തിരുവനന്തപുരം: കുടുബശ്രീ യൂണിറ്റുകളില്‍ നിന്നും ക്ലീനിംഗ് ജോലിക്കായി തലസ്ഥാനത്തെ വിവിധ ആശുപത്രകളില്‍ നിയമിച്ച വനിതകളെ യുഡിഎഫ് സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് കേരള കുടുംബശ്രീ പ്രൊമോട്ടേഴ്സ് ഹോസ്പിറ്റല്‍ വര്‍ക്കേഴ്സ് യൂണിയന് സംസ്ഥാന പ്രസിഡന്റ് പി. വിജയമ്മ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ കുടുബശ്രീ യൂണിറ്റില്‍ നിന്ന് 267 സ്ത്രീകളെ മെഡിക്കല്‍ കോളജ്, എസ്എടി, കണ്ണാശുപത്രി എന്നിവിടങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിച്ചിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ജനശ്രീയില്‍ നിന്ന് നിരവധിപേരെ നിയമിക്കുകയും കുടുംബശ്രീക്കാരെ പിരിച്ചു വിടുകയും ചെയ്തു. സമരം നടത്തിയ കുടുംബശ്രീക്കാരെ തിരിച്ചെടുത്തെങ്കിലും സേവനവേതന വ്യവസ്ഥകളില്‍ വിവേചനം കാണിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. ജനശ്രീക്കാര്ക്ക് 350 രൂപ വേതനം നല്കുമ്പോള് കുടുംബശ്രീ തൊഴിലാളികള്‍ക്ക് 300 രൂപ മാത്രമാണ് നല്‍കുന്നത്. രാഷ്ട്രീയ കാഴ്ച്ചപ്പാടില്ലാതെ എല്ലാ സ്ത്രീ തൊഴിലാളികള്‍ക്കും തുല്യ അവകാശം നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്കിയതായിട്ടുണ്ടെന്നും നടപടി തൃപ്തികരമല്ലെങ്കില്‍ ശക്തമായ സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്നും അവര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ എഐടിയുസി സംസ്ഥാന വര്‍ക്കിഗ് കമ്മറ്റി അംഗം പട്ടം ശശിധര്‍, ആര്. തങ്കമ്മ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: