കണ്ണൂര്‍: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലയില്‍ നടത്തുന്ന അക്രമങ്ങള്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതാണെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.രഞ്ജിത്ത് പത്രസമ്മേളനത്തില്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ആരംഭഘട്ടത്തില്‍ തന്നെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം സിപിഎം ആരംഭിച്ചിരുന്നു. പലസ്ഥലത്തും സ്ഥാനാര്‍ത്ഥികള്‍ നോമിനേഷന് നല്‍കുന്നതിനെ സിപിഎമ്മുകാര്‍ തടഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥികളെ തട്ടിക്കൊണ്ട് പോവുകയും നാമനിര്‍ദ്ദേശപത്രിക സമര്പിച്ചവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്ഥാനാര്‍ത്ഥികളെ മാത്രമല്ല കുടുംബാംഗങ്ങളെയും സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തി. നാമനിര്‍ദ്ദേശ പത്രിക നല്കിയാല് കുഞ്ഞുങ്ങളെ അപായപ്പെടുത്തുമെന്നും പെണ്‍കുട്ടികളുടെ വിവാഹം തടസ്സപ്പെടുത്തുമെന്നും വരെ ഭീഷണിപ്പെടുത്തി. സിപിഎം സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട മലപ്പട്ടത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ നിശ്ചയിച്ചവരുടെ വീട്ടില്‍ക്കയറി അമ്മമാരെയും മക്കളെയും സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇത് പാര്‍ട്ടി ഗ്രാമമാണെന്നും ബിജെപി സ്ഥാനാര്‍ത്ഥിയായാല്‍ ജീവിക്കാനനുവദിക്കില്ലെന്നുമായിരുന്നു വീടുകളിലെത്തിയ സംഘം പറഞ്ഞത്. അവസാനം നാമനിര്‍ദ്ദേശപത്രിക നല്കാന് പഞ്ചായത്ത് ഓഫീസിലെത്തിയവരെ അവിടെവെച്ച് തടയുകയും പുറത്ത് പോകുന്ന സ്ഥാനാര്‍ത്ഥികളെ ബൈക്കിലെത്തിയ സംഘം തടയുകയുമായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് മലപ്പട്ടത്ത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ സാധിക്കാതിരുന്നതെന്നും രഞ്ജിത്ത് പറഞ്ഞു.
സിപിഎമ്മിന്റെ വെല്ലുവിളി ഏറ്റെടുത്ത് എല്ലാ പഞ്ചായത്തുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പിച്ചത് നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ടെന്നും ഭ്രാന്ത് പിടിച്ചതുപോലെയാണ് ഇപ്പോള്‍ ഇവര്‍ പെരുമാറുന്നതെന്നും രഞ്ചിത്ത് പറഞ്ഞു. ഇടത് പ്രസ്ഥാനത്തിന് ജീവന് നല്കിയ പിണറായി പഞ്ചായത്തിലെ പാറപ്പുറത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ കഴിഞ്ഞ ദിവസം മുതല്‍ കാണാതായതിനെ ഗൗരവത്തോടെ കാണണം. ഇവിടെ നാമനിര്‍ദ്ദേശ പത്രിക നല്കിയ സുഗതന് എന്നയാള്‍ സിപിഎം പാര്‍ട്ടി മെമ്പറായിരുന്നു. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ചാണ് സുഗതന് പാര്‍ട്ടി വിട്ട് ബിജെപി പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത്. തോല്‍വി ഭയമാണ് ഇപ്പോള്‍ സിപിഎമ്മിനെ നയിക്കുന്നത്. കഴിഞ്ഞ തവണ ഒരു സ്ഥാനാര്ത്ഥിപോലുമില്ലാതിരുന്ന മുണ്ടേരി പഞ്ചായത്തില്‍ ഇത്തവണ മുഴുവന്‍ വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. സിപിഎമ്മിന്റെ ഫാസിസ്റ്റ് നിലപാടിനെതിരെ ജനങ്ങള്‍ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫുമായോ എല്‍ഡിഎഫുമായോ ജില്ലയില്‍ യാതൊരുവിധ ധാരണക്കും ബിജെപി തയ്യാറല്ല. എന്നാല്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സിപിഎം എസ്ഡിപിഐ ഉള്‍പ്പടെയുള്ള കക്ഷികളുമായി ധാരണയിലെത്തിയിട്ടുണ്ട്. ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രദേശിക തലത്തില്‍ ആരുമായും കൂട്ടുകൂടുമെന്ന് ലീഗ് നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നീതിപൂര്‍വ്വമായ തെഞ്ഞെടുപ്പ് നടന്നാല്‍ സിപിഎമ്മിനെ കാത്തിരിക്കുന്നത് ദയനീയമായ പരാജയമായിരിക്കും. എല്ലാ ബൂത്തുകളിലും വെബ് ക്യാമറകള്‍ സ്ഥാപിക്കണമെന്നും പോളിംഗ് സ്റ്റേഷന് സമീപത്ത് മാത്രമല്ല പുറത്തും പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും രഞ്ജിത്ത് ആവശ്യപ്പെട്ടു. ദേശീയ കൗണ്‍സില്‍ അംഗം പി.കെ.വേലായുധന്, ജില്ലാ ട്രഷറര്‍ എ.ഒ.രാമചന്ദ്രന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: