ആപ്പിളിന്റെ ബ്രാന്റ് അംബാസിഡറായി വേണമെങ്കില്‍ നമുക്ക് ഐന്‍സ്റ്റീനെ പ്രതിഷ്ഠിക്കാമായിരുന്നു. വേണമെങ്കില്‍ എന്നല്ല, ശരിക്കും അദ്ദേഹം തന്നെ ആവേണ്ടിയിരുന്നു ബ്രാന്റ് അംബാസിഡര്‍. ടിയാന്റെ തലയില്‍ ആപ്പിള്‍ വീണതുകൊണ്ടാണല്ലോ നമുക്ക് വലിയൊരു ശാസ്ത്രരഹസ്യം പിടികിട്ടിയത്. അല്ലായിരുന്നെങ്കില്‍ എന്താവുമായിരുന്നു സ്ഥിതി. നിര്‍ഭാഗ്യത്തിന് മറ്റു വല്ല ഫലമോ വീണിരുന്നെങ്കിലോ. വേണ്ട, തല്ക്കാലം അങ്ങനെയൊന്നും ചിന്തിക്കേണ്ട. നമുക്ക് ആപ്പിളിലേക്ക് റിട്ടേണടിക്കുക. ഭൂഗുരുത്വബലത്തെപ്പറ്റിയുള്ള അറിവിന്റെ ആദ്യപടിയില്‍ നില്ക്കാന് യോഗ്യത നേടിയ ആ ആപ്പിളിന്റെ സ്വത്വാത്മക വൈവിധ്യത്തിലേക്ക് വിരല്‍ചൂണ്ടുന്നു ഐന്‍സ്റ്റീന്റെ പിന്‍ഗാമി. മൂപ്പര്‍ക്ക് ഇത്തിരി രാഷ്ട്രീയ നിറമുണ്ടെന്നതൊഴിച്ചാല് മുന്നേചൊന്ന പ്രഗല്ഭന്റെ ആയിരംകാതം അടുത്തുപോലും നില്‍ക്കാനുള്ള യോഗ്യതയില്ലെന്നു പറയുന്നു നമ്മുടെ കണാരേട്ടന്. ഓന് ഓരോ പൊയ്വെടിവെക്ക്വാന്നല്ലാതെ വല്ല ക്ലച്ചും പിടിക്ക്വോടോ എന്നാണ് കണാരേട്ടന് ഉവാച.
ഏതായാലും ഐന്സ്റ്റീന് അനുഭവപ്പെട്ട ആപ്പിളല്ല നമ്മുടെ രാഹുലന്റെ ആപ്പിള്‍ എന്ന വ്യത്യാസമേയുള്ളൂ. സ്റ്റീവ് ജോബ്സിന്റെ ആപ്പിള്‍ കമ്പനി പോലെ പടര്‍ന്ന് പന്തലിക്കണം കോണ്‍ഗ്രസ് കമ്പനി എന്നാണ് അദ്യം മൊഴിയുന്നത്. അമ്മയും മകനും അളിയനും ഉള്‍പ്പെട്ട മേപ്പടി കമ്പനിക്ക് കരുത്ത് ചോര്‍ന്നുപോയ അവസ്ഥയില്‍ ആപ്പിള്‍ കമ്പനിയല്ലാതെ മറ്റേത് സ്ഥാപനമാണ് ഊര്‍ജം പകരുക? അങ്ങനെ ആപ്പിള്‍ കമ്പനിയാണെങ്കിലും ആപ്പിള്‍ എന്നു കേള്‍ക്കുമ്പോള്‍ നമുക്കു മുമ്പിലേക്കുവരുന്ന തുടുത്ത ആ ഫലത്തിന് ഒരു ന്യൂജന്‍ ബ്രാന്റ് അംബാസിഡര്‍ (ശരീരത്തിന്റെ വയസ്സല്ല, മനസ്സിന്റെ വയസ്-കടപ്പാട് ഫെയ്സ്ബുക്ക്) സ്വയമേവ രംഗപ്രവേശം ചെയ്യുകയാണെങ്കില്‍ ഇതില്പരം സന്തോഷിക്കാന്‍ മറ്റെന്തുണ്ട്? ഏതായാലും പുതിയ ബ്രാന്റ് അംബാസിഡറുടെ പ്രവൃത്തിമൂലം ആപ്പിള്‍ കമ്പനി എങ്ങനെ ആയിത്തീരുമെന്ന് നേരത്തെ കണാരേട്ടന് കണക്കു കൂട്ടിവെച്ചിട്ടുണ്ട്. അതിന്റെ രസാത്മകതലത്തിലേക്ക് നമ്മുടെ ഗോപീകൃഷ്ണന് (മാതൃഭൂമി, സപ്തം. 23) ചില വരകള്‍ കൂടി ഇനാം ചെയ്തത് കാണുക. പക്ഷേ, ബ്രാന്റ് അംബാസിഡറാകാന്‍ യോഗ്യതയുള്ളയാള്‍ ഇടക്കിടെ ആരോടും പറയാതെ മുങ്ങുന്നതിന്റെ പൊരുള്‍ പിടികിട്ടുന്നില്ല. അല്ലെങ്കിലും ആ പാര്‍ട്ടിയിലെ പൊരുളുള്ളവരൊക്കെ പുതിയ വഴികള്‍ തേടിയല്ലോ.
*******
എന്തിനെയും വിറ്റഴിക്കാന്‍ നോക്കുന്ന സമൂഹത്തില്‍ മരുന്നു കമ്പനികള്‍ മാത്രമെന്തിന് വേറിട്ട പാത സ്വീകരിക്കണം? തല്ക്കാലം രോഗത്തിനുള്ള വൈറസ് ഉല്‍പ്പാദിച്ച് വിതരണം ചെയ്യാന്‍ ചെറിയ ചില നിയമ തടസ്സമുള്ള സ്ഥിതിക്ക് മറ്റെന്തൊക്കെ വഴികളാണ് മുന്നില്‍ തിടംവെച്ചു തുള്ളുന്നത്. നാടു മുഴുവന്‍ നായകളിങ്ങനെ തിരുവാതിരയും ഭരതനാട്യവും കാവടിയാട്ടവും നടത്തി നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തുമ്പോള്‍ റാബീസിനെതിരെ വാക്സിന് ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികള്‍ വര്‍ധിതാവേശത്തിലാണ്. ആയിരക്കണക്കിന് വയല്‍ മരുന്നാണ് ആവശ്യമായി വരുന്നത്. മനുഷ്യനോട് സ്നേഹമില്ലാത്ത ചില പ്രകൃതി-ജന്തുസ്നേഹികള്‍ ഈ മരുന്നു കമ്പനികള്‍ക്ക് കുറുക്കുവഴിയിലൂടെ പിന്തുണ നല്‍കുന്നുമുണ്ട്. അത്തരക്കാരുടെ ബ്രാന്റ് അംബാസിഡറായി മംഗ്ലീഷ് ആങ്കറി (ക്ഷമിക്കണേ) സജീവമായതിനാല്‍ പണം കണ്ടയിനര്‍ കണക്കിന് വാരാം. നപുംസകഭരണകൂടമാണെങ്കില് ഒന്നും നേരെ ചൊവ്വേ ചെയ്യുന്നുമില്ല. മുറിപ്പത്തലും കൊച്ചുപിച്ചാത്തിയുമായി വേണം യാത്രയെന്ന തരത്തിലേക്ക് സംസ്ഥാനം മാറിയിരിക്കുന്നു.
നായഭീഷണിയുടെ ഭീകരത എത്രയാണെന്ന വിഷ്വല്‍ ഊംപാക്ട് കവറില്‍ കൊടുത്തുകൊണ്ടാണ് മലയാളം വാരിക (സെപ്തം. 25) പുറത്തിറങ്ങിയിരിക്കുന്നത്. ആ ഭീഷണിയെക്കുറിച്ച് ഗാന്ധിജി പറഞ്ഞതും അതിനൊപ്പം കൊടുത്തിരിക്കുന്നു. ഈ ഭൂമി മനുഷ്യര്‍ക്കു മാത്രമുള്ളതല്ലെന്ന തിരിച്ചറിവിനോടൊപ്പം മറ്റൊന്നുകൂടി ജന്തുസ്നേഹികള്‍ ഓര്‍ക്കണം; മനുഷ്യര്‍ ഇല്ലായിരുന്നെങ്കില്‍ മൊത്തം ജന്തുനീതിയാവുമായിരുന്നു എന്ന കാര്യം. തെരുവുനായയെ വെടിവെച്ചു കൊല്ലാന്‍ നിയമം വേണം എന്നു പറഞ്ഞത് അഹിംസയുടെ ആള്‍രൂപമായിരുന്ന പ്രിയപ്പെട്ട ഗാന്ധിജിയായിരുന്നു. ആ ഗാന്ധിജിയുടെ പേരുപോലും ഉച്ചരിക്കാന്‍ ധാര്‍മികമായി അവകാശമില്ലാത്ത കൊമേഡിയന്മാരാണിപ്പോള് ജന്തുസ്നേഹവുമായി രംഗത്ത് ഉറഞ്ഞുതുള്ളുന്നത്. വര്‍ഷം ഇരുപതിനായിരത്തിലധികം ആളുകള്‍ പേപ്പട്ടി വിഷബാധയേറ്റ് മരിക്കുന്ന രാജ്യത്ത്, രണ്ടേകാല്‍ കോടിയില്‍ അധികം ആള്‍ക്കാര്‍ക്ക് നായയുടെ കടിയേല്‍ക്കുന്ന രാജ്യത്ത് നായ്ക്കളെ ഉന്മൂലനം ചെയ്യുന്നതിനെ എതിര്‍ക്കുന്നവര്‍ ഉപയോഗിക്കുന്ന വാദങ്ങള്‍ ഒരേസമയം പ്രകൃതിവിരുദ്ധവും ഹിംസയുമാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഡോ. എസ്. ഫെയ്സി. തലക്കെട്ട് നേരത്ത കവറില്‍ സൂചിപ്പിച്ചതു തന്നെ: അറിയുമോ ഗാന്ധിജി പറഞ്ഞത്? ”നിയമം വേണം, തെരുവുനായയെ വെടിവെച്ചു കൊല്ലാന്‍.” ഇന്ന് എന്തിന്റെ പേരിലും നാട്ടാരുടെ മുമ്പില്‍ ആളുചമയാന്‍ ഏതുപാധിയും സ്വീകരിക്കാം എന്നതിന്റെ മ്ലേച്ഛമുഖമായിരിക്കുന്നു തല്പരകക്ഷികളുടെ പട്ടിപ്രേമം. നായ്ക്കള്‍ മനുഷ്യരുടെ ഉറ്റകൂട്ടുകാരും രക്ഷകരും ഒക്കെയാണ്, തര്‍ക്കമില്ല. എന്നാല്‍ മനുഷ്യരുടെ കാലനായി മാറിയാല്‍ അവയെ മടിയിലിരുത്തി ഉമ്മവെക്കണമെന്ന് പറഞ്ഞാല്‍ പറഞ്ഞവരുടെ കരണക്കുറ്റി നോക്കി രണ്ട് കൊടുക്കാന്‍ ആളില്ലാത്തതുകൊണ്ടാണ് ഇമ്മാതിരി ഉമ്മാക്കികള്‍ ഉണ്ടാവുന്നത്. നാലുവരി കണ്ടാലും: മുംബൈ നഗരത്തില്‍ മാത്രം കഴിഞ്ഞ ഒരു വര്‍ഷം 80,000 പേരെയാണ് നായ്ക്കള്‍ കടിച്ചത്. ഒരു നിരന്തരയുദ്ധത്തിന്റെ അവസ്ഥ. ഭരണഘടന നല്കുന്ന സുപ്രധാനമായ ജീവിക്കാനുള്ള അവകാശത്തിന്റെ (ആര്‍ട്ടിക്കിള്‍ 21) നഗ്നമായലംഘനം. ഇതിനെതിരെ യുക്തിസഹമായ വകുപ്പുകളും വാദഗതികളും നിരത്തി മനുഷ്യരുടെ ഭീതിയകറ്റാന്‍ എന്തുകൊണ്ടോ ജനാധിപത്യഭരണകൂടങ്ങളും തയ്യാറല്ല. സംഗതിയെന്താ? മരുന്നു കമ്പനികളെ നിയന്ത്രിക്കുന്ന കോര്‍പ്പറേറ്റ് കൊമ്പനാനകള്‍ക്ക് തെരുവുനായ്ക്കള്‍ അസംസ്കൃത വസ്തുവാണ്. അവര്‍ ഏത് ജനാഭിമുഖ്യമുള്ള നേതാവിനെയും തെറ്റിദ്ധരിപ്പിച്ച് അവരുടെ വഴിക്കാക്കും. പാവം കഞ്ഞികുടിക്കാന്‍ പാങ്ങില്ലാത്തവന് പോലും പതിനായിരം കൊടുത്ത് മരുന്നുവാങ്ങും. കോര്‍പ്പറേറ്റിന്റെ ചിരിയില്‍ മുങ്ങിമയങ്ങുന്ന നേതാക്കള്‍ക്ക് പട്ടിണി കിടക്കുന്നവന് വെറുംകീടമാണല്ലോ. ഇതാ ലേഖനത്തില്‍ നിന്ന് മറ്റൊരു നാലു വരി: പൗരന്മാരുടെ ജീവിക്കാനുള്ള അവകാശത്തിനു ഭീഷണിയാകുന്നൊരു ചട്ടം നിര്‍മ്മിക്കാന്‍ ഒരു സര്‍ക്കാരിനും അധികാരം ഇല്ല. പാര്‍ലമെന്റിന് അങ്ങനെയൊരു നിയമം നിര്‍മ്മിക്കാന്‍ പോലും ആവില്ല. അങ്ങനെയിരിക്കെ നമ്മുടെ തെരുവുകളില്‍ നായ്ക്കളെ നിറച്ച് ഭരണഘടനയുടെ സുപ്രധാനമായ ആര്‍ട്ടിക്കിള്‍ 21 ലംഘിക്കുന്നത് മൗലികമായൊരു രാഷ്ട്രീയ പ്രശ്നമാണ്. ഈ പ്രശ്നം രാഷ്ട്രീയമായി തന്നെ തീര്‍ക്കണം. കാരണം രാഷ്ട്രീയം രാഷ്ട്രത്തെ സംബന്ധിച്ചതാണ്. രാഷ്ട്രം നിലനില്‍ക്കുന്നത് ജന്തുക്കളെ മാത്രം ആശ്രയിച്ചല്ല. മനുഷ്യന് അതില്‍ മുഖ്യ പങ്കുണ്ട്. ഇല്ലെന്ന് പറയുന്നത് ആരായാലും അവര്‍ക്ക് മനുഷ്യത്വമില്ല, മാനവികത തീരെയില്ല.
തൊട്ടുകൂട്ടാന്‍
നായ്പ്രേമികള്‍ക്കായി ഇത്തവണ
ഒരു കഥ ഡെഡിക്കേറ്റ് ചെയ്യുന്നു.
പേര്: പട്ടി മഹിഷി
രചന: എം.എം. പൗലോസ്
വര: ജയേന്ദ്രന്‍
പ്രതികരണം: ഭൗ ഭൗ ഭൗ….
പ്രതികരിക്കാൻ ഇവിടെ എഴുതുക: