കണ്ണൂര്‍: രാഷ്ട്രീയ കൊലക്കേസുകളിലെ പ്രതികളായ സിപിഎം നേതാക്കളെ മത്സരിപ്പിക്കാനുളള പാര്‍ട്ടി തീരുമാനം തെരഞ്ഞെടുപ്പ് രംഗത്ത് സജീവ ചര്‍ച്ചയാവുന്നു. കൊലപാതക കേസുകളില്‍ പ്രതിസ്ഥാനത്ത് നില്ക്കുന്ന നേതാക്കളെ തെരഞ്ഞെടുപ്പ് രംഗത്തേക്ക് കൊണ്ടു വരുന്നത് അക്രമ രാഷ്ട്രീയത്തെ ന്യായീകരിക്കുന്നതിനും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഏതറ്റം വരേയും പാര്‍ട്ടി സംരക്ഷിക്കുമെന്ന സന്ദേശം നല്‍കാനുമാണെന്നാണ് സൂചന. എന്നാല്‍ സിപിഎം നേതൃത്വത്തിന്റെ നടപടിയില്‍ പാര്‍ട്ടിക്കുളളില്‍ തന്നെ ഇതിനെതിരെ ശക്തമായ അഭിപ്രായഭിന്നത ആദ്യം തൊട്ടേ രൂപം കൊണ്ടിരുന്നു. ജയിലില്‍ കിടന്ന് പലരും മത്സരിച്ച ചരിത്രം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളായ നേതാക്കളെ മത്സരരംഗത്ത് കൊണ്ടുവന്നിരിക്കുന്നത്.
നാലു പ്രതികളെയാണ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത് .വധക്കേസില്‍ കുറ്റാരോപിതര്‍ മാത്രമാണ് ഇവരെന്നും കള്ളക്കേസില്‍ കുടുക്കിയാണ് ഇവരെ പ്രതികളാക്കിയതെന്നും പാര്‍ട്ടിയുടെ നേതാക്കളായ ഇവര്‍ക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരമൊരുക്കേണ്ടത് പാര്‍ട്ടിയുടെ കടമയാണെന്നുമാണ് നേതാക്കളുടെ വിശദീകരണം.
തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസല്‍ വധക്കേസിലെ പ്രതികളും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന് കോടതി വിലക്കുകയും ചെയ്ത സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജനെ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്കും കാരായി ചന്ദ്രശേഖരനെ തലശ്ശേരി നഗരസഭയിലേക്കുമാണ് മത്സരിപ്പിക്കുന്നത്. ഇരുവരും പത്രിക നല്കാന് കോടതി ഇളവു നല്‍കിയതോടെ ഇന്നലെ കണ്ണൂരിലെത്തി ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഫസല്‍ വധക്കേസിലെ പാര്‍ട്ടി നേതാക്കളായ സഖാക്കളെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ കഴിഞ്ഞ ദിവസം ആര്‍എസ്എസ് നേതാവായിരുന്ന കതരൂരിലെ മനോജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ പാട്യം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ രാമചന്ദ്രനേയും ചപ്ര പ്രകാശനേയും പാട്യം ഗ്രാമ പഞ്ചായത്തിലേക്ക് മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. കണ്ണൂരില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെ ജാമ്യത്തിലിറങ്ങിയ ഇരുവര്‍ക്കും പത്രിക നല്കാന് അനുമതി തേടി തലശ്ശേരി കോടതിയില്‍ ഹരജി നല്‍കിയിരിക്കുകയാണ്. ഹരജി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. രണ്ടു കേസുകളും രാജ്യത്തെ ഉന്നത അന്വേഷണ ഏജന്‍സിയായ സിബിഐ കൈകാര്യം ചെയ്യുന്ന കേസുകളാണ്. ഫസല്‍വധക്കേസില്‍ വിചാരണ ആരംഭിക്കാനിരിക്കുകയാണ്. മനോജ് വധക്കേസിലാവട്ടെ ഗൂഢാലോചനയുള്‍പ്പെടെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.
മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രതികളാക്കി അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചവരാണ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി വേഷമണിയാന്‍ പോകുന്ന നാലുപേരും. അറസ്റ്റിലും റിമാന്‍ഡിലുമായി ഏറെക്കാലം ജയിലിലായിരുന്നു ഇവര്‍. കേസുകളില്‍ പ്രതിസ്ഥാനത്ത് വന്ന നേതാക്കളെ കോടതി സ്വന്തം നാട്ടില്‍ കണ്ണൂരില്‍ കടക്കുന്നതിനേര്പ്പെടുത്തിയ വിലക്കിനെ മറികടക്കാനും കൊലപാതകത്തില്‍ നിരപരാധികളാണ് നേതാക്കളെന്ന് തെളിയിക്കാനും സമാധാനത്തിന്റെ അപോത്സുകന്മാരാണ് ഇവരെന്ന് വരുത്തിത്തീര്ക്കാനുമുളള ഗൂഢ ലക്ഷ്യത്തിന്റെ ഭാഗമാണ് ഇത്തരക്കാരെ മത്സരിപ്പിക്കുന്നതിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നത്.
എന്നാല്‍ കണ്ണൂരില്‍ ക്രിമിനല്‍ രാഷ്ട്രീയത്തിന് സിപിഎം നല്കുന്ന പരസ്യ പിന്തുണ തെരഞ്ഞെടുപ്പില്‍ സജീവ വിഷയമായിരിക്കുകയാണ്. ഈ സജീവത തെരഞ്ഞെടുപ്പിന് അവസാന നിമിഷം വരെ നിലനിര്‍ത്താനുളള തയ്യാറെടുപ്പിലാണ് ജില്ലയില്‍ ബിജെപിയും യുഡിഎഫും. വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാന്‍ തലശ്ശേരിയില്‍ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട യുവാവിനെ കൊലപ്പെടുത്തിയ സിപിഎം നേതാക്കളെ മത്സരിപ്പിക്കാനുളള തീരുമാനം ന്യൂനപക്ഷ വിഭാഗങ്ങളേയും പാര്‍ട്ടിയില്‍ നിന്നകറ്റും. ചില മുസ്ലീം സംഘടനകള്‍ പാര്‍ട്ടി നടപടിക്കെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. പൊതുസമൂഹത്തിലും പാര്‍ട്ടി അണികള്‍ക്കും നേതാക്കള്‍ക്കും ഇടയില്‍പോലും കൊലക്കേസുകളില്‍ ഉള്‍പ്പെട്ടവരെ മത്സരിപ്പിക്കാനുളള പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് തീരുമാനം സജീവ ചര്‍ച്ചയായിട്ടുണ്ട്. ഇത് വോട്ടിംഗില്‍ പാര്‍ട്ടിക്കെതിരായി പ്രതിഫലിക്കുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: