അങ്ങനെ പണിയക്കുടിയിലും കരാട്ടെ ബ്ലാക്ക് ബെല്‍റ്റിന്റെ തിളക്കം. മൂലങ്കാവ് തേലമ്പറ്റ കോയാലിപ്പുര കോളനിയിലെ രമേഷ്-ശാന്ത ദമ്പതികളുടെ മകള്‍ രേഷ്മയാണ്(16) ഒക്കിനാവ ഷോറിന് റിയു ഷോറിന് കാന്‍ കാരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയത്. വയനാട്ടില്‍ പണിയ വിഭാഗത്തില്‍നിന്നുള്ള ആദ്യ കരാട്ടെ ബ്ലാക്ക് ബെല്റ്റുകാരിയാണ് രേഷ്മ. പണിയ വിഭാഗത്തില്‍ ഭാരതത്തിലും ആദ്യംതന്നെ. മൂലങ്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം തരത്തിനു ശേഷം ബത്തേരി സെന്റ് മേരീസ് കോളേജില്‍ പ്ലസ് വണ്ണിനു പഠിക്കുകയാണ് രേഷ്മ.
വിദ്യാലയങ്ങളില്‍ സര്‍വ ശിക്ഷ അഭിയാന് പെണ്‍കുട്ടികള്‍ക്കായി പ്രാവര്‍ത്തികമാക്കിയ കായിക പരിശീലന പരിപാടിയാണ് കരാട്ടെ അഭ്യസിക്കുന്നതിന് രേഷ്മയ്ക്ക് വഴിയൊരുക്കിയത്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ പി.ആര്.ചന്ദ്രനു കീഴില്‍ കരാട്ടെയില്‍ പിച്ചവെച്ച രേഷ്മ അര്‍പ്പണബോധത്തോടെ നടത്തിയ പരിശീലനമാണ് ബ്ലാക്ക് ബെല്‍റ്റ് നേട്ടത്തില്‍ എത്തിയത്. 2014 ലാണ് രേഷ്മ ഫസ്റ്റ് ഡിഗ്രി ബ്രൗണ്‍ ബെല്‍റ്റ് സ്വന്തമാക്കിയയത്.
മാതാപിതാക്കളുടെ പ്രോത്സാഹനമാണ് അഞ്ച് വര്‍ഷം മുന്‍പ് ആരംഭിച്ച പരിശീലനം മുടങ്ങാതെ തുടരാന്‍ സഹായകമായതെന്നാണ് രേഷ്മയുടെ അഭിപ്രായം. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ സംസ്ഥാനത്തിനകത്തും പുറത്തുമായി നടന്ന അഞ്ച് കരാട്ടെ മത്സരങ്ങളില്‍ ഒന്നാമതെത്തിയ രേഷ്മ മൂലങ്കാവില്‍ ഏതാനും പെണ്‍കുട്ടികളെ ആയോധനകല അഭ്യസിപ്പിക്കുന്നുമുണ്ട്. കരാട്ടെ അഭ്യാസം പെണ്‍കുട്ടികളില്‍ കായികക്ഷമതയ്ക്കൊപ്പം പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ആത്മവിശ്വാസം വര്‍ധിപ്പിക്കാനും ഉതകുന്നുണ്ടെന്നാണ് രേഷമയുടെ അഭിപ്രായം. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം പട്ടാളത്തില്‍ ചേരണമെന്നാണ് രേഷ്മയുടെ ആഗ്രഹം. ബത്തേരി ഡയറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ എസ്എസ്എ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ഇ.പി. മോഹന്‍ദാസാണ് രേഷ്മയ്ക്ക് ബ്ലാക്ക് ബെല്‍റ്റ് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു.
2013 ലും 2014ലും ബത്തേരിയില്‍ നടന്ന സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കുമിത്തെ, കത്ത ഇനത്തില്‍ രണ്ട് ഗോള്‍ഡ് മെഡല്‍, 2011 ല്‍ മൈസൂരില്‍ നടന്ന നാഷണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കുമിത്തെ മത്സരത്തില്‍ സില്‍വര്‍ മെഡല്‍, 2013ല്‍ കല്‍പ്പറ്റയില്‍ നടന്ന സൗത്ത് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സില്‍വര്‍ മെഡല്‍, 2014ല്‍ ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ സില്‍വര്‍ മെഡല്‍ എന്നിവ രേഷ്മക്ക് ലഭിച്ചിട്ടുണ്ട്.
പരിമിതിക്കുള്ളില്‍ നിന്നാണ് രേഷ്മയുടെ ജീവിതം. കയറിക്കിടക്കാനൊരു കൂരപോലും ഇവര്‍ക്ക് സ്വന്തമായില്ല. അച്ഛന്റെ കൂലിപ്പണിയില്‍ നിന്നുള്ള വരുമാനമാണ് ഏക മാര്‍ഗം. രേഷ്മക്കും സഹോദരന് രാഹുലിനും പഠിക്കുന്നതിനും ഉറങ്ങുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനും കഴിക്കുന്നതിനുമെല്ലാം ഒറ്റ മുറി ഷെഡ് മാത്രം. മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് പണം കണ്ടെത്താനാകാതെ നട്ടം തിരിയുകയാണ് രേഷ്മയുടെ കുടുംബം. ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: