തലശ്ശേരി: മഞ്ഞോടിയില്‍ നടത്തിക്കൊണ്ടിരിക്കുന്ന മാര്‍ക്കറ്റിന്റെ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ശ്രീരാമക്ഷേത്ര സംരക്ഷണ സമിതി പൊതുയോഗം ആവശ്യപ്പെട്ടു. ടൗണ്‍ പ്ലാനിംഗ് അതോറിറ്റി, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുടെ അനുമതി ലഭിച്ചിട്ടില്ലാത്തതാണ് മഞ്ഞോടിയില്‍ തലശ്ശേരി നഗരസഭ നടപ്പാക്കിയിരിക്കുന്ന മത്സ്യമാര്‍ക്കറ്റ് പദ്ധതി. ജനസാന്ദ്രതയേറിയതും ക്ഷേത്രകേന്ദ്രീകൃതവുമായിട്ടുള്ള തിരുവങ്ങാട് പ്രദേശത്തിന്റെ സന്തുലിതാവസ്ഥ തകര്‍ക്കുമെന്ന് ഉറപ്പുള്ള ഈ പദ്ധതി, ദേശവാസികളുടെയും ഭക്തരുടെയും എതിര്‍പ്പിനെ തുടര്‍ന്ന് നിറുത്തിവെച്ചതായിരുന്നു. മത്സ്യമാര്‍ക്കറ്റ് കെട്ടിടം പൂര്‍ത്തിയായ ശേഷമുള്ള ഉദ്ഘാടനം മാത്രമാണെന്നായിരുന്നു അന്നത്തെ വിശദീകരണം. എന്നാല്‍ ഏഴു മാസത്തിനു ശേഷം കെട്ടിടത്തിനുള്ളില്‍ വീണ്ടും ചില നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് വിരോധാഭാസവും ആശങ്കയുണ്ടാക്കുന്നതുമാണ്. പ്രദേശവാസികളെ കബളിപ്പിക്കാതെ കെട്ടിടം എന്താവശ്യത്തിനാണെന്നു നഗരസഭ വ്യക്തമാക്കണമെന്നും അല്ലാതെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തി പൊതുമുതല്‍ ധൂര്ത്തടിക്കരുതെന്നു യോഗം ആവശ്യപ്പെട്ടു. ആനുപാതികമായ പാര്‍ക്കിംഗ് സൗകര്യം, എഫ്ലുവെന്റ് ട്രീറ്റ്മെന്റ് കം പ്ലാന്റ് തുടങ്ങിയ സംവിധാനങ്ങള്‍ക്കൊന്നും സൗകര്യമില്ലാത്തതും രണ്ടര ഏക്കര്‍ വരുന്ന വലിയ ഒരു ജലസംഭരണിയുടെ വളരെ അടുത്തുമായ ഈ സ്ഥലത്ത്, പ്രദേശത്തിന്റെ പൈതൃകത്തനിമ നിലനിര്‍ത്തിക്കൊണ്ടും വിദൂരഭാവിയില്‍ പോലും സമീപത്തുള്ള ക്ഷേത്രങ്ങള്‍, കുളം, ഊട്ടുപുര പരിസരം എന്നിവയുടെ നാശത്തിനു ഹേതുവാകാത്തതും പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കാത്തതും മാരക സാംക്രമികരോഗങ്ങള്‍ക്ക് വിത്തു വിതക്കാത്തതും പ്രദേശത്തെ വാസയോഗ്യമല്ലാതാക്കാത്ത തരത്തിലുള്ളതും സാമൂഹ്യ സമരസത തകര്‍ക്കാത്തതുമായ മറ്റു ആവശ്യങ്ങള്‍ക്കായി കെട്ടിടത്തെ മാറ്റാനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും പൊതു സ്വീകാര്യമായ അത്തരമൊരു തീരുമാനത്തിനനുസൃതമായി മാത്രമേ ഇനിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടുള്ളൂവെന്നും സമിതി ആവശ്യപ്പെട്ടു.
യോഗത്തില്‍ ശ്യാം ദേവ്, അനില്‍ കുമാര്‍, സുനില്‍ കുമാര്‍, ഇ.വത്സരാജ്, സി.സജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: