ഒരമ്മ കുഞ്ഞിന് ചോറുകൊടുക്കുകയാണ്. ഈ കാഴ്ച കണ്ടത് അടുത്തിടെയാണ്. ഒരു വയസ്സുകാരന് ഒക്കത്തിരുന്ന് വായതുറക്കാതെ പുളയുന്നു. അമ്മ കുഞ്ഞിനോട് പറയുകയാണ്, ‘ദേ അമ്മയിപ്പോ ഈ ഉരുള പൂച്ചക്കുകൊടുക്കും; അല്ലെങ്കില്‍ വേഗം കഴിച്ചോ’ പൂച്ചക്ക് മാമുകൊടുക്കാതിരിക്കാന് ആയിരിക്കണം, കുഞ്ഞ് വേഗം വായ തുറന്ന് ഉരുള അകത്താക്കി. ഒരു നെഗറ്റീവ് തരംഗമാണ് അമ്മ കുഞ്ഞിനെ ഊട്ടാനായി സൃഷ്ടിച്ചെടുത്തത്. വീണ്ടും വായടച്ച് ചോറുരുള തടയുന്ന കുഞ്ഞിനോട് അമ്മ പറയുന്നു. വേഗം വായ തുറക്ക്…അല്ലെങ്കില്‍ ഇപ്പോ ഞാനിത് കാക്കയ്ക്ക് കൊടുക്കും. കുട്ടിക്ക് സൂചന മനസ്സിലായി, കണ്ണു തിളങ്ങി.
ചുണ്ടുപിളര്‍ന്ന് ചിരി വന്നു. വേഗം വായ തുറന്ന് ഉരുള അകത്താക്കി. കാക്കയ്ക്കും പൂച്ചയ്ക്കും കൊടുക്കാതിരിക്കുവാനായി ചോറുണ്ണുന്ന കുട്ടിയ്ക്ക് അമ്മമാര്‍ കൊടുക്കുന്ന തിരിച്ചറിവെന്താണ്. തനിക്കുള്ളത് പ്രകൃതിയിലെ മറ്റാര്‍ക്കും കൊടുക്കാനുള്ളതല്ല. ഞാന്‍, എനിക്ക്, എന്റേതുമാത്രം-ഈ സ്വാര്ത്ഥതയിലൂടെയല്ലേ നമ്മുടെ കുഞ്ഞുങ്ങള്‍ വളരുന്നത്. ഇതാണോ നമ്മുടെ കുട്ടികളെക്കുറിച്ചുള്ള സ്വപ്നം.
അതോ കാക്കയ്ക്കും പൂച്ചയ്ക്കും കൊടുത്ത്, ചുറ്റുപാടിനെ സ്നേഹിച്ച്, അമ്മയെ സ്നേഹിച്ച്, കുടുംബത്തെ സ്നേഹിച്ച് വളരുന്ന കുട്ടികളോ. വളരുന്ന തലമുറയ്ക്ക് കാഴ്ചപ്പാടും സ്നേഹ സങ്കല്പവും നല്കി വളര്‍ത്താതെ അവരില്‍ നിന്നും അത് പ്രതീക്ഷിക്കാമോ. സ്വന്തം സുഖത്തിന് മങ്ങലേല്ക്കാന് ആഗ്രഹിക്കാത്തവര്‍, പ്രായമായ മാതാപിതാക്കളെ അമ്പലനടയില്‍ തള്ളുകയോ വൃദ്ധസദനത്തില്‍ അടിച്ചേല്പ്പിക്കുകയോ ചെയ്യുമ്പോള്‍ മുറുമുറുത്തിട്ടു കാര്യമില്ലല്ലോ?. മുതിര്‍ന്നവരെ ബഹുമാനിക്കാനും അവരോട് തറുതല പറയാതിരിക്കാനുമുള്ള ബാലപാഠങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കാന്‍ നമ്മള് ഒരുപക്ഷേ മറന്നുകാണും എന്നോര്‍ക്കുക.
നല്ല ഭാഷയോ, നല്ല വാക്കോ, നല്ല തമാശയോ പോലും കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ഭാഷയുടെ സാധ്യതകളും ബുദ്ധിയുടെ വ്യത്യാസങ്ങളും തീര്‍ത്ത കൗതുകങ്ങളായിരുന്നു പഴയ തമാശകള്‍. അവ പഴഞ്ചനായി എന്നുമാത്രമല്ല, ഇന്നത്തെ തലമുറയ്ക്ക് അതാസ്വദിക്കാനും കഴിയുന്നില്ല. എറിഞ്ഞും പിടിച്ചും എടുക്കുന്ന വാക്കുകളോ ഞെളിഞ്ഞും പുളഞ്ഞും കോട്ടന്നു ശരീരഭാഷയോ ഉണ്ടാക്കുന്ന ക്ഷണികചലനങ്ങളാണ് ഇന്ന് തമാശകള്‍. പാഠ്യവിഷയങ്ങളും പാഠപുസ്തകങ്ങളും ഇന്ന് ഏത് തൊഴുത്തിലേക്കാണ് കുട്ടികളെ എത്തിക്കുന്നത്. മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട പഴയ പാഠങ്ങളും കവിതാശകലങ്ങളും പുസ്തകങ്ങളില്‍ നിന്നും ഇന്ന് കുടിയിറങ്ങി. ഒന്നാം ക്ലാസില്‍ പണ്ട് അ എന്ന അക്ഷരത്തിന് അമ്മ എന്ന വാക്കും അമ്മയുടെ മുഖവും ശബ്ദവും ഒക്കെയുണ്ടായിരുന്നു. ‘അ’ അക്ഷരത്തില്‍ അമ്മയെ ചേര്‍ക്കുമ്പോള്‍ അമ്മയെന്ന വികാരവും കുട്ടിയുടെ മനസ്സില്‍ രൂഢമൂലമായി മാറിയിരുന്നു.
മറക്കാത്ത മധുരമായി അമ്മയും അമ്മിഞ്ഞപ്പാലും അവന്റെ ജീവിതത്തിന് ഇനിപ്പായിരുന്നു. ഇന്നൊരു പുസ്തകത്തില്‍ അ എന്നതിന് കൊടുത്തിരിക്കുന്നത് അറ എന്നാണ്. അറ എന്ന വാക്ക് അറയൊരുക്കുക എന്നും മറ്റുമുള്ള മണിയറ എന്ന പ്രസ്താവത്തിലേക്കാണ് കുഞ്ഞുമനസ്സിനെ വലിച്ചെത്തിക്കുന്നത്. മാതൃത്വത്തിന്റെ ഇനിപ്പിനപ്പുറം മാദകത്വത്തിന്റെ കനപ്പാണ് അഞ്ചുവയസുകാരനെ തേടിയെത്തുന്നത്. അല്ലെങ്കിലും മിനിസ്ക്രീനിലും മുഴുസ്ക്രീനിലും അവന് കാണുന്നതും അതുതന്നെയാണല്ലോ?.
പറ്റിക്കുകയും പറ്റിക്കപ്പെടുകയും ചെയ്യലാണ് ലോകഗതിയെന്ന പരസ്യപാഠങ്ങളിലൂടെ വളരുന്ന തലമുറ എവിടെയാണ് നന്മയുടെ പാഠങ്ങള്‍ കാണുക. അച്ഛന് മിഠായികൊടുത്ത് ഓടാനയച്ച്, കാമുകനെ വിസിലടിച്ച് വിളിക്കുന്ന പരസ്യങ്ങള്‍ കാണുന്നതും ആസ്വദിക്കുന്നതും അനുകരിക്കുന്നതും നമ്മുടെ കുട്ടികളല്ലേ.
പഴയ അദ്ധ്യാപകര്‍ പാഠ്യഭാഗത്തോടൊപ്പം സമൂഹത്തിന്റെ ഒരു പരിഛേദവും ചേര്‍ത്തുതരുമായിരുന്നു. അങ്ങനെ പുസ്തകത്തിന്റെ പുറത്തുകടന്ന് സമൂഹത്തെയൊന്ന് തോണ്ടി നന്മയും തിന്മയും പരാമര്‍ശിച്ച് പൊതുകാര്യങ്ങളിലൂടെ കറങ്ങിത്തിരിഞ്ഞ് പുസ്തകത്തിലേക്ക് തിരിച്ചെത്തുന്ന എത്ര ഗുരുനാഥന്മാരുണ്ടായിരുന്നു. ചുറ്റുപാടിനെ കണ്ണുതുറന്ന് കാണുകയും കാതുതുറന്ന് കേള്‍ക്കുകയും ചെയ്യുന്നവര്‍. അവര്‍ക്ക് സ്ഥാപിത താല്പര്യങ്ങളോ രാഷ്ട്രീയച്ചുവയോ കാണിക്കാന്‍ സാധിച്ചിരുന്നില്ല. വെറുതെ, ഞാനോര്‍ത്തുപോയത് എന്റെ പഴയ അച്യുതമേനോന് മാഷെയായിരുന്നു.
അക്ഷരസ്ഫുടതയില്ലെങ്കില് പോയിട്ട് നാവു വടിച്ച് വാ എന്ന് ഉറക്കെപ്പറയുന്ന മാഷ്. അഞ്ചാം ക്ലാസില്‍ മാഷ്, ഇവാന്റെ കഥ അഥവാ എല്ലാവരുടേയും കഥ എന്ന ഉപപാഠപുസ്തകം പഠിപ്പിക്കുകയാണ്. ഒരധ്യായത്തിന്റെ ഒന്നാമത്തെ ഖണ്ഡിക വായിക്കാന്‍ നറുക്ക് വീണത് എനിക്ക്. വലിയ അഭിമാനത്തോടെയും ചെറിയൊരു പേടിയോടെയും എഴുന്നേറ്റ് നിന്നുവായന തുടങ്ങി ഞാന്‍. നിര്‍ത്തിയ വാചകം ഇങ്ങനെയായിരുന്നു. ഇവാന് ഭൂതത്തെ കണ്ടു. മാഷ് ആ വാചകം സ്വയം പറഞ്ഞു. എന്നിട്ട് എടുത്തടിച്ചൊരു ചോദ്യം. കണ്ടു ആരാ?. ഞാന്‍ പറഞ്ഞു. ഇവാന് കണ്ടു. മാഷ് വീണ്ടും. കണ്ടു ആരാന്നാ ചോദിച്ചത്. ഞാനെന്തു പറയാനാ. ചോദ്യം മനസ്സിലാവണ്ടേ?. എന്റെ പരുങ്ങലും ജാള്യതയും മറ്റു കുട്ടികളുടെ അമര്‍ത്തിയ ചിരിയും കണ്ടിട്ടാവണം, മാഷ് ഒട്ടൊന്നലിഞ്ഞു. എന്നിട്ട് പറഞ്ഞു. കണ്ടു, കല്ലാത്തൂരമ്പലത്തിലെ വെളിച്ചപ്പാടാണ് എന്നറീല്യേ?. ഞാന്‍ തലതാഴ്ത്തി.
എന്നും രാവിലെയും വൈകിട്ടും പോവുന്ന ക്ഷേത്രത്തിലെ കോമരത്തിന്റെ പേരാണ് കണ്ടു- കണ്ടു നായരെന്ന കണ്ട്വാര്. ഇയ്യാളെ ഞാന്‍ എങ്ങനെ ഇവാന്റെ നുകത്തില്‍ കെട്ടും. എനിക്ക് വെളിച്ചപ്പാട് ഭയപ്പാടാണ്. ചുവപ്പുചുറ്റി അരമണിയും കാല്‍ച്ചിലമ്പും അറ്റം പൊട്ടിയ വാളുമായി ഹിയ്യോ ഹിയ്യോ എന്നുപറഞ്ഞ് അയാള്‍ നൃത്തച്ചുവടുമായി പുറത്തു ചാടുമ്പോള്‍ എനിക്ക് സത്യത്തില്‍ മൂപ്പരെ പേടിയായിരുന്നു.
അമ്മമ്മയുടെ കൂടെ വികൃതികളുമായി നടക്കുമ്പോള്‍ അത്യാവശ്യം വഴക്കുപറയുവാനുളള സ്വാതന്ത്ര്യവും വെളിച്ചപ്പാടിനുണ്ടായിരുന്നു. ഇവാന്റെ കഥയിലെ വെറും ക്രിയാപദത്തെ ഇത്രപെട്ടന്ന് സിക്സറടിച്ച് ക്ഷേത്രത്തിലെത്തിച്ച് ജീവന് കൊടുക്കാന്‍ അച്യുതമേനോന് മാഷിനെ സാധിക്കു. അതാണ് പണ്ടത്തെ അധ്യാപകര്‍. അവര്‍ സ്വയം വലിപ്പം നടിച്ചിരുന്നില്ല. ബസ്സറമര്‍ത്തി ഉത്തരം പറയിപ്പിക്കുന്ന ചോദ്യാവലിയായിരുന്നില്ല അവരുടെ പുസ്തക പരിചയം. ഏതായാലും ഇവാന് കണ്ട ഭൂതത്തിന് കുറേക്കാലമെങ്കിലും കണ്ടു വെളിച്ചപ്പാടിന്റെ ഛായയുണ്ടായിരുന്നു എന്നു തീര്‍ച്ച.
ജീവിതം പിഴിഞ്ഞു കഴിക്കുന്ന പുതിയ യുവതരംഗത്തെക്കുറിച്ചോര്ത്തപ്പോഴാണ് കാടുകയറിയത്. പക്ഷേ, കൂടെവിടെ. കയറുവാനൊരു കാടുപോലുമില്ലാതെ, കുഴച്ചുകളിക്കാനിത്തിരി നനമണ്ണുപോലും നിഷേധിക്കപ്പെട്ട കുഞ്ഞുങ്ങള്‍. കമ്പ്യൂട്ടര്‍ കളങ്ങളില്‍ ജീവനില്ലാത്ത രൂപങ്ങളെ ഓടിച്ചും ചാടിച്ചും സമയം കൊല്ലുന്നവര്‍. ഒരു തുമ്പിയെക്കൊണ്ടും കല്ലെടുപ്പിച്ച് കളിക്കാത്തവര്‍. നീന്തിക്കയറാനൊരു നാട്ടുകുളം പോലും അന്യമായവര്‍.
നാലുകെട്ടിന്റെയുള്ളിലെ ഇരുട്ടുമുറികളില്‍ ചെകുത്താനെ സങ്കല്‍പ്പിക്കുന്ന ബാല്യം അനുഭവിക്കാത്തവര്‍. ഒരു കൊത്താങ്കല്ലുകളിക്കാതെ, തൊട്ടാവാടിയുടെ മുള്ളുകുത്തുന്ന രസംപോലും അറിയാതെ കെട്ടിമറയ്ക്കപ്പെട്ടു ജീവിക്കുന്ന ബാല്യങ്ങള്‍. ഞങ്ങള്‍ ആസ്വദിച്ച ആ ബാല്യം ഇവര്‍ക്കില്ല. പക്ഷേ, ഇവര്‍ ജീവിതം ആവശ്യത്തില്‍ ്കൂടുതല്‍, പ്രായത്തില്‍ കൂടുതല്‍ കാണാന്‍ വിധിക്കപ്പെട്ടവരാണ്. നിഷ്കളങ്കത കൈമോശംവന്ന് നിസ്സഹായരായവര്‍.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: