സ്വന്തംലേഖകന്‍
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് തന്റെ സ്ഥിരം മണ്ഡലമാക്കാനുള്ള തന്ത്രങ്ങളായിരുന്നു കെ.മുരളീധരന് പയറ്റി വന്നത്. കാലുപിടിച്ച് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാവുകയും ചെറിയാന് ഫിലിപ്പിനെ എതിരാളിയായി കിട്ടിയതിനാല്‍ ജയിക്കുകയും ചെയ്ത മുരളിക്ക് പ്രതീക്ഷിച്ച മന്ത്രിസ്ഥാനമോ കൊതിപ്പിച്ച ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനമോ കിട്ടിയില്ല. എങ്കിലും എംഎല്‍എ എന്ന നിലയില്‍ മണ്ഡലത്തില്‍ നിറഞ്ഞുനില്ക്കാന് ആവത് ശ്രമിച്ചു. മരണത്തിനും കല്യാണത്തിനുമെല്ലാം സാന്നിധ്യം. കരയോഗ സമ്മേളനങ്ങളിലും റസിഡന്റ്സ് അസോസിയേഷന് പരിപാടികളിലും മുഖം കാണിക്കുന്നത് നിര്‍ബന്ധം. റോഡ് അറ്റകുറ്റപ്പണി നടത്തിയാലും പത്തടിയിലധികം വലുപ്പത്തില്‍ ഫ്ളക്സ് ബോര്‍ഡ്. ഇങ്ങനെ പോയാല്‍ വട്ടിയൂര്‍ക്കാവ് മേലിലും മുരളിക്ക് സ്വന്തം എന്ന് കോണ്ഗ്രസ്സുകാര് മാത്രമല്ല എതിര്‍പാര്‍ട്ടിക്കാരും പറഞ്ഞു തുടങ്ങി.
എന്നാല്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടെ അതുമാറി. നേമം കഴിഞ്ഞാല്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ഏറ്റവും കൂടുതല്‍ വോട്ട് നല്കിയ മണ്ഡലമായി വട്ടിയൂര്‍ക്കാവ് മാറി. ഒ.രാജഗോപാലിന് നേമത്ത് നിന്ന് 50685ഉം വട്ടിയൂര്‍ക്കാവില്‍ നിന്ന് 43589 വോട്ടും സ്വന്തമാക്കാനായി. രണ്ടു മണ്ഡലങ്ങളിലും ഇരുമുന്നണി സ്ഥാനാര്‍ത്ഥികളെയും പിന്നിലാക്കി ബിജെപി ഒന്നാമതെത്തുകയും ചെയ്തു. കേരള നിയമസഭയില്‍ താമര വിരിയുമ്പോള്‍ അതിലൊന്ന് വട്ടിയൂര്‍ക്കാവില്‍ നിന്നാകും എന്ന സ്ഥിതി വന്നു.
മുരളീധരന് നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ കൈപ്പത്തിക്ക് കിട്ടിയ വോട്ടില്‍ (56531) പതിനാറായിരം വോട്ടിന്റെ കുറവാണ് ശശി തരൂരിന് (40663) കിട്ടിയത്. മണ്ഡലത്തില്‍ ആകെയുള്ള 141 ബൂത്തുകളില്‍ 82 ല്‍ ഒന്നാം സ്ഥാനത്തും 42 സ്ഥലത്ത് രണ്ടാംസ്ഥാനത്തും ബിജെപി എത്തി. വാര്‍ഡ് അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഒമ്പത് വാര്‍ഡുകളില്‍ ബിജെപി ഒന്നാം സ്ഥാനത്തെത്തി. ആകെയുള്ള 24ല്‍ എട്ടു വാര്‍ഡുകളില്‍ രണ്ടാമതും.
നഗരസഭാ തെരഞ്ഞെടുപ്പ് വേളയിലും മുരളീധരന്റെ ചങ്കിടിപ്പിക്കുന്നത് ഈ ഫലമാണ്. അത്തരമൊരു വിജയം ബിജെപി ആവര്‍ത്തിച്ചാല്‍ അഞ്ചുവര്‍ഷം കൃഷ്ണമണിപോലെ കാത്തുവച്ച മണ്ഡലം കൈവിട്ടുപോകുമെന്ന് ഉറപ്പ്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ അതിനുള്ള സാധ്യതയും ഏറെ. കോണ്ഗ്രസ്സുകാര് ജയിക്കുന്നതിനെക്കാള്‍ ഇടതു സ്ഥാനാര്‍ത്ഥികള്‍ മികച്ച പ്രകടനം കാഴ്ചവച്ച് ബിജെപിയുടെ വിജയം തടയണമേ എന്ന പ്രാര്‍ത്ഥനയിലും പ്രവര്‍ത്തനത്തിലുമാണ് കരുണാകര പുത്രന്.
കഴിഞ്ഞ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ നെട്ടയത്തുമാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. കോണ്‍ഗ്രസ്സിന്റെയും സിപിഎമ്മിന്റെയും പടക്കുതിരകളായ സ്ഥാനാര്‍ത്ഥികളെ തറപറ്റിച്ച് എം.ആര്.രാജീവ് ജയിച്ചു. വലിയവിളയില്‍ രണ്ടാം സ്ഥാനത്തും എത്തി.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വാര്‍ഡ് അടിസ്ഥാനത്തിലെ കണക്കു നോക്കിയാല്‍ പാതിരപ്പള്ളി, നെട്ടയം, വട്ടിയൂര്‍ക്കാവ്, കാഞ്ഞിരംപാറ, പിടിപി നഗര്‍, വലിയവിള, കൊടുങ്ങാനൂര്‍, പാങ്ങോട്, ചെട്ടിവിളാകം എന്നീ വാര്‍ഡുകളില്‍ ഒന്നാംസ്ഥാനം ബിജെപിക്ക് നേടാനായി. ഈ നേട്ടം കുറഞ്ഞത് ഇരട്ടിയെങ്കിലും ആക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം.
നെട്ടയത്ത് സീറ്റ് നിലനിര്‍ത്താന്‍ സിറ്റിംഗ് കൗണ്‍സിലര്‍ എം.ആര്.രാജീവിന്റെ ഭാര്യ സിന്ധുവിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. രാജീവിന്റെ ഭാര്യ എന്നതിലുപരി മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് എന്ന നിലയിലും നാട്ടുകാര്‍ക്ക് സുപരിചിതയാണ് സിന്ധു.
നെട്ടയത്ത് കഴിഞ്ഞ തവണ ഉണ്ടാക്കിയ അട്ടിമറി ജയം വാഴോട്ടുകോണത്ത് ആവര്‍ത്തിക്കാന്‍ അവിടെ എം.ആര്.രാജീവ് ജനവിധി തേടുന്നു. കഴിഞ്ഞ തവണ നിസാര വോട്ടുകള്‍ക്ക് കൈവിട്ട വലിയവിള പിടിക്കാന്‍ അഭിഭാഷകനായ ഗിരികുമാറിനെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. ബിജെപി വിജയം ഉറപ്പിക്കുന്ന പാതിരപ്പള്ളിയില്‍ വി.കൃഷ്ണന്‍കുട്ടി നായരാണ് സ്ഥാനാര്‍ത്ഥി. ലോക്സഭാ മത്സരത്തില്‍ ഒ.രാജഗോപാല്‍ നേടിയ ഒന്നാംസ്ഥാനം നിലനിര്‍ത്താന്‍ കാഞ്ഞിരംപാറയില്‍ പി.സുനില്‍കുമാറും പിടിപി നഗറില്‍ കെ.കോളമകുമാരിയും കൊടുങ്ങാനൂരില്‍ കെ.ഹരികുമാറും പാങ്ങോട് മധുസൂദനന് നായരും ചെട്ടിവിളാകത്ത് ആര്.ദിനേശ്കുമാറും പ്രചാരണരംഗത്ത് ഏറെ മുന്നേറിക്കഴിഞ്ഞു.
കവടിയാര്‍ കൊട്ടാരവും രാജ്ഭവനും ഒക്കെ സ്ഥിതി ചെയ്യുന്ന കവടിയാര്‍ വാര്‍ഡില്‍ ഇത്തവണ താമര വിരിയുമെന്ന പ്രതീക്ഷയിലാണ്. സംസ്ഥാന വൈസ്പ്രസിഡന്റ് ഡോ.പി.പി. വാവയാണ് ബിജെപി സ്ഥാനാര്‍ത്ഥി. മത്സരരംഗത്തുള്ള ഏക സംസ്ഥാന നേതാവും വാവയാണ്. സിപിഎം കുത്തക മണ്ഡലവും മുന്‍ മേയര്‍ പ്രൊഫ. ചന്ദ്രയുടെ വാര്‍ഡുമായ പേരൂര്‍ക്കടയില്‍ മണ്ണാമ്മൂല സുകു ഇത്തവണ താമര വിരിക്കുമെന്ന പ്രതീക്ഷയിലാണ്. മണ്ഡലത്തിലാകെ വ്യക്തിബന്ധമുള്ള സുകു ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ വളരെ മുന്നിലെത്തിക്കഴിഞ്ഞു. സ്വന്തം ജ്യേഷ്ഠന് മണ്ണാമ്മൂല രാജനാണ് പ്രധാന എതിര് സ്ഥാനാര്‍ത്ഥി എന്ന പ്രത്യേകതയുമുണ്ട്. ഇരുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കും ശക്തരായ റിബലുകള്‍ ഉണ്ട് എന്നതും പേരൂര്‍ക്കടയുടെ പ്രത്യേകതയാണ്. തൊട്ടടുത്ത തുരുത്തുംമൂലയില്‍ വി. വിജയകുമാര്‍ വിജയസാധ്യതയില്‍ ഏറെ മുന്നിലാണ്. മുന്‍ പഞ്ചായത്ത് അംഗമായ വിജയകുമാറിനെ അപേക്ഷിച്ച് എതിര് സ്ഥാനാര്‍ത്ഥികള്‍ ദുര്‍ബലരാണ് എന്നത് ബിജെപിക്ക് ഗുണം ചെയ്യും.
നാലാഞ്ചിറയില്‍ എസ്.ബീനയും കേശവദാസപുരത്ത് എം.പി അഞ്ജനയും മെഡിക്കല്‍ കോളേജ് വാര്‍ഡില്‍ എസ്. ദിവ്യയും കുടപ്പനക്കുന്നില്‍ ജെ.ഷീജയും മുട്ടടയില്‍ സി.ഗീതാകുമാരിയും പ്രചാരണ രംഗത്ത് ആദ്യമേ ഇറങ്ങിയതിന്റെ മുന്‍തൂക്കവുമായി വിജയ പ്രതീക്ഷയില്‍ തന്നെയാണ്. മണ്ണന്തലയില്‍ 15 വര്‍ഷമായി ഭാര്യയും ഭര്‍ത്താവും മാറിമാറി ഭരിക്കുന്നതിലുള്ള എതിര്‍പ്പ് തന്റെ വിജയം എളുപ്പമാക്കുമെന്ന വിശ്വാസത്തിലാണ് ബിജെപിയുടെ ശ്യാംചന്ദ്രന്‍.
നിലവിലെ കൗണ്‍സിലില്‍ അംഗങ്ങളായ പാളയം രാജനും ലീലാമ്മയും ഇടതു വലതു സ്ഥാനാര്‍ത്ഥികളായി ഏറ്റുമുട്ടുന്ന നന്തന്‍കോട് വാര്‍ഡില്‍ ബിജെപിയുടെ കെ.ജയചന്ദ്രന് നായരും വിജയ പ്രതീക്ഷയിലാണ്. നിലവിലെ കൗണ്‍സിലര്‍മാര്‍ എന്നതു തന്നെയാണ് എതിര്‍സ്ഥാനാര്‍ത്ഥികളുടെ കുറവ്. കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ് സീറ്റായ കുന്നുകുഴിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കം തുണയാകുക ബിജെപിയുടെ എസ്.മഹേഷിനാകും.
വനിതാ വാര്‍ഡുകളായ ശാസ്തമംഗലം (പാര്‍വ്വതിശങ്കര്‍), കുറവന്‍കോണം( പൂര്‍ണിമ എസ്.നായര്‍), തൈക്കാട് (ടി.ശ്രീലത), വഴുതക്കാട് (എസ്.ലത) എന്നിവിടങ്ങളിലും പുതിയ രാഷ്ട്രീയ സാഹചര്യത്തിനൊപ്പം മികച്ച സ്ഥാനാര്‍ത്ഥികള്‍ എന്ന മുന്‍തൂക്കവും ബിജെപിക്ക് തുണയാകും.
പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ട് പഠിത്തത്തില്‍ മിടുക്കുകാട്ടിയ രമ്യാ രമേശിന്റെ സ്ഥാനാര്‍ത്ഥിത്വം പട്ടത്ത് ബിജെപി വിജയം ഏറെക്കുറെ ഉറപ്പാക്കിയിരിക്കുകയാണ്. കിണവൂരില്‍ എം. തങ്കപ്പനും കാച്ചാണിയില്‍ സി.ആര്.സുദര്‍ശനനും കണ്ണമ്മൂലയില്‍ അഡ്വ.വി.സന്ദീപ്കുമാറും തികച്ചും വിജയപ്രതീക്ഷയില്‍ തന്നെയാണ് താമര ചിഹ്നത്തില്‍ വോട്ടു തേടുന്നത്.
ശക്തി തെളിയിക്കാനുള്ള മത്സരം എന്നതിലുപരി ജയത്തിനായുള്ള പോരാട്ടം എന്ന നിലയിലാണ് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ 24 വാര്‍ഡുകളിലും ബിജെപിയുടെ പ്രവര്‍ത്തനം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ ആയി കാണാവുന്ന മത്സരം നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിക്കുന്നത് കെ.മുരളീധരനെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: