തിരക്കുള്ള ഭര്‍ത്താവ്, എപ്പോഴും യാത്രകള്‍, സാമുദായിക പ്രവര്‍ത്തനങ്ങള്‍. എങ്ങനെ പൊരുത്തപ്പെടുന്നു?
അദ്ദേഹത്തിന്റെ സാമീപ്യം തനിക്കുമാത്രമവകാശപ്പെട്ടതാണെന്ന് ഏതൊരു ഭാര്യയേയും പോലെ ഞാനും ആഗ്രഹിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. 18-ാമത്തെ വയസിലാണ് ഞാന്‍ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വരുന്നത്. ഒരു വലിയ ബിസിനസ് സാമ്രാജ്യത്തില്‍ നിന്ന് സാമുദായിക പ്രവര്‍ത്തനങ്ങളിലേക്ക് കടന്നുവരുമ്പോള്‍ ഉണ്ടായേക്കാവുന്ന അസത്യ പ്രചാരണങ്ങളെ ഞാന്‍ അന്നേ ഭയപ്പെട്ടിരുന്നു. എന്നെ വിവാഹം കഴിക്കുന്ന സമയത്ത് കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റായി സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു അദ്ദേഹം. സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ജീവിത നിയോഗമെന്ന് എനിക്ക് മനസിലാക്കിത്തന്നത് ശാശ്വതീകാനന്ദസ്വാമിയാണ്. പതുക്കെ ഞാനും അതിനോട് പൊരുത്തപ്പെടുകയായിരുന്നു.
എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തിലേക്ക് വരുന്നതിനെ എതിര്‍ത്തിരുന്നോ?
ഒരുപാടെതിര്ത്തിരുന്നു. എന്റെ അച്ഛന് ശാര്‍ങധരന്‍ മുതലാളിക്ക് യോഗത്തിന്റെ നേതൃത്വം വഹിച്ച ആര്. ശങ്കറും രാഘവന് വക്കീലുമായി വളരെ നല്ല അടുപ്പമുണ്ടായിരുന്നു. അവരൊക്കെ അന്ന് അനുഭവിച്ചത് ഞാന്‍ നേരിട്ട് കണ്ടതാണ്. ആ സ്ഥാനത്തേക്കാണ് വെള്ളാപ്പള്ളി വരുന്നതെന്നറിഞ്ഞപ്പോള്‍ ഒരുപാടെതിര്‍ത്തു. യോഗത്തിന്റെ നേതൃത്വത്തിലേക്ക് വരുന്നതിനു മുന്നേ അദ്ദേഹത്തെ എസ്എന്‍ ട്രസ്റ്റിന്റെ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. കൊങ്കണ്‍ റെയില്‍വേ ഉള്‍പ്പെടെയുള്ള കരാറുജോലികള്‍ ഏറ്റെടുത്തു നടത്തുന്ന സമയമായിരുന്നു അത്. ആയിടെയാണ് യോഗത്തിന്റെ നേതൃത്വം നടേശേട്ടന്‍ വഹിക്കണമെന്ന് സ്വാമി ശാശ്വതീകാനന്ദ നിര്‍ദ്ദേശിച്ചത്. ഞാനതിനെ എതിര്‍ത്തു. സമുദായത്തിനും, ശിവഗിരി മഠത്തിനും അപചയം സംഭവിക്കുമ്പോള്‍ ഒരു സന്യാസിയായ ഞാന്‍ പ്രീതിയോട് ഭിക്ഷ യാചിക്കുകയാണ് എന്നാണ് സ്വാമിജി പറഞ്ഞത്. എന്റെ ആശങ്കകള്‍ മനസിലാക്കിയ അദ്ദേഹം ഗുരുദേവനെ ശരണം പ്രാപിക്കുവാന്‍ ഉപദേശിച്ചു.
ഗുരുദേവനു നേരെ നടക്കുന്ന അവഹേളനങ്ങളെക്കുറിച്ച് എങ്ങനെ പ്രതികരിക്കുന്നു?
സാമൂഹ്യപരിഷ്കര്‍ത്താവെന്ന് നിങ്ങള്‍ വിളിച്ചാലും ഈഴവ സമുദായത്തിന് ഗുരുദേവന് ദൈവം തന്നെയാണ്. വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കുവാനുള്ള പക്വത നേതാക്കള്‍ കാണിക്കണം.
ദല്‍ഹിയില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച സംഘത്തിലെ ഏകവനിതയായിരുന്നുവല്ലോ. ഏത് തരം സ്വീകരണമാണ് അവിടെ ലഭിച്ചത്?
അതിന്റെ പേരില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവാദങ്ങള്‍ കാണുന്നില്ലേ. മൂന്ന് പതിറ്റാണ്ടുകള്‍ക്കുമുമ്പ് നടേശേട്ടനെ വധിക്കുവാന്‍ ഒരു ശ്രമം നടന്നിരുന്നു. അന്ന് മുതല്‍ എല്ലാ യാത്രകളിലും ഞാനും ഒപ്പം കൂടാറുണ്ട്. വനവാസത്തിനുപോയ രാമനെ അനുഗമിച്ച സീതയെ പൂജിക്കുന്നവരല്ലെ നമ്മള്. എന്റെ ഭര്‍ത്താവിന്റെയും മകന്റെയും കൂടെ പോയതിന് ഇത്ര വിവാദങ്ങളുണ്ടാക്കേണ്ട കാര്യമുണ്ടോ. പ്രധാനമന്ത്രിമാരുള്പ്പടെ എത്രയോ രാഷ്ട്രീയനേതാക്കളെ ഇതിനുമുമ്പും കണ്ടിട്ടുണ്ട്. അന്നൊന്നും ലഭിക്കാത്ത സ്വീകരണമായിരുന്നു ഇത്തവണ. നമ്മുടെ സ്വന്തം വീട്ടിലേക്ക് കയറി ചെല്ലുന്നതായേ തോന്നിയുള്ളു. നരേന്ദ്രമോദി ഭരിക്കുന്ന ഭാരതത്തിലാണ് ഞാന്‍ ജീവിക്കുന്നതെന്നോര്‍ത്ത് അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. എല്ലാവരും മാതൃകയാക്കേണ്ട വ്യക്തിത്വമാണ് അദ്ദേഹത്തിന്റെത്.
ബിജെപി- എസ്എന്‍ഡിപി കൂട്ടുകെട്ടിന്റെ പേരില്‍ ഇടതു-വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്തി ആക്രമിക്കുകയാണല്ലോ. ഇതേക്കുറിച്ച് എപ്പോഴെങ്കിലും അദ്ദേഹം ഭയത്തോടെ സംസാരിച്ചിട്ടുണ്ടോ?
ഒരിക്കലുമില്ല. തീയില്‍ കുരുത്തതാണദ്ദേഹം. ആരോപണങ്ങള്‍ നേരിടുന്നത് ആദ്യമായല്ല. ആലപ്പുഴ ഡിസിസി പ്രസിഡന്റ് ഷുക്കൂറും, സുധീരനും, കെ.സി. വേണുഗോപാലും എത്രയോ തവണ അദ്ദേഹത്തിനെതിരെ അസത്യ പ്രചാരണങ്ങള്‍ നടത്തിയിരിക്കുന്നു. അച്യുതാനന്ദനും കൂട്ടരും ഒരു വര്‍ഷം മുഴുവന്‍ ഞങ്ങളുടെ വീടിന് മുന്നില്‍ കുത്തിയിരുന്ന് സമരം നടത്തിയില്ലേ. സിബിഐ ഉള്‍പ്പെടെ എത്രയോ അന്വേഷണങ്ങള്‍ നേരിട്ടു. ഗുരുദേവകൃപകൊണ്ട് എല്ലാത്തിലും സത്യം തെളഞ്ഞില്ലേ. വെള്ളാപ്പള്ളി നടേശന് ഇത്രയും വര്‍ഷങ്ങള്‍ യോഗത്തെ നയിക്കുമെന്നും, ഭൂരിപക്ഷ സമുദായ ഐക്യം എന്നൊരാശയത്തില് ഒരു രാഷ്ട്രീയമുന്നണിയുടെ രൂപീകരണത്തിന് കാരണമാകുമെന്നും അവര്‍ വിചാരിച്ചില്ല. ശാശ്വതീകാനന്ദസ്വാമിയുടെ മരണവുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്ന ആരോപണങ്ങള്‍ എല്ലാം ഇതിന്റെ ബാക്കിപത്രമാണ്. വി.എസ്. അച്യുതാനന്ദന് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച സമയത്ത് അദ്ദേഹത്തിനു വേണ്ടി വോട്ട് പിടിക്കുവാന്‍ ഞാനും നടേശേട്ടനും രാപകലില്ലാതെ കഷ്ടപ്പെട്ടിട്ടുണ്ട്. സ്വന്തമായി യാതൊരു നിലപാടുകളുമില്ലാത്ത വിഎസിനുവേണ്ടി വോട്ട് ചോദിച്ചിറങ്ങിയതോര്ത്ത് ഞാനിപ്പോള്‍ ലജ്ജിക്കുകയാണ്. രാജ്യം ഭരിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവിനെ കാണാന്‍ പോയപ്പോഴല്ലെ വെള്ളാപ്പള്ളി ഇവര്‍ക്കൊക്കെ അനഭിമതനായത്.
വെള്ളാപ്പള്ളി നടേശന് എസ്എന്‍ഡിപി യോഗത്തെ ഒരു കുടുംബയോഗമാക്കി മാറ്റി എന്ന് വിമര്‍ശിക്കുന്നവരോട് എന്താണ് പറയാനുള്ളത്?
അദ്ദേഹത്തിന്റെ ഭാര്യയായി വരുന്നതിനുമുന്നേ ഞാന്‍ എസ്എന്‍ ട്രസ്റ്റ് അംഗമാണ്. വിവാഹം കഴിഞ്ഞു സാധാരണയായി ലഭിക്കുന്ന അംഗത്വം മാത്രമേ എനിക്ക് എസ്എന്‍ഡിപി യോഗത്തിലുള്ളൂ. ആദ്യകാലങ്ങളില്‍ ശാഖായോഗങ്ങള്‍ മാത്രമേ യോഗത്തിനുണ്ടായിരുന്നുള്ളു. ആദ്ധ്യാത്മിക വിദ്യാഭ്യാസം ഈഴവ സമുദായത്തിന് ലഭിക്കണമെന്നുളള ഉദ്ദേശ്യത്തോടെയാണ് കുടുംബയൂണിറ്റുകള്‍ ആരംഭിച്ചത്. ഇന്ന് ബാലസഭയില്‍ തുടങ്ങി വൃദ്ധരായവര്ക്കുവേണ്ടിയുള്ള സംഘടനയുള്‍പ്പെടെ 15 ഓളം സംഘടനകള്‍ എസ്എന്ഡിപിക്കുണ്ട്. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും യോഗത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകണമെന്ന ചിന്തയിലാണ് ഇത്രയും സംഘടനകള്‍ രൂപീകരിച്ചത്. കുടുംബത്തിലെ എല്ലാവരേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കൂട്ടുകുടുംബം തന്നെയാണ് എസ്എന്‍ഡിപി.
ആരുടെ മുഖത്തുനോക്കിയും സത്യം വിളിച്ചു പറയുന്ന ജനറല്‍ സെക്രട്ടറി വീട്ടിലെങ്ങനെയാണ്. ദേഷ്യപ്പെടാറുണ്ടോ?
ഇഷ്ടമില്ലാത്തത് കണ്ടാല്‍ വിളിച്ചു പറയുന്ന സ്വഭാവമാണ് അദ്ദേഹത്തെ രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടാക്കിയത്. പുറത്തൊരു സ്വഭാവം, വീട്ടിലൊന്ന് അങ്ങനെയില്ല. ഞാന്‍ തെറ്റ് ചെയ്താലും മുന്നിലാരെങ്കിലും ഉണ്ടോന്ന് നോക്കാതെ ശാസിക്കും. പക്ഷേ മനസില്‍വച്ച് പെരുമാറില്ല. അഞ്ച് മിനിറ്റിലധികം പിണങ്ങിയിരിക്കാനും കഴിയില്ല. പ്രീതീ എന്നൊരു വിളിയില്‍ അലിഞ്ഞു തീരുന്ന പിണക്കമേ ഞങ്ങള്‍ തമ്മില്‍ ഉണ്ടാകാറുള്ളു.
മൈക്രോഫിനാന്‍സിനെതിരെ വിഎസ് ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ക്കെതിരെ വനിതാസംഘം രംഗത്തെത്തിയിട്ടുണ്ടല്ലോ. ഇതിന് നേതൃത്വം നല്‍കുന്നത് പ്രീതിയാണോ?
മൈക്രോഫിനാന്സെന്ന് പറയുന്നത് പാവപ്പെട്ട സ്ത്രീകള്‍ക്കുവേണ്ടിയുള്ള പദ്ധതിയാണ്. അതിനെതിരെ കാര്യങ്ങള്‍ പഠിക്കാതെ മണ്ടത്തരം പറയുകയാണ് വിഎസ് ചെയ്യുന്നത്.
ഇത്തരമാരോപണങ്ങള് ഉന്നയിക്കുന്നതിലൂടെ അദ്ദേഹത്തിന് മനഃസുഖം ലഭിക്കുന്നുണ്ടെങ്കില്‍ അതില്‍ സന്തോഷമേയുള്ളു. ഗാന്ധി സ്മാരക സേവാകേന്ദ്രം പ്രവര്‍ത്തകനായ ജഗദീഷിന്റെ സഹായത്തോടെ ആദ്യം കണിച്ചുകുളങ്ങരയിലെ സ്ത്രീകള്‍ക്ക് പണം നല്‍കിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതി വിജയമായതോടെ എസ്എന്‍ഡിപി യോഗത്തിലും പരീക്ഷിക്കുകയായിരുന്നു. ഇന്ന് അതിന്റെ ആസ്തി 4000 കോടി രൂപയാണ്. വിഎസിനെതിരെയുള്ള സമരങ്ങള്‍ നടത്തുന്നതും നേതൃത്വം നല്കുന്നതുമെല്ലാം വനിതാസംഘം പ്രവര്‍ത്തകര്‍ തന്നെയാണ്.
രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതില്‍ അച്ഛനും മകനും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന് അഭ്യൂഹമുണ്ടല്ലോ. ഇതേക്കുറിച്ച് എന്തു പറയുന്നു?
സമുദായം ഒരിക്കലും രക്ഷപെടരുതെന്ന് കരുതി ചിലര്‍ പടച്ചുവിടുന്ന അസത്യപ്രചാരണങ്ങളാണിതെല്ലാം. ഇതിലൊന്നും യാതൊരു വാസ്തവവും ഇല്ല. അച്ഛനും മകനും ഒറ്റക്കെട്ടായി നിന്നാണ് കാര്യങ്ങള്‍ ചെയ്യുന്നത്. പിന്നെ എസ്എന്‍ഡിപി യോഗമല്ല പാര്‍ട്ടി രൂപീകരിക്കുന്നതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ഡിസംബര്‍ അഞ്ചിന്, അവഗണന അനുഭവിക്കുന്നവരുടെ സാമൂഹ്യ നീതി ഉറപ്പാക്കിക്കൊണ്ട്, രാഷ്ട്രീയപാര്‍ട്ടി ഉദയം കൊള്ളുകതന്നെ ചെയ്യും.
എസ്എന്‍ഡിപി രൂപീകരിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയുടെ പ്രതിനിധിയായി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോ?
ഒരിക്കലുമില്ല. നടേശേട്ടന്റെ കാര്യങ്ങള്‍ നോക്കി അദ്ദേഹത്തിന്റെ നിഴല്‍ പോലെ എന്നും കൂടെ നില്ക്കുവാനാണ് എനിക്കാഗ്രഹം.
കുടുംബം?
ഞങ്ങള്‍ക്ക് രണ്ട് മക്കളാണുളളത്. തുഷാറും വന്ദനയും. തുഷാറിന്റെ ഭാര്യ ആശ. അവര്‍ക്ക് രണ്ട് കുട്ടികളാണ്. ദേവനും ദേവിയും. വന്ദന ഭര്‍ത്താവ് ശ്രീകുമാറിനോടൊപ്പം സിംഗപ്പൂരിലാണ്. അവര്‍ക്ക് ഒരു മകനുണ്ട്, ജീവന്.
ഭര്‍ത്താവിനു നേരെ ഉയരുന്ന ആരോപണങ്ങളെക്കുറിച്ച് പറയുമ്പോള്‍ പലപ്പോഴും പ്രീതി വിതുമ്പി. വെള്ളാപ്പള്ളി നടേശനെന്ന കണിച്ചുകുളങ്ങരക്കാരനോടുള്ള നാട്ടുകാരുടെ അകമഴിഞ്ഞ സ്നേഹത്തിന്റെ പങ്ക് അനുഭവിക്കാന്‍ കഴിഞ്ഞത് ഭാഗ്യം എന്ന് വിശ്വസിക്കുന്ന, എല്ലാ കാര്യങ്ങളിലും സ്വന്തമായ അഭിപ്രായങ്ങളും അറിവുമുള്ള പ്രീതി തന്നെയാണ് വെള്ളാപ്പള്ളി നടേശന്റെ പിന്നിലുള്ള ശക്തി.
ജനറല്‍ സെക്രട്ടറിയെക്കാണാന്‍ വീട്ടിലെത്തിയവരോടെല്ലാം കുശലം ചോദിച്ചും സല്ക്കരിച്ചും പ്രീതി നടേശന് വീട്ടമ്മയുടെ റോളിലേക്ക് കടന്നു. വീണ്ടും തിരക്കുകളിലേക്ക്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: