ന് വാര്‍ത്ത നല്‍കിയത് ബോധപൂര്‍വ്വം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. ഇതു സംബന്ധിച്ച് നിലപാട് വ്യക്തമാക്കാന്‍ ജയരാജന് തയ്യാറാകണം.
കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായി അക്രമമുണ്ടാക്കാന്‍ വിവധ സിപിഎം കേന്ദ്രങ്ങളില്‍ വന്‍തോതില്‍ ആയുധ ശേഖരിച്ചിട്ടുണ്ട്. ഇന്നലെ സിപിഎം ശക്തികേന്ദ്രമായ മുടക്കോഴിമലയില്‍ നടത്തിയ റെയ്ഡില്‍ നിരവധി സ്റ്റീല്‍ ബോബുകള്‍ പിടികൂടിയിട്ടുണ്ട്. ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ സിപിഎം ക്രിമിനലുകളെ ഒളിവില്‍ പാര്‍പ്പിച്ചത് ഇവിടെയായിരുന്നു. പാനൂര്‍ ചെറ്റക്കണ്ടിയില്‍ ബോംബു നിര്‍മ്മാണത്തിനിടെ രണ്ട് സിപിഎമ്മുകാര്‍ കൊല്ലപ്പെട്ടിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളു. ജില്ലയില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാനും ജില്ലയെ ആയുധപ്പുരയാക്കാനുമുള്ള സിപിഎമ്മിന്റെ ആസൂത്രിത നീക്കത്തിനെതിരെ ജനങ്ങള്‍ കരുതിയിരിക്കണമെന്നും പ്രമോദ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: