വി.പി.ജിതേഷ്
കണ്ണൂര്‍: കണ്ണൂരിലെ നിര്‍ഭയ രാഷ്ട്രീയം സ്വപ്നം മാത്രം. ജനാധിപത്യത്തെ ഭീഷണിയില്‍ നിര്‍ത്തി ജില്ലയില്‍ സിപിഎം നേടുന്ന വിജയത്തിന്റെ നേര്‍ചിത്രമാണ് ആന്തൂരില്‍ പതിനൊന്ന് വാര്‍ഡുകളില്‍ എതിരാളികളില്ലാതെ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടതിലൂടെ വ്യക്തമാകുന്നത്. പുതുതായി രൂപികരിച്ച ആന്തൂര്‍ നഗരസഭയിലാണ് വിചിത്രവിജയം സിപിഎം നേടിയിരിക്കുന്നത്. സിപിഎം കോട്ടയാക്കാന്‍ പരീക്ഷണം നടന്നുകൊണ്ടിരിക്കുന്ന മേഖലയാണ് ആന്തൂര്‍. 1995 ഒക്ടോബര്‍ 26ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ആന്തൂര്‍ ദാസനെ മൃഗീയമായി കൊന്നുകൊണ്ടു തുടങ്ങിയ അക്രമങ്ങള്‍ക്ക് ഇന്നും ശമനമൊന്നുമില്ല. ഭയപ്പെടുത്തി രാഷ്ട്രീയ അധീശത്വം സ്ഥാപിക്കുന്നതില്‍ ഇവിടെ സിപിഎം വിജയം വരിക്കുകയായിരുന്നു. കൊലപാതകത്തിനുശേഷം പ്രതിരോധത്തിലായ കോണ്‍ഗ്രസ് പിന്നെ തിരിച്ചുവന്നില്ല. പാര്‍ട്ടി ഗ്രാമങ്ങളില്‍ അടിമകളായി ജീവിക്കേണ്ടിവരുന്ന ഒരുപറ്റം ആളുകള്‍ ഇവിടെയുണ്ട്.
ആന്തൂര്‍ പഞ്ചായത്തായിരുന്നപ്പോഴും പലപ്പോഴും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന സിപിഎം ഇത്തവണ പുതിയ നഗരസഭയില്‍ പതിനൊന്നു പേരെയാണ് കണ്ണുരുട്ടി കയറ്റിയിരിക്കുന്നത്. ഇവിടെ സമാധാനം പുലരാന്‍ വേണ്ടി അസ്തിത്വം പണയംവെക്കുന്ന കോണ്‍ഗ്രസ് നേതൃത്വം സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന് അറിയാതെ പിന്തുണ നല്‍കുകയാണ്. ഒരു കോണ്‍ഗ്രസ് നേതാവും സിപിഎം അക്രമത്തിനെ പ്രതിരോധിക്കാന്‍ ഇച്ഛാശക്തി കാണിച്ചിട്ടുമില്ല. നേരത്തേ കോണ്‍ഗ്രസ് ഭരിക്കുകയും, സ്വാധീനമുളളതുമായ നിരവധി പഞ്ചായത്തുകള്‍ ഇന്ന് സിപിഎം എതിരാളികളില്ലാതെ ഭരണം നടത്തുന്നു. രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ പഠനവിധേയമാക്കേണ്ട വിപ്ലവമാണ് ബോംബിലൂടെയും, വാള്തലപ്പിലൂടെയും സിപിഎം ഇവിടെ നടപ്പാക്കുന്നത്. ഒരുകാലത്ത് ബംഗാളില്‍ നടന്ന പ്രവര്‍ത്തനം തന്നെയാണ് ഇത്.
എന്നാല്‍ ഇവിടെ പ്രതിരോധ കവചമണിഞ്ഞ് ജനാധിപത്യത്തിന് വേണ്ടി പൊരുതുന്ന സംഘപരിവാര്‍ ശക്തികളെ എന്നും വിമര്‍ശിക്കാന്‍ ഈ ഗാന്ധിയന്മാര്ക്ക് നൂറ്നാക്കായിരുന്നു. അക്രമത്തില്‍ നാണയത്തിന്റെ ഇരുവശങ്ങളാണ് ഇരുവരുമെന്ന് വിമര്‍ശിക്കാനായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താല്‍പ്പര്യം.
കാലിന്നടിയിലെ മണ്ണൊലിച്ചു പോകുമ്പോഴും സിപിഎമ്മിനെ തലോടുന്ന സമീപനമാണ് ഇവര്‍ക്കുണ്ടായിരുന്നത്. അതിന്റെ പരിണിതഫലമാണ് ആന്തൂരിലടക്കം കാണുന്നത്. സ്ഥാനാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി പിന്‍വലിപ്പിക്കാനും, മത്സരിപ്പിക്കാതിരിക്കാനും ശ്രമിക്കുന്ന സിപിഎമ്മിനെതിരെ പോരാടാന്‍ ഇക്കുറി പരമാവധി വാര്‍ഡുകളില്‍ ബിജെപി മത്സരരംഗത്തുണ്ട്. പോരാടാനുറച്ചു തന്നെയാണ് കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നതും. കണ്ണൂര്‍ മോഡല്‍ അനുകരിക്കണമെന്ന് പ്രകാശ്കാരാട്ട് പറഞ്ഞതിന്റെ ദൃഷ്ടാന്തമാണ് ആന്തൂരില്‍ നാം കണ്ടതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: