പത്തനംതിട്ട : ഇലന്തൂര്‍ കൂരമ്പാലയില്‍ നിന്നും പത്തനംതിട്ട-കോഴഞ്ചേരി മെയിന്‍ റോഡിലേക്ക് പ്രവേശിക്കുന്നതിന് വെട്ടിക്കല്‍-ഭഗവതിക്കുന്ന് തോടിന് കുറുകെ പാലം പണിയാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു. ഇവിടെ വാഹന സൗകര്യമുള്ള റോഡിന്റെ നിര്‍മ്മാണം 20 വര്‍ഷം മുമ്പ് പൂര്‍ത്തിയാക്കിയെങ്കിലും പാലം നിര്‍മ്മിക്കാത്തതിനാല്‍ റോഡ് കൊണ്ട് വേണ്ടത്ര പ്രയോജനമില്ല.
കമ്മീഷന് അധികൃതരില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പാലം പണിയാന്‍ ഏഴു ലക്ഷത്തോളം രൂപ ചെലവു വരുമെന്ന് ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
സ്ഥലവാസിയായ ഒരാള്‍ തന്റെ വസ്തു ഏറ്റെടുക്കുന്നതിനെതിരെ കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയതിനാല്‍ സ്ഥലം ഏറ്റെടുക്കാന്‍ കഴിഞ്ഞില്ലെന്നും പഞ്ചായത്ത് അറിയിച്ചു.
സ്വകാര്യവ്യക്തിയുടെ സ്ഥലം അവരുടെ സമ്മതപ്രകാരമോ ലാന്റ് അക്വിസിഷന്‍ നിയമപ്രകാരം നഷ്പരിഹാരം നല്‍കിയോ മാത്രം ഏറ്റെടുക്കണമെന്ന് കമ്മീഷന് ഉത്തരവിട്ടു. പാലം പണിയേണ്ടത് ആവശ്യമാണ്. രോഗികളെ എടുത്തുകൊണ്ടു പോകാന്‍ കഴിയില്ല. ഇപ്പോഴുള്ള ചെറിയ പാലം പഴക്കമുള്ളതാണ്.
എന്നാല്‍ പാലം പണി പൊതു ആവശ്യമായതിനാല്‍ ഏറ്റെടുക്കേണ്ട സ്ഥലത്തിന് നല്‍കേണ്ട പൊന്നുംവില നാട്ടുകാര്‍ നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്. പാലം പണിയാന്‍ ആവശ്യമായ സ്വകാര്യ വസ്തുവിന് പൊന്നുംവില കൊടുക്കാന്‍ പരാതിക്കാരും നാട്ടുകാരും തയ്യാറാണെങ്കില്‍ സര്‍ക്കാരില്‍ അപേക്ഷ നല്കി ആവശ്യമായ സ്ഥലം ഏറ്റെടുക്കണമെന്ന് ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു.
പാലം പണിയാന്‍ എം. പി. ഫണ്ടില്‍ നിന്നോ എം എല്‍എ ഫണ്ടില്‍ നിന്നോ ധനസഹായം ലഭിക്കാന്‍ പരാതിക്കാര്‍ക്ക് അപേക്ഷിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. പൊന്നുംവില കൊടുക്കാനുളള തുക കെട്ടി വയ്ക്കാമെന്ന് നാട്ടുകാര്‍ പറഞ്ഞിട്ടുള്ളതിനാല്‍ ഇനിയും തടസ്സം പറയേണ്ട കാര്യമില്ലെന്ന് ഉത്തരവില്‍ പറഞ്ഞു. ഇപ്പോള്‍ തുടങ്ങിയാല്‍ 6 മാസംത്തിനകം സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി അടുത്തസാമ്പത്തികവര്‍ഷം പാലം പൂര്‍ത്തിയാക്കാമെന്നും ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവില്‍ പറഞ്ഞു. ജില്ലാകളക്ടറും ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും നടപടി സ്വീകരിക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: