തിരുവല്ല: റോഡ് നവീകരണത്തിന്റെ ഭാഗമായി ടികെ റോഡില്‍ ഇന്നലെ നടത്തിയ ടാറിംഗ് നഗരത്തെ നിശ്ചലമാക്കി. നഗരവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകള്‍ എല്ലാംതന്നെ ഒരുപോലെ കുരുക്കിലായതാണ് നഗരം മണിക്കൂറുകളോളം നിശ്ചലമാകാന്‍ ഇടയാക്കിയത്. ടികെ റോഡിന് തുടക്കം കുറിക്കുന്ന നഗരത്തിന്റെ ഹൃദയഭാഗമായ എസ്സ്സിഎസ്സ് ജംഗ്ഷനില്‍നിന്നും ടാറിംഗ് ആരംഭിച്ചതോടെയാണ് കുരുക്കിന് തുടക്കമായത്.
ഇതുമൂലം എംസിറോഡില്‍ അതിരാവിലെ മുതല്‍ ആരംഭിച്ച കരുക്കിന് ഏതാണ്ട് മൂന്നുമണിയോടെയാണ് ശമനമുണ്ടായത്. എംസിറോഡിലെ രാമന്‍ചിറ മുതല്‍ കുരിശുകവലവരെയുള്ള ഒരുകിലോമീറ്റര്‍ ദൂരം താണ്ടാന്‍ വാഹനങ്ങള്‍ക്ക് ഒന്നരമണിക്കൂറിലധികം സമയം വേണ്ടിവന്നു.
കുരുക്കിലായ നഗരത്തിലേക്ക് രോഗികളുമായി കടന്നുവന്ന ആംബുലന്‍സുകള്‍ പോലും കടത്തിവിടാന്‍ പോലീസ് നന്നേപാടുപെട്ടു. എംസിറോഡിനെയും ടികെ റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റിംഗ് റോഡുകള്‍ വഴി ഗതാഗതം തിരിച്ചുവിടുവാനുള്ള പോലീസിന്റെ ശ്രമവും പരാജയപ്പെട്ടു. കുരുക്കേറിയതോടെ തലങ്ങും വിലങ്ങും കുത്തിക്കയറ്റിയ ചെറുവാഹനങ്ങള്‍ കൊണ്ട് നഗരത്തിലെ ഇടവഴികളും തിങ്ങിനിറഞ്ഞു. എംസിറോഡിലൂടെ കടന്നുവന്ന ദീര്‍ഘദൂര ബസ്സുകള്‍ മണിക്കൂറുകളോളം കുരുക്കിലായത് യാത്രക്കാരെ വലച്ചു. സ്റ്റാന്റിലേക്ക് പ്രവേശിച്ച കെഎസ്ആര്‍ടിസി ബസ്സുകളിലേറെയും പുറത്തേക്ക് ഇറങ്ങാന്‍ കഴിയാതെ സ്റ്റാന്‍ഡിനുള്ളില്‍ കുടുങ്ങി.
തിരുവല്ലയില്‍ ആകമാനം രൂപപ്പെട്ട കുരുക്കഴിക്കാന്‍ കീഴ്വായ്പര് അടക്കമുള്ള സമീപസ്റ്റേഷനുകളില്നിന്നും കൂടുതല്‍ പോലീസിനെ രംഗത്തിറക്കി ക ഠിനശ്രമം നടത്തിയെങ്കിലും കുരുക്ക് നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞില്ല. എസ്സ്സിഎസ്സ് ജംഗ്ഷന് മുതല്‍ വൈഎംസിഎ വരെയുള്ള ഭാഗത്താണ് ഇന്നലെ ടാറിംഗ് നടത്തിയത്. യാതൊരുവിധ മുന്നറിയിപ്പുകളും നല്‍കാതെ പൊതുമരാമത്ത് വകുപ്പ് നഗരമദ്ധ്യത്തില്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ജനത്തിരക്കേറിയ നഗരത്തില്‍ പ്രവൃത്തിസമയം ഒഴിവാക്കി പ്രവൃത്തികള്‍ നടത്താന്അധികൃതര് തയ്യാറാവണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: