തിരുവല്ല: കടപ്ര മാന്നാര്‍ മഹാലക്ഷ്മി ക്ഷേത്രത്തില്‍ മോഷണം. ഏഴു കാണിക്കവഞ്ചികളും പണവും മോഷ്ടാക്കള്‍ കവര്‍ന്നു. ശ്രീകോവിലിന്റെ നടയില്‍ ജീവനുള്ള വരാല് മത്സ്യത്തെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെ നാലിന് കഴകക്കാരന് ശിവരാമന്നായര് ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
ഇവിടെ നവരാത്രി ഉത്സവം സമാപിച്ചതിന്റെ പിറ്റേദിവസമാണ് മോഷണം നടന്നത്. ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചികളും വഴിപാട് കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന പണവുമാണ് മോഷ്ടിക്കപ്പെട്ടത്. ഏകദേശം അമ്പതിനായിരത്തോളം രൂപ മോഷണം പോയതായി കണക്കാക്കുന്നു.
ശ്രീകോവിലിന്റെ മുന്നിലെ ഇരുമ്പ് ഗ്രില്ലും പിത്തളപൂട്ടും തകര്‍ത്തിട്ടുണ്ട്. ശിവക്ഷേത്രത്തിന്റെ ശ്രീകോവിലും തകര്‍ത്തനിലയിലാണ്. ഓഫിസിലെ അലമാരയുടെ പൂട്ടും തകര്‍ത്തു. എന്നാല്‍ ഇതിനുള്ളില്‍ സൂക്ഷിച്ചിരുന്നത് ഒന്നും നഷ്ടമായിട്ടില്ല.
രണ്ടുവര്‍ഷം മുമ്പും ഇത്തരത്തില്‍ ക്ഷേത്രത്തില്‍ മോഷണം ഉണ്ടായിട്ടുണ്ടെന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് അഡ്വ. ചന്ദ്രശേഖരന്‍പിള്ള പറഞ്ഞു. സംഭവമറിഞ്ഞ് ബിജെപി ദക്ഷിണ കേരള മേഖലാ പ്സിഡന്റ് കെ.ആര്. പ്രതാപചന്ദ്രവര്‍മ്മ, എസ്എന്‍ഡിപി താലൂക്ക് സെക്രട്ടറി മധുപരുമല, മാത്യു ടി തോമസ് എം എല്‍ എ, ഡിവൈഎസ്പി കെ. ജയകുമാര്‍, സിഐ വി.രാജീവ് എന്നിവര്‍ സ്ഥലത്തെത്തി. വിരലടയാളവിദഗ്ദരും ഡോഗ്സ്ക്വാഡും പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: