ജീവിതത്തില്‍ ജയിക്കണമെന്നു മോഹിക്കാത്തവരാരുണ്ട്?. എന്നാല്‍ മോഹം കൊണ്ടുമാത്രം ആരും ജയിച്ചിട്ടില്ല. ജയിക്കണമെങ്കില്‍ ജയിക്കാനായി ജീവിക്കണം. അതിനുവേണ്ട ടെക്നിക്കുകള്‍ അറിയണം, അവ സ്വായത്തമാക്കിയിരിക്കണം. എന്നാല്‍ ജയിക്കാനുള്ള സൂത്രം പറഞ്ഞുതരാനാരുണ്ട്. ആര്ക്കാണതിന് കെല്പ്പുണ്ടാകുക. ആര്‍ക്കാണതിനുള്ള സന്മസുണ്ടാകുക. വിഷയം അത്ര ലളിതമല്ല. എന്നാല്‍ ഗൗരവമായ വിജയമന്ത്രം കൈക്കുമ്പിളിലെടുത്ത് ‘ലാവിഷാ’യി വിളമ്പിത്തരാന്‍ ഒരു അക്ഷയപാത്രം. അതിജീവനത്തിന്റെ അതിരഹസ്യം ഒളിപ്പിച്ചുവെച്ചിരിക്കുന്ന അത്ഭുതച്ചെപ്പ്. അതാണ് ഡോ. അനില്‍കുമാര്‍ വടവാതൂരിന്റെ ‘ജയിച്ചു ജീവിക്കുവാന്‍’ എന്ന പുസ്തകം.
മൂല്യങ്ങളുടെ തണ്ണീര്‍ത്തടങ്ങള്‍ വറ്റിവരണ്ടുകൊണ്ടിരിക്കുന്ന സമൂഹത്തില്‍, നന്നാവാന്‍ നാലക്ഷരം പറഞ്ഞു തരാനും മുതിരാത്ത കാലഘട്ടത്തില്‍, ജീവിതഭാരത്തിന്റെ കരകാണാക്കയത്തില്‍ മുങ്ങിത്താഴുന്നവരെ കൈപിടിച്ചുയര്‍ത്തി രക്ഷപ്പെടുത്താനാരും മുന്നോട്ടു വരാന്‍ മടിക്കുന്ന പരിതസ്ഥിതിയില്‍, ഡോ. അനില്‍ കുമാറിന്റെ ഈ പുസ്തകം ഒരു ദിവ്യാമൃതം തന്നെ. കാര്യക്ഷമമായ കര്മകര്ത്തവ്യങ്ങളിലൂടെ ഉദാത്തമായ ജീവിതം നയിക്കാനും വിജയത്തിന്റെ പടവുകള്‍ ഒന്നൊന്നായി ചവിട്ടിക്കയറാനും സഹായിക്കുന്ന കര്‍മകാണ്ഡം.
പ്രപഞ്ചത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളുന്ന ഓങ്കാരത്തിന് അക്ഷരങ്ങള്‍ മൂന്ന്, ലോകങ്ങള്‍ മൂന്ന്, ഗുണങ്ങള്‍ മൂന്ന്, സൃഷ്ടിസ്ഥിതി സംഹാര മൂര്‍ത്തികള്‍ മൂന്ന്. എന്നാല്‍ ജീവിത വിജയരഹസ്യം മൂന്നല്ല, മറിച്ച് മൂന്നിന്റെ ഗുണിതമായ മുപ്പത്തിമൂന്ന് പടികള്‍. അത്രയും ലഘു അദ്ധ്യായങ്ങള്‍ ഈ പുസ്തകത്തില്‍ അടക്കിയിരിക്കുന്നു. സംഗീത സാഹിത്യ മണ്ഡലത്തില്‍ വിജയത്തിന്റെ സര്‍വജ്ഞപീഠം കയറിയ സാക്ഷാല്‍ കാവാലം നാരായണപ്പണിക്കരെഴുതിയ അവതാരികയില്‍ കടുകുമണിയില്‍ കടലിനെ ഉള്‍ക്കൊള്ളിച്ച ഒരു ‘കുറള്‍’ ആയി ഈ ഗ്രന്ഥത്തെ അവതരിപ്പിക്കുന്നു.
ഈ വിശ്വത്തില്‍ ആരെയാണ് വിശ്വസിക്കേണ്ടത് എന്ന ചോദ്യത്തിനുത്തരം നല്കിക്കൊണ്ടു തുടങ്ങുന്ന പുസ്തകത്തില്‍ ലക്ഷ്യങ്ങളെ ബഹുമാനിക്കാനും വിനയത്തിന്റെ വലിപ്പം മനസ്സിലാക്കാനും വര്‍ത്തമാനം പറയാനും പറയാതിരിക്കാനും വാക്കുപാലിക്കുന്നതുള്പ്പെടെയുള്ള മര്യാദാ മാര്‍ഗങ്ങള്‍ അവലംബിക്കാനും സമയം മാനേജ് ചെയ്യാനും മറ്റുമുള്ള തന്ത്രങ്ങള്‍ രസകരമായി വര്‍ണിച്ചിട്ടുണ്ട്. കഥകളിലൂടെ കാര്യം പറയുന്ന ഒരുത്തമ പുസ്തകം. കുതിരവണ്ടിക്കാരനാകാന് കൊതിച്ച നരേന്ദ്രനെ പാര്ത്ഥസാരഥിയോളം വളരാന്‍ പ്രേരിപ്പിച്ച ഉള്പ്രേരകശക്തിയുടെ രസതന്ത്രം ഈ പുസ്തകത്തിലൂടെ നമുക്ക് പറഞ്ഞുതരുന്നു, അനില്‍ കുമാര്‍.
അമിതമായ ആത്മവിശ്വാസവും അഹങ്കാരവും തമ്മിലുള്ള അതി സങ്കീര്‍ണമായ അതിരുകളും അതിര്‍വരമ്പുകളും വ്യക്തമായി ഇവിടെ വരച്ചുകാട്ടിത്തരുന്നു. ഗംഗയെ ഭൂമിയില്‍ കൊണ്ടുവന്ന ഭഗീരഥന്റെ പ്രയത്നങ്ങളും ശിബി മഹാരാജാവിന്റെ ത്യാഗബോധത്തേയും ഒരേ തുലാസ്സില്‍ തൂക്കുന്ന ഗ്രന്ഥകാരന് തന്റെ അറിവിന്റെ ചക്രവാളത്തിനപ്പുറത്തേക്ക് ആവേശത്തോടെ കുതിച്ചു പായുന്നു. എല്ലാ ജീവികള്‍ക്കും ഓരോ നല്ല പാഠം പറഞ്ഞുതരാനുണ്ടെന്ന വേദ സദൃശ്യമായ വ്യുല്‍പ്പത്തി കൊമ്പുകൂര്പ്പിക്കുന്ന പേടമാനിലൂടെയും തൈരില്‍ വീണ തവളയിലൂടെയും അനുവാചകന്റെ ഹൃദയത്തിലാണ്ടു പതിക്കുന്നു.
ടെന്‍ഷന്‍ മാറ്റാന്‍ പെന്ഷന് പറ്റേണ്ടതില്ലെന്നും പ്രഷര്കുക്കറിന് സമമായി തള്ളിനീക്കുന്ന ജീവിതം പ്ലഷര്കുക്കറാക്കി മാറ്റാന്‍ കഴിയുമെന്നും മനസ്സിലാക്കാന്‍ ഈ പുസ്തകം പ്രമാണം. ഓരോ അദ്ധ്യായത്തിന്റേയും അവസാനം പെട്ടിക്കുള്ളിലാക്കി കാണിക്കുന്ന ടിപ്പുകള്‍ പ്രായോഗിക ജീവിതത്തില്‍ പ്രയോഗിച്ചാല്‍ മാത്രം മതി പാതിവിജയം സുനിശ്ചിതം. മനസിനെ മാനേജ് ചെയ്യാന്‍ സഹായിക്കുന്ന മഹത്തായ പല ഗ്രന്ഥങ്ങളും ഉണ്ടെങ്കിലും മലയാളത്തില്‍ ഈ പുസ്തകം വേറിട്ടുനില്ക്കുന്നു. ലളിതമായ ഭാഷാശൈലി, സുന്ദരമായ പ്രതിപാദ്യം, മനോഹരമായ ആവിഷ്കാരം, അര്‍ത്ഥഗര്‍ഭമായ കഥകളുടെ കൃത്യമായ കൂട്ട് എന്നിങ്ങനെ പറയാന്‍ നിരവധി സവിശേഷതകള്‍.
വ്യക്തിത്വത്തിന് വിലകല്‍പ്പിക്കാത്ത ഈ കാലഘട്ടത്തില്‍ വ്യക്തിത്വ വികസനത്തെ വിശ്ലേഷണം ചെയ്ത് വിജയിക്കാനുള്ള ദിവൗഷധം ഈ പുസ്തകത്തില്‍ നിന്നും ലഭിക്കുന്നു. അനേകം ശാസ്ത്ര പുസ്തകങ്ങളിലൂടെ മലയാളിക്ക് ശാസ്ത്രബോധം സൃഷ്ടിച്ചെടുത്ത അനില്‍കുമാര്‍ വടവാതൂരിന്റെ മറ്റൊരു ശൈലി ഈ പുസ്തകത്തില്‍ കാണാം. ചെറുപ്പക്കാരും കുട്ടികളും അത്യാവശ്യം വായിച്ചിരിക്കേണ്ട പുസ്തകം. ഏതൊരു സാധാരണക്കാരനേയും വിജയത്തിന്റെ സര്‍വജ്ഞപീഠത്തില്‍ കയറ്റിയിരുത്താനും അനില്‍കുമാര്‍ വടവാതൂരിന്റെ ഈ ഗ്രന്ഥത്തിന് കഴിയുമെന്ന് തീര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: