സ്വാതന്ത്ര്യസമരത്തിന്റെ വിവിധ ധാരകളില്‍പ്പെട്ട പോരാളികളുടെയും മറ്റു മേഖലകളില്‍ രാഷ്ട്രത്തിന്റെ വഴിവിളക്കുകളായിരുന്ന പ്രതിഭാധനരുടെയും ധാര്‍മിക ആധ്യാത്മികമേഖലകളിലെ മഹാത്മാക്കളുടെയും സ്മരണകളെ ഉണര്‍ത്തുന്നതിനും അവര്‍ക്ക് അര്‍ഹമായ സ്ഥാനവും ആദരവും നല്‍കുന്നതിനും ഭാരതീയ ജനതാ പാര്‍ട്ടി നേതൃത്വം നല്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ എടുത്തുവരുന്ന നടപടികളില്‍ അരിശം പൂണ്ട കോണ്‍ഗ്രസ്, കപട മതേതര, പുരോഗമന, ഇടതുപക്ഷ, വര്‍ഗീയ ശക്തികളുടെ വിറളി പൂണ്ട ആക്രോശങ്ങള്‍ മുഴങ്ങുകയാണ്.
ഏതാനും വര്‍ഷങ്ങളായി നമ്മുടെ തപാല്‍ മുദ്രകളില്‍ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ചിത്രങ്ങള്‍ മാത്രമേ കാണുന്നുള്ളൂ. നെഹ്റു-വ്യാജ ഗാന്ധി കുടുംബത്തിലെ അംഗങ്ങളല്ലാത്തവര്‍ക്ക് പുറത്തേക്കിലവെച്ച് വിളമ്പുന്ന പാരമ്പര്യമായിരുന്നല്ലൊ ഇത്രനാളും നിലനിന്നത്. അവരോടൊപ്പം തന്നെ രാഷ്ട്ര ജീവിതം പടുത്തുയര്‍ത്തുന്നതിന് സംഭാവന ചെയ്തവരെല്ലാം അവഗണിക്കപ്പെടുകയായിരുന്നു. ഭാരതത്തിന്റെ തനതായ ഒരു രാജനൈതിക, സാമ്പത്തിക പ്രത്യയശാസ്ത്രത്തിന് രൂപം നല്കി മാനവസമുദായത്തിന്റെ ഏകാത്മകമായ വികാസത്തിന് ചൂണ്ടുപലകയായി അതിനെ പ്രതിപാദിക്കുകയും ചെയ്ത മഹാമനീഷിയായിരുന്ന ദീനദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി പ്രമാണിച്ച് ദല്‍ഹിയിലെ തീന്‍മൂര്‍ത്തി ഭവനിലെ ജവഹര്‍ലാല്‍ നെഹ്റു സ്മാരക മ്യൂസിയത്തിന്റെ ഹാളില്‍ ഒരു പ്രദര്‍ശനം സംഘടിപ്പിച്ചതിനെ ചൊല്ലിയായിരുന്നു രോഷപ്രകടനവും കലിതുള്ളലും.
നെഹ്റു മ്യൂസിയം അദ്ദേഹത്തിന്റെതല്ലാത്ത സംഭാവനകളുടെ പഠനത്തിനും ഗവേഷണത്തിനും കൂടിയുള്ള സ്ഥാപനമാണ് എന്നത്രേ വയ്പ്. ദീനദയാല്‍ പ്രദര്‍ശനം അവിടെ നടന്നത് എന്തോ അയിത്തമുള്ള അകൃതവസ്തു അവിടെ കൊണ്ടു ചെന്നിട്ടതുപോലെയാണ് മേല്‍പ്പറയപ്പെട്ട കൂട്ടര് കണക്കാക്കുന്നത്. അതിനും പുറമേ, മഹന്ത് അവൈദ്യനാഥ് എന്ന ഗോരഖ നാഥ് പീഠാധിപതിയുടെ സമാധി ഒരു വര്‍ഷമായതിന്റെ സ്മരണക്കായി തപാല്‍ മുദ്ര ഇറക്കാന്‍ തീരുമാനിച്ചതും പരക്കെ കോലാഹലത്തിനിടയാക്കി. അയോധ്യ ശ്രീരാമജന്മ സ്ഥാനത്ത് ക്ഷേത്രം നിര്‍മിക്കാനായി രൂപീകൃതമായ ട്രസ്റ്റിന്റെയും സമിതിയുടേയും സ്ഥാപകാധ്യക്ഷനും ഗോരഖ്പൂരില്‍നിന്ന് അഞ്ചുതവണ ലോക്സഭാംഗമായിരുന്നു അവൈദ്യനാഥ് എന്ന സന്ന്യാസി.
ഇതില്‍പ്പരം ആക്ഷിപ്തനാകേണ്ട ഒരു മനുഷ്യനുണ്ടോ എന്ന മട്ടിലാണ് അത്ഭുതം.
ദേശീയ ദിനപത്രമെന്ന് നെറ്റിയിലൊട്ടിച്ചുകൊണ്ട് പ്രസിദ്ധീകരിക്കപ്പെടുന്ന ‘ദ ഹിന്ദു’വെന്ന അഹിന്ദു പത്രം ഈ പ്രചാരണ പ്രസ്ഥാനത്തിനു നേതൃത്വം കൊടുക്കുകയാണ്. ദിവസേന എന്നവണ്ണം അതില്‍ വിദഗ്ദ്ധ ബുദ്ധിജീവികളുടേയും മതേതരന്മാരുടെയും ലേഖനങ്ങളുടെ പ്രളയം തന്നെയുണ്ട്. മാതൃഭൂമി പോലുള്ള മലയാള മാധ്യമങ്ങളും ഒട്ടും കുറഞ്ഞ തോതിലല്ല വിഷം ചീറ്റുന്നത്. മദനമോഹന മാളവ്യക്ക് (മരണോപരാന്തവും) അടല്‍ബിഹാരി വാജ്പേയിക്കും ഭാരതരത്ന സമ്മാനിച്ചതും ദല്‍ഹിയിലെ ഔറംഗസേബ് റോഡിന് എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പേരു നല്കിയതും എടുത്തുകാട്ടിക്കൊണ്ടാണ് ഒരു ലേഖനം ആരംഭിക്കുന്നത്. ലാല ലജ്പത്റായി, സര്‍ദാര്‍ പട്ടേല്‍, മാളവിയജി എന്നിവരുടെ പുഴുതിന്നു കേടായ ചിത്രങ്ങളെ മനോഹരമായി നവീകരിച്ചത് ലേഖനത്തില്‍ ചേര്‍ത്തിട്ടുമുണ്ട്.
നമ്മുടെ സ്വാതന്ത്ര്യസമരഭടന്മാരില്‍ നെഹ്റു കുടുംബത്തിനു പുറത്തുള്ളവരെ മുഴുവന്‍ കോണ്‍ഗ്രസ് തമസ്കരിക്കാന്‍ ശ്രമിക്കുകയായിരുന്നല്ലൊ. സര്‍ദാര്‍ പട്ടേലും നേതാജി സുഭാഷ് ചന്ദ്രബോസും നെഹ്റുവിന്റെ മാര്‍ഗത്തിലെ കടമ്പകളായിരുന്നുവെന്നതിനാല് തന്നെ പിന്തള്ളപ്പെട്ടവരായി. ഗാന്ധിജി എതിര്‍ത്തിട്ടും നേതാജി, കോണ്‍ഗ്രസ് പ്രസിഡന്റായി. എന്നിട്ടും വര്‍ക്കിങ് കമ്മറ്റിയംഗങ്ങളെ നിര്‍ദ്ദേശിക്കാന്‍ അദ്ദേഹം ഗാന്ധിജിയോടഭ്യര്ത്ഥിച്ചു.
ആ വര്‍ക്കിങ് കമ്മറ്റി, അസുഖബാധിതനായിരുന്ന നേതാജിയെ എങ്ങനെയാണ് നിശ്ചലനാക്കിയതെന്ന് രാജേന്ദ്രപ്രസാദും പട്ടാഭി സീതാരാമയ്യയും മൗലാനാ ആസാദും എഴുതിയിട്ടുണ്ട്. എന്നിട്ടും ഐഎന്‍എയുടെ നേതൃത്വം ഏറ്റെടുത്തുകൊണ്ടു ചെയ്ത പ്രക്ഷേപണത്തില്‍ നേതാജി, ഗാന്ധിജിയെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ചു. ആ നേതാജിയുടെ കുടുംബാംഗങ്ങളെപ്പോലും രഹസ്യനിരീക്ഷണത്തിന് കോണ്‍ഗ്രസ് സര്‍ക്കാര്‍ വിധേയമാക്കിയിരുന്നുവെന്നാണല്ലൊ ഈയിടെ വെളിവാക്കപ്പെട്ടത്.
ഭൂരിപക്ഷം വര്‍ക്കിങ് കമ്മറ്റി അംഗങ്ങളും പിന്തുണച്ചിട്ടും ഗാന്ധിജിയുടെ അഭിലാഷപ്രകാരം സര്‍ദാര്‍ പട്ടേല്‍ നെഹ്റുവിനു വഴിമാറിക്കൊടുത്തു. പട്ടേലിന്റെ അഭിപ്രായങ്ങള്‍ നിരാകരിച്ചുകൊണ്ടു നെഹ്റു കശ്മീരിന്റെയും തിബത്തിന്റെയും കാര്യത്തില്‍ എടുത്ത നടപടികള്‍ ഇന്നും എത്ര കഠിനമായ തലവേദനയാണ് രാഷ്ട്രത്തിനുണ്ടാക്കുന്നതെന്ന് നാം കാണുന്നു. ഭാരതത്തിന്റെ രാഷ്ട്രീയ ഐക്യത്തിന്റെ ശില്‍പ്പിയായ ആ ഉരുക്കുമനുഷ്യന്, ഉരുക്കുകൊണ്ടുള്ള പ്രതിമയില്‍ സ്മാരകം നിര്‍മിക്കാന്‍ നരേന്ദ്രമോദി തുടക്കമിട്ടത് മറ്റൊരു മഹാപാതകമായി. അതിനാവശ്യമായ ഉരുക്കു തയ്യാറാക്കുന്നത് ഭാരതത്തിലെ ആറുലക്ഷം ഗ്രാമങ്ങളില്‍നിന്ന് ശേഖരിച്ച ഉപയോഗശൂന്യമായ കാര്‍ഷികോപകരണങ്ങള്‍ ശേഖരിച്ചാണ്.
മോദി സര്‍ക്കാര്‍ മറ്റൊരു പാതകം കൂടി ചെയ്തു. അന്തമാനിലെ സില്വര്ജയിന്റെ മുന്നില്‍നിന്ന്, കോണ്‍ഗ്രസ് മന്ത്രിയായിരുന്ന മണി ശങ്കരയ്യരുടെ നിര്‍ദ്ദേശപ്രകാരം നീക്കം ചെയ്ത സവര്‍ക്കര്‍ സ്മാരകം പുനഃസ്ഥാപിച്ചു. ആര്‍എസ്എസിന്റെ ഹിന്ദുത്വസിദ്ധാന്തത്തിന്റെ ആദി മൂലം സവര്ക്കറുടെതാണെന്ന വായ്ത്താരി ആവര്‍ത്തിച്ചുകൊണ്ടാണ് ഇടതു മതേതര (കപട)ബുദ്ധിജീവികള്‍ പുറപ്പെട്ടിരിക്കുന്നത്.
ആരായിരുന്നു ഈ സവര്‍ക്കര്‍? സോവിയറ്റ് റഷ്യയുടെ സ്ഥാപകനായിരുന്ന സാക്ഷാല്‍ ലെനിന്, ലണ്ടനില്‍ ഒളിവില്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹവുമായി സമശീര്‍ഷനായി വിപ്ലവാശയ വിനിമയം നടത്തിയ ആള്, ജവഹര്‍ലാല്‍ നെഹ്റു ഇംഗ്ലണ്ടിലെ രാജകുമാരന്മാര് പഠിക്കുന്ന കോളേജില്‍, പാരീസില്‍ അയച്ച് അലക്കിയ വസ്ത്രങ്ങള്‍ ധരിച്ച് തനിധ്വരയായി അവര്‍ താമസിച്ച കാലത്ത്, ഭാരതത്തിലെ സ്വാതന്ത്ര്യപ്രസ്ഥാനത്തെക്കുറിച്ച് ഒന്നുമറിയാതിരുന്ന കാലത്ത്, ലണ്ടനിലും ഫ്രാന്‍സിലും മറ്റും താമസിച്ചിരുന്ന ഭാരതീയരെ ബ്രിട്ടീഷ് ഭരണത്തിനെതിരെ സംഘടിപ്പിക്കുകയും വിപ്ലവകാരികളുടെ ‘ഗീത’ എന്ന വിശേഷിപ്പിക്കപ്പെട്ട 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരമെന്ന ബൃഹദ് ഗ്രന്ഥം എഴുതുകയും ചെയ്ത്, ബ്രിട്ടീഷ് ഭരണം, രണ്ടുജീവപര്യന്തം നാടുകടത്തലിനു ശിക്ഷിച്ച ‘വിപ്ലവകാരികളുടെ രാജകുമാര’നായിരുന്ന സവര്‍ക്കര്‍.
അന്തമാനിലെ തടവറയുടെ ഭിത്തിയില്‍ കല്ലിന്കഷ്ണങ്ങള്ക്കൊണ്ട് മറാഠി ഭാഷയിലെ അനശ്വരങ്ങളായ കാവ്യങ്ങള്‍ എഴുതി, സഹതടവുകാരന് മനഃപാഠമാക്കിച്ചു പുറത്തെത്തിച്ച കവി. സ്വന്തം നാടുകടത്തലിന്റെ ഇതിഹാസം എഴുതിയ മഹാന്, 14 വര്‍ഷം അന്തമാനിലും 13 വര്‍ഷം മഹാരാഷ്ട്രയിലെ രത്നഗിരിയിലും തടവുകാലം അദ്ദേഹം കഴിച്ചുകൂട്ടി. അവിടെ ഏറ്റവും ദളിതവിഭാഗത്തില്പ്പെട്ടവര്ക്കായി പതിതപാവന മന്ദിരം സ്ഥാപിച്ചു.
പിന്നാക്കജാതിക്കാരനെ പൂജാരിയാക്കി ഗാന്ധിജിയുടെ പ്രശംസ നേടി. മറാഠി ഭാഷയിലെ ലിപി പരിഷ്കരണത്തിനു മുന്‍കൈയെടുത്തു. തീവ്രഹിന്ദുത്വാഭിമാനിയായിരുന്നെങ്കിലും തന്റെ മരണശേഷം മതപരമായ ശേഷക്രിയകള്‍ അദ്ദേഹം വിലക്കിയിരുന്നു. ഭാരതചരിത്രത്തിലെ ആറു സുവര്ണഘട്ടങ്ങള് എന്ന അവസാനഗ്രന്ഥം ആവേശദായകമാണ്. ബ്രിട്ടീഷുകാര്‍, വിധിച്ച രണ്ടു ജീവിപര്യന്തത്തിന്റെ കാലാവധിയേയും അദ്ദേഹം അതിജീവിച്ചു. മഹാരാഷ്ട്രയിലെ ജനങ്ങള്‍ 1961 ല്‍ സവര്‍ക്കര്‍ മൃത്യുഞ്ജയദിനം ആഘോഷിച്ചു.
പക്ഷേ നെഹ്റുവും കൂട്ടരും അദ്ദേഹത്തോടെങ്ങനെ പെരുമാറി, ഗാന്ധി വധക്കേസില്‍ പ്രതിയാക്കി അറസ്റ്റു ചെയ്തു (വിചാരണയ്ക്കുമുമ്പുതന്നെ കോടതി അദ്ദേഹത്തെ വിട്ടയച്ചു). ബ്രിട്ടീഷ് ഭരണം 1911 ല്‍ കണ്ടുകെട്ടിയ കുടുംബസ്വത്തും സര്‍വകലാശാലാ ബിരുദവും സ്വാതന്ത്ര്യം കിട്ടിയശേഷവും തിരിച്ചുകൊടുത്തില്ല. മൃത്യഞ്ജയ ദിനത്തില്‍ ഡിഗ്രി തിരികെ കൊടുത്തു. കുടുംബസ്വത്തു മടക്കിക്കൊടുക്കാന്‍ പിന്നെയും സമയമെടുത്തു.
ഈ മനുഷ്യന്റെ സ്മാരകമാണ് മണിശങ്കരയ്യര്‍ എടുത്തുമാറ്റിച്ചത്.വാജ്പേയി സര്‍ക്കാര്‍ പാര്‍ലമെന്റ് വളപ്പില്‍ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചതിനെയും കോണ്‍ഗ്രസ് എതിര്‍ത്തു.
ഭാരതത്തിന്റെ പാര്‍ലമെന്റിനെത്തന്നെ തടങ്കലിലാക്കി, രാജ്യത്തെ മുഴുവന്‍ തടവറയാക്കി, ഭരണഘടനയെ മരവിപ്പിച്ച് നീതിന്യായ വ്യവസ്ഥയെ ബന്ധനത്തിലാക്കിയ ഇന്ദിരാഗാന്ധിയും രാജ്യത്തിന്റെ പൊതുജീവിതത്തില്‍ അഴിമതിയുടെ അണക്കെട്ടുതന്നെ തുറന്നുവിട്ട മകന് രാജീവ് ഗാന്ധിയുമാണ് ഇന്നു കോണ്‍ഗ്രസുകാരുടെ മാതൃകകള്‍. സ്വന്തം ദുഷ്കൃത്യങ്ങള്‍ തന്നെയാണവരുടെ അന്തകരെ സൃഷ്ടിച്ചതും. പക്ഷേ ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ സ്മാരകങ്ങള്‍ അവര്‍ക്കാണ് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്.
1965 ലെ പാക് ഭാരതയുദ്ധത്തില് രാജ്യത്തെ വിജയത്തിലേക്കു നയിച്ച കൃശഗാത്രനെങ്കിലും ധീരഹൃദയനായിരുന്ന പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ മരണത്തെ മൂടിക്കിടക്കുന്ന ദുരൂഹതകള്‍ മാറ്റാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. നേതാജിയുടെ കാര്യത്തില്‍ ഇപ്പോള്‍ ചെറിയ നീക്കം ഉണ്ടായി. സ്റ്റാലിന്റെ കാലത്തെ ദുരൂഹതകള്‍ നിറഞ്ഞ ക്രെംലിന് രേഖകള്‍ മുഴുവന്‍ റഷ്യന്‍ ഭരണം ഇപ്പോള്‍ ഗവേഷകര്‍ക്കായി തുറന്നുകഴിഞ്ഞു. ഇംഗ്ലണ്ടിലും അമേരിക്കയിലും മറ്റു പല ജനാധിപത്യരാജ്യങ്ങളിലും 50 വര്‍ഷം കഴിഞ്ഞ രേഖകള്‍ പുറത്തുവിടുന്നുണ്ട്.
ചരിത്രത്തേയും ചരിത്രവ്യക്തികളെയും യാഥാര്‍ത്ഥ്യബോധമുള്ള വീക്ഷണകോണില്‍ അറിയാനുള്ള അവസരം ജനങ്ങള്ക്കുണ്ടാക്കുകയാണാവശ്യം. സര്‍ക്കാര്‍ അതിനുള്ള ചെറിയ നടപടികള്‍ എടുക്കുമ്പോഴും ചരിത്രപുരുഷന്മാരെ വകതിരിച്ചെടുക്കുകയാണെന്ന (അപ്രോപ്രിയേഷന്‍) മുറവിളിയുമായി മതേതര, ഇടതുപക്ഷ, വര്‍ഗീയ (കു)ബുദ്ധിജീവികള്‍ ചാടിത്തുള്ളുകയാണ്. അതിന്റെയൊക്കെ പഴി ചുമത്തപ്പെടുന്നതാകട്ടെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്മേലും!
പ്രതികരിക്കാൻ ഇവിടെ എഴുതുക: