പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കേ ജില്ലയിലെ റോഡുകള്‍ തകര്‍ന്ന നിലയില്‍. തീര്‍ത്ഥാടകര്‍ ഏറെ ഉപയോഗിക്കുന്ന പുനലൂര്‍ മൂവാറ്റുപുഴ റോഡ്, പന്തളം പത്തനംതിട്ട റോഡ് തുടങ്ങിയ പ്രധാന റോഡുകളെല്ലാം തകര്‍ന്ന നിലയിലാണ്.
പുനലൂരില്‍ നിന്ന് ആരംഭിച്ച് പത്തനാപുരം, കലഞ്ഞൂര്‍, കൂടല്‍, കോന്നി, കുമ്പഴ, മൈലപ്ര, മണ്ണാറക്കുളഞ്ഞി, റാന്നി വഴി മൂവാറ്റുപുഴയ്ക്ക് പോകുന്ന പി.എം.റോഡ് ശബരില തീര്‍ത്ഥാടകര്‍ ഏറ്റവുംഅധികം ദര്‍ശനത്തിനെത്തുന്നതും മടങ്ങുന്നതുമാണ്. കലഞ്ഞൂര്‍ മുതല്‍ കുമ്പഴ വരെയുള്ള പാതയില്‍ റോഡ് മിക്കയിടങ്ങളിലും തകര്‍ന്ന നിലയിലാണ്. കുമ്പഴ മുതല്‍ മണ്ണാറക്കുളഞ്ഞി വരെ സ്ഥിരം റോഡ് തകര്‍ച്ചയിലാണ്. ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങളെല്ലാം കടന്നുപോകുന്ന ഈ റോഡില്‍ ഗര്ത്തങ്ങള്ക്കൊപ്പം വെള്ളക്കെട്ടും രൂപ്പെട്ടിട്ടുണ്ട്.
മൈലപ്ര, മണ്ണാറക്കുളഞ്ഞി മാര്‍ക്കറ്റ് എന്നിവിടങ്ങളാണ് ഏറ്റവുമധികം തകര്‍ന്നു കിടക്കുന്നത്. തീര്‍ഥാടന കാലയളവിന് മുന്‍പ് അറ്റകുറ്റപണി ചെയ്യുമെങ്കിലും ഒരു മാസത്തിനുള്ളില്‍ വീണ്ടും കുഴി രൂപപ്പെടുകയാണ്.
അയ്യപ്പന്റെ മൂലസ്ഥാനമായ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പമ്പയ്ക്ക് പോകുന്ന തീര്‍ത്ഥാടകരും ശബരിമലയില്‍ നിന്നും പന്തളത്തേക്ക് എത്തുന്നവരും ഉപയോഗിക്കുന്ന പന്തളം-പത്തനംതിട്ട റോഡില്‍ മിക്കയിടത്തും വീതികുറവാണ്. തീര്‍ത്ഥാടനക്കാലത്ത് അയ്യപ്പന്മാരുരെ വാഹനങ്ങള്‍കൂടി എത്തുന്നതോടെ ഇത് ഗതാഗതക്കുരുക്കും സൃഷ്ടിക്കും.
റോഡില്‍ മിക്കയിടങ്ങളിലും കലുങ്കു നിര്‍മ്മാണം നടക്കുന്നുണ്ട്. ശബരിമല തീര്‍ഥാടന കാലത്തും ഇതേ രീതി തുടര്‍ന്നാല്‍ തീര്‍ഥാടകര്‍ മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങുമെന്ന കാര്യം ഉറപ്പാണ്.
കൈപ്പട്ടൂര്‍ മുതല്‍ പത്തനംതിട്ട വരെ ബി.എം. ആന്‍ഡ് ബി.സി നിലവാരത്തില്‍ നിര്‍മിച്ച് ഒരു വര്‍ഷം കഴിയും മുമ്പ് റോഡ് തകര്‍ന്നു. ഓമല്ലൂര്‍ കുരിശടിക്ക് സമീപം പൈപ്പു പൊട്ടിയത് നന്നാക്കാന്‍ ആഴത്തില്‍ കുഴിയെടുക്കേണ്ടി വന്നു. ഇതു മൂടിയെങ്കിലും കുഴിയടയ്ക്കാന്‍ സിമിന്റ് ഉപയോഗിച്ചത് വലിയൊരു ഗട്ടറിന്റെ ആഘാതമാണ് വാഹനയാത്രികര്‍ക്ക് നല്‍കുന്നത്. ചിറ്റാര്‍ നീലിപിലാവ് മുതല്‍ തണ്ണിത്തോട് കൂത്താടിമണ്‍ വരെയുള്ള 1.6 കിലോമീറ്റര്‍ ദൂരം വനയാത്ര അപകടകരമാണ്. ഈ പാതയില്‍ മണ്ണൊലിപ്പും വെള്ളക്കെട്ടും ഒഴിവാക്കാന്‍ തറയോട് പാകിയതാണ് യാത്രക്കാര്‍ക്ക് വിനയായിരിക്കുന്നത്. തറയോടിലെ വഴുവഴുപ്പില്‍ വാഹനങ്ങള്‍ തെന്നിമറിഞ്ഞാണ് അപകടങ്ങളുണ്ടാകുന്നത് പതിവായിരിക്കുകയാണ്.
ശബരിമല തീര്‍ഥാടനം തുടങ്ങാന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കുമ്പോഴും റാന്നി മേഖലയിലെ മുഴുവന്‍ പൊതുമരാമത്ത് റോഡുകളുടേയും അവസ്ഥ ഏറെ പരിതാപകരമായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: