കാട്ടാക്കട: നൂറ്റാണ്ടുകള്‍ പഴക്കമുള്ള നെയ്യാര്‍ഡാമിലെ കാളിപ്പാറ ലോകാംബിക ക്ഷേത്രം വ്യാഴാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലില്‍ നിലംപതിച്ചു. സമുദ്ര നിരപ്പില്‍ നിന്ന് രണ്ടായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്തിരുന്ന മഹാക്ഷേത്രം പൂര്‍ണ്ണമായി തകര്‍ന്നുവീണു. നെയ്യാര്‍ഡാമില്‍ ഏതു കോണില്‍ നിന്നാലും വിദൂരദൃശ്യമായി കാണപ്പെടുന്ന ക്ഷേത്രം കാളിപ്പാറയിലെ ചരിത്രശേഷിപ്പുകൂടിയായിരുന്നു.ആറു വര്‍ഷം മുമ്പ് പത്തുലക്ഷത്തോളം രൂപ ചെലവഴിച്ച് പുനരുദ്ധാരണം നടത്തിയ ക്ഷേത്രം കരിങ്കല്ലില്‍ തീര്‍ത്തതായിരുന്നു. ഉഗ്രശക്തിയുള്ള ബോംബ് പതിച്ചതുപോലെ ക്ഷേത്രം ഇടിമിന്നലില്‍ തകരുകയായിരുന്നു. സമീപത്തുള്ള ശാസ്താക്ഷേത്രത്തിന് കേടുപാടുകളില്ല. ലോകാംബികാ ക്ഷേത്രം പൊട്ടിച്ചിതറിയെങ്കിലും ഏകശിലയില്‍ തീര്‍ത്ത വിഗ്രഹം മാത്രം കരിങ്കല്‍ കൂട്ടങ്ങള്‍ക്കിടയില്‍ കേടുകളില്ലാതെ ശേഷിക്കുന്നു.
വ്യാഴാഴ്ചയുണ്ടായ ശക്തമായ മഴയത്തും കാളിപ്പാറ മുകളിലെ ലോകാംബിക ക്ഷേത്രം നെയ്യാര്‍ഡാമില്‍ നില്‍ക്കുകയായിരുന്ന സഞ്ചാരികള്‍ കണ്ടിരുന്നു. മഴ തോര്‍ന്നശേഷം നോക്കുമ്പോള്‍ ക്ഷേത്രം കാണാനില്ല. ഇതോടെ നെയ്യാര്‍ഡാമിലുള്ള ആളുകള്‍ ക്ഷേത്ര ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ചേര്‍ന്നു കാളിപ്പാറയിലെത്തി നോക്കിയപ്പോഴാണ് ക്ഷേത്രം തകര്‍ന്നു കിടക്കുന്നത് കണ്ടത്. ഇരുപത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കാളിപ്പാറ ലോകാംബിക ക്ഷേത്ര ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ആടുവള്ളി മോഹു അറിയിച്ചു. സ്വയംസേവകരും നാട്ടുകാരും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ക്ഷേത്രം നാടിന്റെ സാംസ്കാരിക കേന്ദ്രം കൂടിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: