ജൂണ്‍ 15, ഇടമുറിയാതെ പെയ്ത മഴയില്‍ ഇരുവഴിഞ്ഞിപ്പുഴ മൊയ്തീനെ സ്വന്തമാക്കിയപ്പോള്‍ 25 വര്‍ഷം വീട്ടുതടങ്കലില്‍ മൊയ്തീനുവേണ്ടി പോരാടിയ കാഞ്ചനമാലയ്ക്ക് മൊയ്തീനെ നഷ്ടമായി. സാമൂഹ്യവ്യവസ്ഥിതികളോട് പോരാടിയ ആ അനശ്വര പ്രണയത്തിന്റെ ഓര്‍മ്മകളും പേറി 33 വര്‍ഷമായി സ്വയം തീര്‍ത്ത തടവറയില്‍ അവിവാഹിതയായ വിധവയായി കാഞ്ചനമാല ജീവിക്കുന്നു. പുതുതലമുറയ്ക്ക് സങ്കല്പിക്കാന്പോലുമാവാത്ത പ്രണയകഥ. കേവലം പ്രണയത്തിനുപരി പരസ്പര വിശ്വാസത്തിന്റെ, നിലപാടുകളുടെ, സഹനത്തിന്റെ പാഠം പകര്‍ന്നുതരുന്നു. കോഴിക്കോട് മുക്കത്തെ ബി.പി. മൊയ്തീന്റെയും കാഞ്ചനമാലയുടെയും ജീവിതം.
ഇന്ന് ‘എന്ന് നിന്റെ മൊയ്തീന്’ എന്ന ചലച്ചിത്രകാവ്യം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും മനസില്‍ നീറുന്ന നൊമ്പരമായി കാഞ്ചനയും മൊയ്തീനും നിറഞ്ഞുനില്ക്കുന്നു. ഇരുവരുടെയും ജീവിതം അഭ്രപാളിയിലെത്തിക്കാന്‍ നെയ്യാറ്റിന്‍കര പ്ലാമൂട്ടുകട എന്ന ഗ്രാമത്തിലെ ആര്.എസ്. വിമല്‍ എന്ന ചെറുപ്പക്കാരന് പിന്നിട്ട പ്രതിസന്ധികള്‍ ഏറെയാണ്. കാഞ്ചനമാല മൊയ്തീനുവേണ്ടി 25 വര്‍ഷം കാത്തിരുന്നപ്പോള്‍ കാഞ്ചനമാലയുടെയും മൊയ്തീന്റെയും ജീവിതം അഭ്രപാളിയിലെത്തിക്കാന്‍ വിമല്‍ ഉഴിഞ്ഞുവച്ചത് തന്റെ ജീവിതത്തിലെ ഒന്പതുവര്ഷങ്ങളാണ്.
മുക്കം എന്ന ഗ്രാമത്തില്‍ താമസിച്ച് മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയത്തെ പിന്തുടര്‍ന്ന വിമലിനെ ഇന്ന് മുക്കത്തെ ഓരോ മണല്ത്തരിക്കുമറിയാം. മുക്കത്തെ സുല്‍ത്താന്‍ എന്ന് വിളിപ്പേരുള്ള ഉണ്ണി മൊയ്തീന് സാഹിബിന്റെ മകന് മൊയ്തീനും സാഹിബിന്റെ സുഹൃത്തും മുക്കത്തെ പ്രമുഖ തറവാടായ കൊറ്റങ്ങല്‍ വീട്ടിലെ അച്യുതന്റെ മകള്‍ കാഞ്ചനമാലയും തമ്മിലുള്ള പ്രണയകഥ ആദ്യമായി കേള്‍ക്കുമ്പോള്‍ തന്റെ ജീവിതം തന്നെ ഇങ്ങനെ വഴിമാറുമെന്ന് വിമല്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ‘എന്ന് നിന്റെ മൊയ്തീന്’ പ്രദശിപ്പിക്കുന്ന കൈരളി തീയേറ്ററിന്റെ പടവുകളിലിരുന്ന് വിമല്‍ ആ അനുഭവങ്ങള്‍ പങ്കുവച്ചു.
”നെയ്യാറ്റിന്‍കരയിലെ ഒരു തനി നാട്ടിന്‍പുറത്താണ് ജനിച്ചത്. ഏതൊരു മനുഷ്യനെയും സ്വാധീനിക്കുന്നത് അവന് ജനിച്ച നാടും ചുറ്റുപാടുകളും പഠനസാഹചര്യങ്ങളുമൊക്കെയാണ്. പഠിക്കുന്ന കാലത്ത് വായന ഒപ്പമുണ്ടായിരുന്നു. കഥകള്‍ ഇഷ്ടമായിരുന്നു. കുളത്തൂര്‍ ഗവ. ഹൈസ്ക്കൂളിലായിരുന്നു സ്കൂള്‍ ജീവിതം. വെക്കേഷണല്‍ ഹയര്‍സെക്കണ്ടറിയില്‍ കൃഷിയായിരുന്നു വിഷയം.
ചെമ്പഴന്തി എസ്എന്‍ കോളേജില്‍നിന്നും മനഃശാസ്ത്രത്തില്‍ ബിരുദം. കേരള സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രത്തിന്റെ കീഴില്‍ പിജി ചെയ്യുമ്പോഴാണ് തിരുവനന്തപുരം പ്രസ്ക്ലബില്‍ ജേര്‍ണലിസം കോഴ്സ് ചെയ്യുന്നത്. അതിനിടയില്‍ തന്നെ ഒരു ദിനപത്രത്തില്‍ ‘പ്രമുഖരുടെ മറവി’ എന്ന കോളമെഴുതിയിരുന്നു. ജേര്‍ണലിസം കഴിഞ്ഞശേഷം ചെറുതും വലുതുമായ നിരവധി മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇതിനിടെ ഒരു സ്വകാര്യ ചാനലില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ‘സുപ്രീം സാക്രിഫൈസ്’ എന്ന പോഗ്രാം ചെയ്യുന്നത്. ജീവിതത്തില്‍ ത്യാഗം സഹിച്ചവരെക്കുറിച്ചുള്ള പരമ്പരയായിരുന്നു ഇത്.
കോഴിക്കോടുള്ള ബി.പി. റഷീദുമായി എനിക്ക് സൗഹൃദമുണ്ടായിരുന്നു. പരമ്പരയെക്കുറിച്ച് പറയുമ്പോഴാണ് ബി.പി. റഷീദ് തന്റെ ചേട്ടന് മൊയ്തീനെക്കുറിച്ചും കാഞ്ചനമാലയെക്കുറിച്ചും പറയുന്നത്. ഒരു ഹിന്ദു മുസ്ലീം ‘ക്ലീഷേ’ പ്രണയ കഥയല്ലേ ഇത് എന്ന് ആദ്യം തോന്നലുണ്ടായി. എങ്കിലും കാഞ്ചനമാല എന്ന സ്ത്രീ ഇപ്പോഴും മൊയ്തീനു വേണ്ടി അവിവാഹിതയായി ജീവിക്കുന്നുവെന്ന വാചകം എന്നെ മുക്കത്തെത്തിച്ചു. ഞാന്‍ മനസില്‍ ചിന്തിച്ച മൊയ്തീനും കാഞ്ചനമാലയുമായിരുന്നില്ല മുക്കംകാര്ക്ക് ഇരുവരും. മൊയ്തീന് അവരുടെ മനസിലെ ഹീറോയാണ്. ആ കഥ ഡോക്യുമെന്ററിയാക്കാന്‍ തീരുമാനിച്ചു. കാഞ്ചനമാലയമ്മയെ ആദ്യം കണ്ട നിമിഷങ്ങള്‍ എനിക്ക് ജീവിതത്തിലൊരിക്കലും മറക്കാനാവില്ല. ജൂലൈയിലെ ഒരു മഴക്കാലത്താണ് ഞാന്‍ അവിടെയെത്തുന്നത്.
പുലര്‍ച്ചെ കാഞ്ചനയമ്മ വാതില്‍ തുറന്നപ്പോള്‍ ഞാന്‍ ആദ്യം കണ്ടത് മൊയ്തീന്റെ ഹാരമിട്ട ചിത്രവും താഴെയുള്ള വിളക്കുമാണ്. ആ വിളക്ക് കത്തിച്ച് മൊയ്തീന്റെ ചിത്രത്തില്‍ തൊട്ടു തൊഴുത് തലയില്‍ തട്ടമിട്ടാണ് കാഞ്ചനയമ്മ സംസാരിച്ചു തുടങ്ങിയത്. മാംസനിബദ്ധമല്ലാത്ത അനുരാഗത്തിനുവേണ്ടി ജീവിതാന്ത്യം വരെ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്ന കാഞ്ചനയമ്മ, അവരുടെ അനുഭവങ്ങള്‍ ഞാന്‍ കേട്ടിട്ടുള്ള സങ്കല്പകഥകളെയും വിശ്വവിഖ്യാതമായ കഥകളെയും വെല്ലുവിളിക്കുന്നുണ്ടായിരുന്നു.
ഡോക്യുമെന്ററിക്കായി അവര്‍ എന്നെ കൂട്ടികൊണ്ടുപോയത് ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്തുള്ള തെയ്യത്തും കടവിലായിരുന്നു. മൊയ്തീനെ നഷ്ടമായ കടവ്. മൊയ്തീനെ കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോള്‍ മഴ ആര്‍ത്തലച്ചുവന്നു. ആ മഴ മുഴുവന്‍ നനഞ്ഞുകൊണ്ട് നടന്ന് അവര്‍ മൊയ്തീനെക്കുറിച്ച് പറഞ്ഞു, മൊയ്തീന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞു. തിമിര്‍ത്തു പെയ്ത മഴയില്‍ മറിഞ്ഞ തോണിയിലുള്ളവരെ രക്ഷപ്പെടുത്തുന്നതിനിടെ മൊയ്തീനെ ഇരുവഴിഞ്ഞിപ്പുഴ തന്നില്‍നിന്നും തട്ടിയെടുത്തതിനെക്കുറിച്ച് പറഞ്ഞു.”
2007-ല്‍ പുറത്തിറങ്ങിയ ”ജലം കൊണ്ട് മുറിവേറ്റവള്‍” എന്ന ആ ഡോക്യുമെന്ററി വിമലിന് മൂന്നു സംസ്ഥാന അവാര്‍ഡുകളടക്കം 32 അവാര്‍ഡുകളാണ് നേടിക്കൊടുത്തത്. പക്ഷേ കാഞ്ചനമാലയമ്മയുടെ ജീവിതം ഈ തലമുറ അറിയണം എന്ന് വിമല്‍ മനസ്സിലുറപ്പിച്ചിരുന്നു. ”ഇക്കാര്യം ഞാന്‍ മൊയ്തീന്റെ സഹോദരനായ ബി.പി. റഷീദിനോടാണ് ആദ്യം പറയുന്നത്. ഉറപ്പായും ഇത് സിനിമയാക്കാന്‍ ഞാന്‍ ഒപ്പമുണ്ടാകും എന്ന വാക്ക്. ആ വാക്കായിരുന്നു ഏറ്റവും വലിയ സത്യം. നിര്‍മ്മാതാക്കളായ ബിനോയ് ശങ്കരന്, സുരേഷ് രാജ്, രാജിതോമസ് എന്നിവര്‍ എനിക്കൊപ്പംനിന്നു. എല്ലാ പ്രതിസന്ധികളിലും ഇവര്‍ ഒപ്പമില്ലായിരുന്നില്ലെങ്കില് ‘എന്ന് നിന്റെ മൊയ്തീന്’ എന്ന ചിത്രമുണ്ടാകില്ലായിരുന്നു.”
”സിനിമ മനസിലുറപ്പിച്ചതോടെ മാന്യമായ ശമ്പളം കിട്ടിയിരുന്ന മാധ്യമസ്ഥാപനത്തിലെ ജോലി രാജിവച്ചു. മുക്കത്തേക്ക് വണ്ടികയറി. 2009 ലായിരുന്നു അത്. മുക്കത്ത് വീടെടുത്തു. മൊയ്തീനെയും കാഞ്ചനമാലയെയും കൂടുതലറിഞ്ഞു. 2010ൽ പ്രമേയവുമായി പൃഥിരാജിനെ കാണാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. ബി.പി. റഷീദിനും കാഞ്ചനമാലയ്ക്കും പൃഥ്വിരാജ് മൊയ്തീനെ അവതരിപ്പിക്കണമെന്നുണ്ടായിരുന്നു. മറ്റ് പലരേയും കണ്ടു കഥ പറഞ്ഞു. ഒരു സിനിമയിൽ അസിസ്റ്റന്റ്പോലുമല്ലായിരുന്നു ഞാൻ.
പക്ഷേ 2012ൽ പൃഥ്വിരാജ് കഥ കേട്ടു. അന്നുതന്നെ ഈ സിനിമ ഗംഭീരമാകും എന്ന് പൃഥ്വി പറഞ്ഞിരുന്നു. ഒരു പുതുമുഖ സംവിധായകൻ പറഞ്ഞ കഥ അംഗീകരിച്ച്, മൊയ്തീനെ വിശ്വസിച്ച പൃഥ്വിയും മൊയ്തീനെ പിന്നീട് ശരിക്കും പഠിക്കുകയായിരുന്നു. പലതവണ കാഞ്ചനമാലയമ്മയോട് പൃഥ്വി സംസാരിച്ചു. മൊയ്തീനെക്കുറിച്ച് ചോദിച്ചു മനസിലാക്കി. കാഞ്ചനമാലയമ്മയാവാൻ പാർവതി ആ കഥാപാത്രത്തിനായി ചെലവഴിച്ചത് ആറുമാസമായിരുന്നു. അന്ന് പാർവതി തിരക്കുള്ള താരമായിരുന്നില്ല. പക്ഷേ ഒരു കഥാപാത്രത്തോടുള്ള സമീപനമാണ് അവരെ കാഞ്ചനമാലയാക്കിയത്. പലതവണ പാർവതി കാഞ്ചനമാലയെ നേരിട്ടു കണ്ടു. അവരുടെ അനുഭവങ്ങൾ കേട്ടറിഞ്ഞു.”
”സിനിമയുടെ പലഘട്ടങ്ങളിലും പ്രതിസന്ധികള്‍ ഏറെയുണ്ടായി. സാമ്പത്തിക പ്രശ്നങ്ങള്‍മൂലം സിനിമ നിര്‍ത്തിവയ്ക്കുന്ന ഘട്ടം വരെ ഉണ്ടായി. സിനിമയുടെ തിരക്കഥ മുകാംബികയില്‍ പൂജിക്കാന്‍ കൊണ്ടുപോയപ്പോള്‍ ഒപ്പമുണ്ടായിരുന്നത് കാഞ്ചനമാലയമ്മയാണ്. പക്ഷേ കാഞ്ചനമാലയമ്മയെ പിന്നീട് ചിലര്‍ തെറ്റിദ്ധരിപ്പിച്ചു. എനിക്കെതിരെ കേസ് കൊടുക്കാന്‍ പ്രേരിപ്പിച്ചു. ജീവിതത്തില്‍ ഒരുപാട് പരാജയങ്ങള്‍ ഏറ്റുവാങ്ങിയ, കഷ്ടപ്പാടുകളും ഒറ്റപ്പെടലും അനുഭവിച്ച, കാഞ്ചനയമ്മയെക്കൊണ്ട് ചൂടുചോറ് വാരിച്ചവര് ഇന്നല്ലെങ്കില്‍ നാളെ അവരുടെ കാല്ക്കല് വീണ് മാപ്പിരക്കേണ്ടിവരും.”
‘എന്ന് നിന്റെ മൊയ്തീന്’ ഒരു സൂപ്പര്‍ഹിറ്റാണ്. ഒരു യഥാര്‍ത്ഥ പ്രണയകഥ, ഒരു യഥാര്‍ത്ഥ ജീവിതം ജനങ്ങള്‍ക്കു മുന്നിലെത്തിക്കാന്‍ കഴിഞ്ഞു. ആ ജീവിതം ഇന്നത്തെ തലമുറയ്ക്ക് പാഠമാണ്. മതത്തിന്റെയും സാമൂഹ്യവ്യവസ്ഥിതിയുടെയും മതില്‍ക്കെട്ടുകളെ പ്രണയത്തിന്റെ മതംകൊണ്ട് അതിജീവിച്ച മൊയ്തീന്റെയും കാഞ്ചനമാലയുടെയും ജീവിതം ഒരു ജനകീയ സിനിമയാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഒരു അവാര്‍ഡ് കമ്മറ്റിക്കു മുമ്പില്‍ സമര്‍പ്പിക്കേണ്ട പ്രമേയമാക്കി ഇതിനെ മാറ്റാമായിരുന്നു. പക്ഷേ അങ്ങനെ ചെയ്യാതിരുന്നത് മൊയ്തീനെയും കാഞ്ചനമാലയെയും പൊതുസമൂഹം തിരിച്ചറിയണം. അവരെ അംഗീകരിക്കണം എന്നുള്ളതുകൊണ്ടാണ്.”
സിനിമയെക്കുറിച്ചുള്ള വിവാദങ്ങളോട് പ്രതികരിക്കാന്‍ താനില്ലെന്ന് വിമല്‍ പറയുന്നു. ”സിനിമയോട് താന്‍ നീതികേടു കാട്ടിയോ എന്നതിനു മറുപടി പറയേണ്ടത് കാഞ്ചനമാലയോ മൊയ്തീന്റെ സുഹൃത്തായ മുക്കം ഭാസിയോ സഹോദരനായ ബി.പി. റഷീദോ ഒക്കെയാണ്. വേറിട്ട ശബ്ദം കേള്‍പ്പിച്ചാല്‍ ശ്രദ്ധിക്കപ്പെടും എന്നു വിചാരിച്ച് ചിലരുണ്ടാക്കുന്ന വിവാദങ്ങള്‍ക്ക് ഞാന്‍ നിന്നു കൊടുക്കേണ്ടതില്ല.”
‘എന്ന് നിന്റെ മൊയ്തീന്’ കാഞ്ചനമാല ഇതുവരെ കണ്ടിട്ടില്ല. ”കാഞ്ചനയമ്മ അതു കാണരുത് അവരെ എനിക്കറിയാം. മൊയ്തീന്റെ മരണ മുഹൂര്‍ത്തം വലിയ സ്ക്രീനില്‍ കാണുമ്പോള്‍ അവരുടെ ഹൃദയം തകര്‍ന്നുപോകും. വീണ്ടും ആ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അത് താങ്ങാനുള്ള കരുത്ത് കാഞ്ചനമാലയമ്മയ്ക്കുണ്ടാവില്ല.” വിമല്‍ പറയുന്നു.
‘രണ്ടാമൂഴം’ എന്നും നെഞ്ചോടടക്കി അതു സിനിമയാക്കണമെന്ന് സ്വപ്നം കണ്ടുനടന്ന വിമലിന് അടുത്ത സിനിമ വളരെയകലെയാണ്. ”കാഞ്ചനയും മൊയ്തീനും മനസില്‍നിന്നും വിട്ടുമാറിയിട്ടില്ല. എന്ന് കാഞ്ചനയും മൊയ്തീനും മനസില്‍ നിന്നും പിന്മാറുന്നുവോ അന്ന് മറ്റൊരു ചിത്രത്തെക്കുറിച്ച് ആലോചിക്കും”
തിയറ്ററില്‍ മൂന്നുമണിക്കൂര്‍ മാത്രം കാഞ്ചനയെയും മൊയ്തീനെയും പരിചയപ്പെടുന്ന പ്രേക്ഷകമനസുകളെ ഇരുവരും പിന്തുടരുമ്പോള് ഒന്‍പത് വര്‍ഷങ്ങള്‍ കാഞ്ചനയ്ക്കും മൊയ്തീനും വേണ്ടി മാറ്റിവെച്ച വിമലിന്റെ മനസില്‍നിന്ന് അടുത്തകാലത്തെങ്ങും കാഞ്ചനയും മൊയ്തീനും പടിയിറങ്ങില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: