മാറ്റം വേണമെന്ന് നാമൊക്കെ പറയുന്നുണ്ട്. എന്നാല്‍ എങ്ങനെയാണ് ആ മാറ്റം വരിക. സമൂഹത്തിലെ പ്രശ്നങ്ങള്‍ എന്തൊക്കെയെന്ന് അറിയുകയും അത് നിര്‍ധാരണം ചെയ്യാന്‍ മാനുഷികമായ തരത്തില്‍ മുന്നിട്ടിറങ്ങുകയും ചെയ്യുകയാണ് ഒരു രീതി. എങ്ങനെയാണ് ആ രീതി രൂപപ്പെടുകയെന്നു ചോദിച്ചാല്‍ പെട്ടെന്നൊരുത്തരം പറയാന്‍ കഴിയാത്ത അവസ്ഥയാണ്. എന്നാലോ ഉത്തരമുണ്ടുതാനും. ഇവിടെയാണ് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാശ്യപവേദ റിസര്‍ച്ച് ഫൗണ്ടേഷനെക്കുറിച്ച് അറിയേണ്ടത്. അതിന്റെ കുലപതി സാധാരണക്കാരില്‍ നിന്ന് ഉയര്‍ന്നു വന്ന ഒരസാമാന്യ പ്രതിഭയാണ്.
വേദവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഒരുമാതിരിപ്പെട്ട ആര്‍ക്കും അറിയില്ല എന്നതാണ് വസ്തുത. അഥവാ അതിന്റെ ഏതെങ്കിലും അരികും വക്കും അറിഞ്ഞവര്‍ മറ്റാരെയും അറിയിക്കാതെ, അവരെ കൂട്ടിത്തൊടുവിക്കാതെ അടച്ചുവെക്കും. ഇവിടെയാണ് ആചാര്യശ്രീയെന്ന് ആദരവോടെ ഈയുള്ളവനുള്പ്പെടെ വിളിക്കുന്ന എം.ആര്. രാജേഷ് എന്ന വേദവിജ്ഞാനത്തിന്റെ പ്രസക്തി.
ജാതി-മത-വര്‍ഗ-വര്‍ണ വ്യത്യാസം കൂടാതെ മനുഷ്യജന്മമെടുത്തവര്ക്കൊക്കെ വേദഭഗവതിയുടെ കൃപാകടാക്ഷങ്ങള്‍ക്ക് അദ്ദേഹം അവസരം നല്കുന്നു. എന്നാല്‍ ചില കേന്ദ്രങ്ങള്‍ ഇന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നേരെ മുഖംതിരിച്ചു നില്‍ക്കുന്നുണ്ട് എന്നത് വസ്തുതയാണ്. നന്മയുടെ വെളിച്ചം വേണ്ടെന്ന് ശഠിക്കുന്നവരോട് എന്നും പുഞ്ചിരിച്ചുകൊണ്ട് കണ്ണു തുറക്കൂ, കണ്ണുതുറക്കൂ എന്നത്രേ പറയാനുള്ളത്.
ഇത്രയും പറയേണ്ടിവന്നതിന്റെ കാരണം മറ്റൊന്നല്ല. കാശ്യപാശ്രമത്തിന്റെ യജ്ഞപ്രസാദമായി മഹാഭൂരിപക്ഷം കരുതിപ്പോരുന്ന ഹിരണ്യ മാസിക(ഒക്ടോബര്‍)യില്‍ ആചാര്യ ശ്രീ രാജേഷുമായി അരുണ്‍ പ്രഭാകരന് നടത്തുന്ന അതിമനോഹരമായ ഒരഭിമുഖമുണ്ട്. അതിമനോഹരം എന്നു പറഞ്ഞാല്‍ പോര. ആഴവും പരപ്പും നിറഞ്ഞ ഒരു വ്യക്തിത്വത്തിന്റെ ഉണ്മയിലേക്ക് കത്തിച്ച നിലവിളക്കുമായി പ്രവേശിക്കുകയാണ് ലേഖകന്‍. തലക്കെട്ട് ഇതാ ഇങ്ങനെ: കാലം കാലത്തെ വീണ്ടെടുക്കുമ്പോള്‍. സാര്‍ഥകവും സമ്പന്നവും കരുത്താര്‍ന്നതും മാനുഷികവുമായ മുഖങ്ങളുള്ള കാലത്തുനിന്ന് വഴിപിരിഞ്ഞ് നമ്മള് എത്തിയിരിക്കുന്ന കലുഷകാലത്തിന്റെ ഉമ്മറക്കോലായയില്‍ എന്താണുള്ളതെന്ന് സമഗ്രമായി കാട്ടിത്തരുന്നു ആ അഭിമുഖം. വാസ്തവത്തില്‍ അതിലെ വിശകലനങ്ങള്‍ നമ്മില്‍ കോരിത്തരിപ്പുണ്ടാക്കുന്നവയാണ്.
വനവാസികളും മറ്റുമടങ്ങുന്ന സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ഭരണകൂടമുള്പ്പെടെയുള്ളവരുടെ പരിശ്രമം കൊണ്ട് എന്തു നേടിയെന്ന് നമുക്കറിയാം. ഇന്നും നിഷ്കളങ്കരായി ജീവിക്കുന്ന അത്തരം സമൂഹത്തിന്റെ വംശനാശം ലക്ഷ്യമിട്ടെന്നോണം നിര്‍ബന്ധിതവന്ധ്യംകരണം ഉള്‍പ്പെടെയുള്ളവ നടക്കുന്നു. മാധ്യമങ്ങള്‍ അത് പുറംലോകത്തെ അറിയിക്കുമ്പോള്‍ കളക്ടറും ക്ലര്ക്കുമടങ്ങുന്ന ഭരണകൂട സില്ബന്തികള് പ്രതിരോധനിരയുണ്ടാക്കുന്നു.
എന്നാല്‍ ആ സമൂഹത്തിലുള്ളവരെ സോമയാഗത്തിന്റെ വേദിയില്‍ കൊണ്ടുവന്ന്, അവര്‍ക്ക് വേദവെളിച്ചത്തിന്റെ ഗരിമകാണിച്ചുകൊടുക്കുകയാണ് കാശ്യപാശ്രമം ചെയ്തത്. അത് ആ സമൂഹത്തിന്റെ സ്വത്വത്തിനുള്ള കൈത്താങ്ങായിരുന്നു. അവരുമുള്പ്പെട്ട സമൂഹത്തിന്റെ പാരമ്പര്യമാണ് വേദവും യാഗവുമുള്പ്പെടെയെന്ന് കാണിച്ചുകൊടുക്കാനുള്ള ശ്രമത്തിന് വന്‍ സ്വീകാര്യതയും അംഗീകാരവുമാണ് ലഭിച്ചത്.
കേരളീയസമൂഹത്തിന്റെ കാര്‍ഷിക സംസ്കാരത്തെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് ആചാര്യ ശ്രീ രാജേഷ് നല്കിയ മറുപടി നോക്കുക: പ്രകൃതിയുടെയും, രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും, മനസ്സുകളുടെയും സ്പന്ദനം കൃത്യമായി അറിഞ്ഞ ”വൈദ്യശാല”കളായിരുന്നു ഒരു കാലത്ത് ആശ്രമങ്ങളും ഗുരുകുലങ്ങളും. പ്രാചീന ഋഷിയുടെ ആര്‍ദ്രമായ കണ്ണുകളിലൂടെ പ്രകൃതിയേയും സമൂഹത്തേയും നോക്കിക്കാണുവാന്‍ ശ്രമിച്ചപ്പോഴാണ് വിഷവിമുക്തമായ കൃഷിയുടെ പ്രാധാന്യം എത്രമാത്രമാണെന്ന് ആശ്രമത്തിന് ബോധ്യമായത്.
ആ ബോധ്യം തികച്ചും മാനുഷികമായിത്തന്നെ ആശ്രമം നടപ്പാക്കി എന്നതാണ് യാഥാര്‍ത്ഥ്യം. 2014ല്‍ കോഴിക്കോട്ട് കാശ്യപാശ്രമത്തിന്റെ നേതൃത്വത്തില്‍ ഒരാഴ്ചക്കാലം നീണ്ട സോമയോഗം ദര്‍ശിക്കാനെത്തിയ പതിനായിരങ്ങള്‍ക്ക് സ്വന്തമായി ഉണ്ടാക്കിയ വിഷമില്ലാത്ത അരികൊണ്ടുള്ള ചോറ് വിളമ്പി മാനവികതയുടെ മഹാഹസ്തം നീട്ടിയത് ഇവിടെ അഭിമാനപൂര്‍വം ഓര്‍ത്തുവെക്കേണ്ടതുണ്ട്. ഞങ്ങളാണ് ശരി, ഞങ്ങളിലൂടെയേ ശരിയിലേക്കു പോകാനാവൂ എന്നൊക്കെ ശഠിക്കുന്നവര്‍ക്കു മുമ്പില്‍ തികഞ്ഞ വിനയത്തിന്റെ കേദാരമായി കാശ്യപാശ്രമം നിലകൊള്ളുന്നതിന്റെ പിന്നില്‍ ആത്മാര്‍ത്ഥതയുടെയും ദീനാനുകമ്പയുടെയും ഒരിക്കലും വറ്റാത്ത ഉറവയുണ്ട്. ഏഴുപേജ് നീളുന്ന അഭിമുഖത്തില്‍ പരിലസിക്കുന്നത് ആ സ്നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഉദാത്തമായ ഇഴയടുപ്പമാണ്. അത് മനസിലാവണമെങ്കില്‍ മസിലിന്റെ ബലിഷ്ഠതയില്‍ നിന്ന് മനസിനെ മോചിപ്പിക്കേണ്ടി വരുമെന്നു മാത്രം. തികച്ചും ലളിതമായി അതുചെയ്യാമെന്ന് പറയാതെ പറഞ്ഞുകൊടുക്കുന്നുണ്ട് കാശ്യപാശ്രമം.
മതംമാറ്റ പ്രവര്‍ത്തനത്തിന്റെ ഉള്ളറകളിലേക്കു വെളിച്ചംവീശുന്ന രണ്ട് പരാമര്‍ശങ്ങള്‍ നോക്കുക: ഭാരതീയമായ എല്ലാത്തിനേയും ഇകഴ്ത്തിപ്പറയുക, എതിര്‍ക്കുക ഇതൊക്കെ ചെയ്യുന്ന മാധ്യമലോകം, നിലനില്‍പ്പിനുവേണ്ടി ആശ്രയിക്കുന്ന പണത്തിന്റെ സ്രോതസ്സ് ചെന്നെത്തിനില്ക്കുന്നത് ഹിന്ദുവിനെ മതംമാറ്റാന്‍ സ്വരൂപിച്ചു വെച്ച മൂലധനത്തിലാണോ എന്ന കാര്യം സാധാരണക്കാരായ ഹിന്ദുക്കള്ക്കറിയില്ലെങ്കിലും പണവിനിമയത്തിന്റെ ചാനലുകള്‍ കൃത്യമായി കണ്ടെത്തിയിട്ടുള്ള ഇന്റലിജന്‍സ് വിഭാഗക്കാര്‍ക്ക് അറിയാമെന്ന കാര്യം ഓര്‍ത്തിരിക്കുന്നത് നല്ലതാണ്. അതുകൊണ്ട് എന്‍ജിഒകള്‍ നിയന്ത്രിക്കപ്പെടുമ്പോള്‍, ഒരു ഫോര്‍ഡ് ഫൗണ്ടേഷനും ഗ്രീന്‍പീസും സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കപ്പെടുമ്പോള്‍ പാക്കിസ്ഥാന്റെ ആണവകേന്ദ്രങ്ങളെ ആക്രമിച്ചു തകര്‍ക്കുവാന്‍ ഇന്ത്യ പദ്ധതിയിട്ടിരുന്നുവെന്ന രഹസ്യാന്വേഷണരേഖകള്‍ എവിടെ നിന്നറിയാതെ ലീക്കു ചെയ്യപ്പെടും! മാത്രമല്ല മീശമുളയ്ക്കാത്ത ഹാര്‍ദ്ദിക പട്ടേലന്മാര്‍ നൂറുകണക്കിന് ഉദയം കൊള്ളും. ഇതാണ് ഇവിടെ സംഭവിക്കുന്നത്. മറ്റൊന്ന്: 943 പേര്‍ക്ക് ഒരു പോലീസുകാരന് എന്നതത്രേ ദേശീയ ശരാശരി.
എന്നാല്‍ 600 പേര്‍ക്ക് ഒരു എന്‍ജിഒ എന്ന തോതിലുണ്ട്. ഇതത്രയും വിദേശത്തുനിന്നും പണം പറ്റുന്നവര്‍. എന്തിനുവേണ്ടി? മതം മാറ്റത്തിന് മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തണം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കണം, സ്കൂള്‍ കുട്ടികള്‍ക്ക് ബൈബിള്‍ വിതരണം ചെയ്യണം. ദേശവിരുദ്ധ പ്രക്ഷോഭങ്ങളെയും കാഴ്ചപ്പാടുകളെയും സഹായിക്കണം. അങ്ങനെ ഒരുപാടുകാര്യങ്ങളുണ്ട്. ഇത് ഗൂഢാലോചനയാണ് എന്നുപറയുന്നവരെ വിളിക്കാന്‍ പത്രക്കാരുടെ കയ്യില്‍ സ്റ്റഫുചെയ്തുവെച്ച ഒരു പേരുണ്ട്-വര്‍ഗീയ ഫാഷിസ്റ്റ്. യഥാര്‍ത്ഥ ഫാഷിസ്റ്റുകള്‍ ആരാണെന്ന് അത്യാവശ്യം നമ്മുടെ ജനങ്ങള്‍ അറിഞ്ഞു തുടങ്ങിയിട്ടുണ്ട് എന്നതാണ് ആശ്വാസകരമായ സംഗതി. കാലത്തിന്റെ ഗതിവിഗതികള്‍ അറിഞ്ഞ് സമൂഹത്തെ നയിക്കാന്‍ എന്നും ആചാര്യന്മാരുണ്ടായിരുന്നു എന്നത് ഭാരതത്തിന്റെ സുകൃതമാണ്.
ആ സുകൃതപാരമ്പര്യത്തിന്റെ ഉദാത്ത വെളിച്ചമായി ദൈവത്തിന്റെ സ്വന്തംനാട്ടില്‍ ഒരാചാര്യന്-ആചാര്യ ശ്രീ എം.ആര്. രാജേഷ്. ഒന്നര നൂറ്റാണ്ടു മുമ്പ് വേദസൂര്യനായ മഹര്‍ഷി ദയാനന്ദസരസ്വതി സ്ഥാപിച്ച ആര്യസമാജത്തിന്റെ പരമോന്നതസഭയായ ആര്യപ്രതിനിധി സഭയുമായി കാശ്യപവേദ റിസര്‍ച്ച് ഫൗണ്ടേഷന് എന്തുകൊണ്ട് അഫിലിയേറ്റ് ചെയ്തു എന്നതിന്റെ ലളിതമായ ഉത്തരം ഈ അഭിമുഖത്തിലുണ്ട്. വായനക്കാര്‍ക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തിയ അരുണ്‍ പ്രഭാകരന് കൃതാര്‍ത്ഥാനിര്‍ഭരമായ കൃത്യമാണ് നിര്‍വഹിച്ചിരിക്കുന്നത്.
ഇനിയൊരു ക്ഷമാപണമാണ്. കഴിഞ്ഞ ആഴ്ച ആപ്പിളിന്റെ ബ്രാന്റ് അംബാസിഡറെക്കുറിച്ച് പറഞ്ഞപ്പോള്‍ ന്യൂട്ടണുപകരം ഐന്‍സ്റ്റീനെ പരാമര്‍ശിച്ചു. പ്രിയ വായനക്കാര്‍ ക്ഷമിക്കണമെന്ന് അപേക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: