തിരുവനന്തപുരം: സംവരണേതര വിഭാഗത്തിലെ യുവജനങ്ങള്‍ക്ക് പുത്തന്‍ദിശാബോധം നല്കി സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്പ്പറേഷന് നടപ്പിലാക്കുന്ന നൈപുണ്യ സമുന്നതി തൊഴില്‍ പരിശീലന പദ്ധതിക്ക് നാളെ തിരുവനന്തപുരത്ത് തുടക്കമാകും.
സമുന്നതിയും കേരള അക്കാദമി ഓഫ് സ്കില്‍ എക്സലന്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ 10.30ന് മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിക്കും. സംവരേണതര വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതരായ യുവജനങ്ങളുടെ തൊഴില്‍പരമായ അഭിരുചികള്‍ കണ്ടെത്തി പരിശീലനം നല്‍കുകയും അതുവഴി മികച്ച തൊഴിലവസരങ്ങളിലേക്ക് അവരെ പ്രാപ്തമാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുകയുമാണ് പദ്ധതിയുടെ ഉദ്ദേശലക്ഷ്യം. സമുന്നതി ചെയര്മാന് പ്രയാര്‍ ഗോപാലകൃഷ്ണന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പൊതുഭരണ വകുപ്പ് സെക്രട്ടറി കെ. ആര്. ജ്യോതിലാല്‍ പങ്കെടുക്കും.
നൈപുണ്യ സമുന്നതിവഴി നടപ്പാക്കുന്ന പരിശീലന പരിപാടി ഒരുമാസമാണ്. 120 മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ക്ലാസുകളില്‍ പങ്കെടുക്കാന്‍ വേണ്ട അടിസ്ഥാന യോഗ്യത ഹയര്‍സെക്കന്ററിയോ തത്തുല്യമോ ആയിരിക്കും. പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍ക്ക് അനുയോജ്യമായ പരിശീലന ക്ലാസുകളും നൈപുണ്യ സമുന്നതി വഴി ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: