ദൈവം തോല്‍ക്കാതിരിക്കാന്‍ സാത്താന് ജയിക്കാതിരിക്കാന്‍” എന്ന ഒക്ടോബര്‍ രണ്ടാംതീയതിയിലെ കേസരിവാരികയുടെ മുഖലേഖനം വായിച്ചപ്പോള്‍, മഹത്തായ ആ പ്രസിദ്ധീകരണം അതിന്റെ മഹത്തായ പാരമ്പര്യം തുടര്ന്നുപോകുന്നുവെന്നതില് ആഹ്ലാദം തോന്നി. നമ്മുടെ തപാല്‍ വകുപ്പിന്റെ കാര്യക്ഷമത മൂലം, ആഴ്ചപ്പതിപ്പ് കിട്ടാന്‍ ഏറെ വൈകിയതുകൊണ്ട് ഈ പ്രതികരണവും വൈകി. ഭക്തജനങ്ങളുടെ സൗകര്യവും സുരക്ഷയും കണക്കിലെടുത്ത് ക്ഷേത്രങ്ങളുടെ വാസ്തുസംബന്ധമായ കാര്യങ്ങളില്‍ കാലാനുസൃതമായ മാറ്റം വരുത്തണമെന്ന അഭിപ്രായം-അതു കേസരിയില്നിന്നു വന്നതായതുകൊണ്ടുതന്നെ പല യാഥാസ്ഥിതിക കേന്ദ്രങ്ങളിലും നെറ്റിചുളിയാന്‍ ഇടയുണ്ട്.
ദേവഹിതത്തിന്റെയും മറ്റും പേരില്‍ സാമാന്യയുക്തിക്കും ഭക്തജനങ്ങളുടെ സൗകര്യത്തിനും നിരക്കാത്ത നിര്‍മിതികള്‍ ക്ഷേത്രപരിസരങ്ങളില്‍ ഉയര്‍ന്നുവരുന്നതു സാധാരണയാണ്. ഏറ്റവും നല്ല ഉദാഹരണം തീപിടുത്തത്തിനുശേഷം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിര്‍മിച്ച പ്രദക്ഷിണ വഴി തന്നെ. ഭക്തജനത്തിരക്ക് താങ്ങാന്‍ നേരത്തെ തന്നെ പ്രയാസപ്പെട്ടിരുന്ന തിരുമുറ്റത്ത്, ആയിരക്കണക്കിനാളുകള്‍ക്ക് നില്‍ക്കാനും നടക്കാനും ഉപയുക്തമായിരുന്ന സ്ഥലം കോണ്‍ക്രീറ്റ് ബീഭത്സമെന്നു പറയാവുന്ന ഒരു നിര്മിതികൊണ്ടു മുടക്കി. അതിന്റെ തൂണുകളില്‍ മഹാത്മാരായിരുന്ന സിദ്ധപുരുഷന്മാരുടെയും മറ്റും പ്രതിമകള്‍ നിര്‍മിച്ചുവെന്നതാണ് മേന്മയായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇപ്പോള്‍ അതു പൊളിച്ചുപണിയാനുള്ള നീക്കമുണ്ടെന്നും കേള്‍ക്കുന്നു.
ശബരിമല ക്ഷേത്ര പരിസരങ്ങളും തീര്‍ത്ഥാടന പാതകളുമെല്ലാം കാനന പരിശുദ്ധിയെ തകര്‍ക്കുന്ന നിര്‍മിതികള്‍ പൊടിപൊടിച്ചു നടക്കുകയാണല്ലോ. ”ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം” എന്ന തത്വശാസ്ത്രം തന്നെയാണ്, രണ്ട് നൂറ്റാണ്ടുമുമ്പു കുഞ്ചന്‍ നമ്പ്യാര്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവിനു നല്കിയ ശ്ലോകത്തില്‍ പറഞ്ഞതുപോലെ ഇന്നും നിലനില്‍ക്കുന്നത്.
ഹിന്ദുസമാജത്തിന്റെ യഥാര്‍ത്ഥത്തിലുള്ള നന്മയ്ക്കും ഉത്കര്‍ഷത്തിനും വേണ്ടി ഉറച്ച നിലപാട് സ്വീകരിക്കുന്നതില്‍ എന്നും രാഷ്ട്രീയ സ്വയംസേവകസംഘവും കേസരിയും മുന്നിലായിരുന്നു.
1960 കളില്‍ പാലായ്ക്കടുത്ത് കടപ്പാട്ടൂരിലെ വിഗ്രഹലബ്ധിയെത്തുടര്‍ന്ന് അവിടെ ക്ഷേത്രനിര്‍മാണത്തിനും സമാജോത്സുകമായ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയത് കേരളത്തിലെ ആദ്യ പ്രാന്തസംഘചാലകന്‍, അതിനും മുമ്പ് എല്ലാവിധ ഹൈന്ദവ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിട്ടുനിന്ന അഡ്വ. എന്‍.ഗോവിന്ദമേനോന് ആയിരുന്നു. അദ്ദേഹത്തിന്റെ ഇംഗിതപ്രകാരം നാലുവശത്തുനിന്നും വിഗ്രഹം കാണാന്‍ പറ്റുന്നതും ഭക്തര്‍ക്ക് നേരിട്ട് ആരാധിക്കാന്‍ സാധിക്കുന്നതുമായ ശ്രീകോവിലും മുന്‍വശത്തു വിശാലമായ മണ്ഡപവും നിര്‍മിച്ചു. ക്ഷേത്രത്തിനു മൊത്തത്തില്‍ ബേലൂര്‍ മഠത്തിന്റെ ആകൃതിയും ആയിരുന്നു. ആരാധകര്‍ക്ക് ഒരു തടസ്സവുമുണ്ടാകാത്ത വിധത്തില്‍ അവിടെ കാര്യങ്ങള്‍ നടന്നുവന്നു. കാലം മുന്നോട്ടുപോയപ്പോള്‍ അതില്‍ മാറ്റങ്ങള്‍ വരികയും ‘ദൈവജ്ഞന്മാരും താന്ത്രികരും, മറ്റു സ്ഥാപിത താല്‍പ്പര്യക്കാരും ആ ക്ഷേത്രത്തെ മറ്റേതു അമ്പലം പോലെയാക്കിത്തീര്‍ത്തു. കേസരിയുടെ നിര്‍ദ്ദേശത്തിന്റെ എതിര്‍ദിശയിലേക്കായി പോക്ക്.
കേസരി മുന്‍കയ്യെടുത്ത മറ്റൊരു കാര്യം 1975 ല്‍ പാഞ്ഞാളില്‍ നടന്ന അതിരാത്രത്തിലെ അജമേധം ഉപേക്ഷിക്കാന്‍ ഇടയായതാണ്. യാഗത്തില്‍ പശ്വാലംഭനം എന്ന ചടങ്ങിനായി ആടിനെ നവദ്വാരങ്ങള്‍ ബന്ധിച്ചു കൊന്നു ‘വപ’ എടുത്ത് ഹോമിക്കുന്ന ചടങ്ങിനെ ശക്തിയുക്തം എതിര്‍ത്തത് കേസരി പത്രാധിപരായിരുന്ന എം.എ.കൃഷ്ണനും സംഘത്തിന്റെ പ്രാന്തപ്രചാരകന് ഭാസ്കര്‍ റാവുജിയുമായിരുന്നു. പരമേശ്വര്‍ജിയും മറ്റും അതിനു പിന്തുണ നല്കി. ഭാസ്കര്‍ റാവുജി സംഘത്തിന്റെ പേരില്‍ ആദ്യമായി നല്കിയ പത്രപ്രസ്താവനയും അതു സംബന്ധിച്ചായിരുന്നു. തുടര്‍ന്നു മാധവ്ജിയും മറ്റും മുന്‍കയ്യെടുത്ത് വൈദികന്മാരുമായി കാര്യാലോചന നടത്തുകയും അജമേധത്തിനു പകരം അരിമാവുകൊണ്ടു കൃത്യം നിര്‍വഹിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
യാഗത്തിനും യജ്ഞ സംസ്കാരത്തിനും എതിരെ മതേതര, പുരോഗമന നാട്യക്കാര്‍ അഴിച്ചുവിട്ട വിഷലിപ്തമായ ദുഷ്പ്രചാരണങ്ങള്‍ക്ക് അതുകൊണ്ടും കുറവൊട്ടും വന്നില്ല. വൈദികരെയും ബ്രാഹ്മണരെയും അവഹേളിക്കുന്ന പ്രചാരണം ഇന്നും തുടരുന്നു. കേസരിവാരികയും എംഎ സാറും ഇക്കാര്യത്തില്‍ സ്വീകരിച്ച ഉറച്ചനിലപാട് തികച്ചും ഭാവാത്മകവും ആരോഗ്യകരവുമായിരുന്നു.
അതുപോലെ തന്നെ സുപ്രധാനമായിരുന്നു ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഊട്ടുപുരയില്‍ ബ്രാഹ്മണര്‍ക്കു മാത്രമായി നടത്തിവന്ന സദ്യയില്‍ എല്ലാ വിഭാഗം ഹിന്ദുക്കളെയും അനുവദിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍. 1983 ഫെബ്രുവരിയില്‍ കല്ലറ സുകുമാരന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തുനിന്നും പ്രസ്തുത ആവശ്യത്തിനായി ആരംഭിച്ച ജാഥ വലിയൊരു സാമുദായിക സംഘര്‍ഷത്തിന്റെ സാധ്യതകള്‍ ഉള്ളതായിരുന്നു.
സംഘത്തിന്റെയും വിശാലഹിന്ദു സമ്മേളനത്തിന്റെയും നേതൃത്വം ആ സാധ്യതയെ നിര്‍വീര്യമാക്കിക്കൊണ്ട് ജാഥയ്ക്കുടനീളം സ്വീകരണങ്ങള്‍ നല്കി ഗുരുവായൂരിലേക്കാനയിച്ചു. മാധവ്ജിയും പരമേശ്വര്‍ജിയും കേസരിവാരികയും ജന്മഭൂമിയും നടത്തിയ അനുനയങ്ങളുടെ ഫലമായി, മിക്ക താന്ത്രിക, വൈദീക കുടുംബങ്ങളില്പ്പെട്ടവരെയുംക്കൊണ്ട് അനുകൂലമായ നിലപാടെടുപ്പിക്കാന്‍ കഴിഞ്ഞു. രാഷ്ട്രസേവികാ സമിതി പ്രാന്തസഞ്ചാലിക വിനോദിനിയമ്മ, പ്രാന്തകാര്യവാഹിക ആര്യാദേവി, ബിജെപി അധ്യക്ഷന്‍ ഒ.രാജഗോപാല്‍, ഉപാധ്യക്ഷ എം.ദേവകിയമ്മ, സംഘാധികാരിമാര്‍ എന്നിവരുടെയും ക്ഷേത്രം മുന്‍ മേല്‍ശാന്തിമാരുടെയും ഓതിക്കന്മാരുടെയും നേതൃത്വത്തില്‍ ജാഥക്കു ഗുരുവായൂരില്‍ വന്‍ സ്വീകരണവും നല്കപ്പെട്ടു. ദേവസ്വം ബോര്‍ഡ് ക്ഷേത്ര ഊട്ടുപുര എല്ലാവര്‍ക്കുമായി തുറന്നു. മുഖ്യമന്ത്രി കെ.കരുണാകരനും വൈകിയാണങ്കിലും ആഹാരം കഴിക്കാനെത്തി.
1936 ല്‍ത്തന്നെ ക്ഷേത്രാരാധനക്ക് എല്ലാ ഹിന്ദുക്കള്‍ക്കും അവകാശം ലഭിച്ചുവെങ്കിലും അര്‍ച്ചകരും പൂജാരിമാരുമാകാനുള്ള അധികാരം ലഭിച്ചില്ല. ശ്രീനാരായണ ഗുരുദേവന് സ്ഥാപിച്ച ക്ഷേത്രങ്ങളില്‍ വൈദികവിധി പ്രകാരമുള്ള പൂജാദി കര്‍മങ്ങള്‍ ചെയ്യാന്‍ അദ്ദേഹം വ്യവസ്ഥ ചെയ്തിരുന്നു. അതിനായി ഒരു വിശിഷ്ട സംവിധാനവുമുണ്ടായി. എന്നാല്‍ എല്ലാ ക്ഷേത്രങ്ങളിലും ജാതിഭേദമെന്യേ അതിനു അവസരമുണ്ടാകണമെന്ന ആശയം പ്രായോഗികമാക്കാന്‍ സംഘവും കേസരിയും ജന്മഭൂമിയും മുന്നിട്ടുനിന്നു. മാധവ്ജിയും പരമേശ്വര്‍ജിയും ക്ഷേത്ര സംരക്ഷണ സമിതി അധ്യക്ഷനായിരുന്ന പി.കേരളവര്‍മ്മരാജയും അക്കാര്യത്തില്‍ നടത്തിയ ശ്രമങ്ങള്‍ ശ്രദ്ധേയങ്ങളാണ്. ഹിന്ദുക്കളുടെ ഒരുമയെ പരമലക്ഷ്യമാക്കിക്കൊണ്ട് ശ്രീ ഗുരുജിയുടെ ക്ഷമാപൂര്‍വമായ പരിശ്രമത്തിന്റെ ഫലമായി രൂപംകൊണ്ട വിശ്വഹിന്ദുപരിഷത്ത്, ഭാരതത്തില്‍ ജനിച്ച സകലമത സമ്പ്രദായങ്ങളുടെയും ആചാര്യന്മാരുടെയും പൊതുസമ്മതമെന്ന നിലയ്ക്ക് ഹിന്ദുക്കളില്‍ പതിതരില്ലെന്നും ഹിന്ദുക്കളെല്ലാം സഹോദരരാണെന്നും (ന ഹിന്ദുപതിതോ ഭവേത്, ഹിന്ദവഃ സോദരഃസര്വേ) ഏകകണ്ഠമായി പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു.
അതു പ്രായോഗികമായി അവസാനത്തെ തലം വരെ അംഗീകരിക്കപ്പെടേണ്ട ദൗത്യം സംഘം ഏറ്റെടുത്തു. കേരളത്തില്‍ അതിന് നിയമനിര്‍മാണവും സര്‍ക്കാര്‍ ഉത്തരവുമല്ല ആവശ്യമായിരുന്നത്. ധാര്‍മിക കാര്യങ്ങളില്‍ അവസാനവാക്കായ വൈദികരുടെയും താന്ത്രികരുടെയും സമ്മതമായിരുന്നു. അവരില്‍ ചിലരെ ഇക്കാര്യം ഗുരുജിയുമായി സംവദിപ്പിക്കാന്‍ മാധവ്ജി അവസരമുണ്ടാക്കുകയും വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം നേടുകയും ചെയ്തു. (ഗുരുജി സാഹിത്യ സര്‍വസ്വത്തില്‍ ആ ചര്‍ച്ചകള്‍ നമുക്ക് വായിക്കാം). തുടര്‍ന്ന് മാധവ്ജി നടത്തിയ ശ്രമകരവും ശ്രദ്ധാപൂര്‍വവുമായ പരിശ്രമത്തിന്റെ പര്യവസാനമാണ് ജാതിഭേദമില്ലാതെ, വേണ്ടതായ സംസ്കാരാചാരങ്ങള്ക്കു വിധേയമായി പൂജാദികര്മങ്ങള്ക്കധികാരം നല്കുന്ന ഐതിഹാസികമായ പാലിയം വിളംബരം.
പിന്നീട് അബ്രാഹ്മണ പൂജാരിമാര്‍ക്ക് പരിശീലനം നല്കിയ അവസരത്തില്‍ കാഞ്ചി ശങ്കരാചാര്യര്‍ തന്നെ ആലുവ അദ്വൈതാശ്രമത്തിലെത്തി പഠിതാക്കളെ അനുഗ്രഹിക്കുകയും പ്രമാണപത്രങ്ങള്‍ നല്‍കുകയും ചെയ്തു. ഇന്നു പുതുമന തന്ത്രിയടക്കം നിരവധി കേന്ദ്രങ്ങളില്‍ ഇക്കാര്യം നടന്നുവരുന്നുണ്ട്. ഇതിന്റെ സ്വാഭാവികവും സാര്‍വത്രികവുമായ അംഗീകാരം ഹിന്ദുസമാജത്തിലുണ്ടാകാന് കാലതാമസം ഉണ്ടായേക്കാം. സമാജത്തില്‍ വിദ്വേഷവും സംഘര്‍ഷവും സൃഷ്ടിക്കാതെ സമഗ്രമായ പരിവര്‍ത്തനം വരുത്തുക എന്ന സംഘത്തിന്റെ സുനിശ്ചിതമായ മാര്‍ഗം പ്രശസ്തമാകുകയാണ്.
ഈ കാഴ്ചപ്പാടില്‍ കേസരി വാരികയുടെ മുഖപ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങളെ ഹിന്ദുസമാജം ഉള്‍ക്കൊള്ളേണ്ടതാണ്. അറുപതുവര്‍ഷത്തിലേറെയായി കേസരി നടത്തുന്ന ദൗത്യത്തിന്റെ അടുത്തപടിയായി അതിനെ കണക്കാക്കണം. ജഗന്നാഥന്റെ രഥം ഉരുണ്ടുതുടങ്ങി. അതിനെ നിര്‍ത്താന്‍ ഇനി സാധ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: