പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും അനുദിനം വര്‍ധിയ്ക്കുമ്പോള്‍, നിരാശ്രയരായ പെണ്‍കുട്ടികള്‍ക്ക് സാന്ത്വനവും സംരക്ഷണവുമേകാന്‍ കടലോളം വാത്സ്യല്യവുമായി ഒരു സ്നേഹസൗധം. ഔദ്യോഗിക രംഗത്തു നിന്നും വിരമിച്ചവരും ഉന്നത ഉദ്യോഗസ്ഥരുമുള്‍പ്പെടെ പതിനാറുപേരടങ്ങുന്ന മാധവസേവാസമിതി എന്ന സ്നേഹക്കൂട്ടിന്റെ ഉള്‍ക്കരുത്തില്‍ നിന്നും ഉരുത്തിരിഞ്ഞ സംരംഭം.
അവശരും അശരണരുമായ നിര്‍ദ്ധന രോഗികള്‍ക്ക് വൈദ്യസഹായമെത്തിക്കുന്നതിനുള്ള ആദ്യ പദ്ധതി വിജയിച്ചപ്പോള്‍ മാധവം ബാലികാസദനമെന്ന പേരില്‍ അബലകളും ആലംബഹീനരുമായ പെണ്‍കുട്ടികളെ സംരക്ഷിക്കുവാനുള്ള നീക്കത്തെ പലരും എതിര്‍ത്തിരുന്നു. കാരണം പെണ്‍കുട്ടികളുടെ കാര്യമാകുമ്പോള്‍ ഉണ്ടാകുന്ന ആപല്‍ശങ്ക തന്നെ. എന്നാല്‍ എന്തും നേരിടുവാനുള്ള ആത്മധൈര്യത്തില്‍ നിന്നും ചേര്‍ത്തല തുറവൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മാധവസേവാ സമിതി പിന്നോട്ടുപോയില്ല.
തുടക്കം
2003 മെയ് മാസത്തില്‍ ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിന്റെ അംഗീകാരത്തോടെ ഏഴോളം കുട്ടികളുമായി ഈ സംരംഭത്തിന് തുടക്കമിട്ടു. പിന്നീട് ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററിന്റെ സഹായത്തോടെ ധാരാളം കുട്ടികള്‍ വന്നുചേര്‍ന്നു. സമീപദേശത്തെ കുട്ടികളെ കൂടാതെ മറയൂര്‍, കാന്തല്ലൂര്‍, കീഴാനെല്ലൂര്‍,അട്ടപ്പാടി, എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. ബാല്യത്തിലെ നൊമ്പരപ്പെടുത്തുന്ന ഒരുപിടി ഓര്‍മകളെ മാറ്റിനിര്‍ത്തി അവരിപ്പോള്‍ മാധവത്തിന്റെ കൈക്കുടന്നയിലെ വാത്സല്യം നുകരുകയാണ്.
കെ.ജി. ശ്രീധരന് നായര്‍ എന്ന കുട്ടികളുടെ സ്വന്തം ശ്രീധരന് മാമനാണ് ഇപ്പോള്‍ മാധവത്തിന്റെ സെക്രട്ടറി. ഒരു ബാങ്കിന്റെ ഉന്നതാധികാരസ്ഥാനത്തുനിന്നും സ്വമേധയാ വിരമിച്ച് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ചിരിക്കുകയാണ് അദ്ദേഹം. മാതൃവാത്സല്യത്തോടെ കുട്ടികളുടെ ഓരോ നിശ്വാസങ്ങളിലും അതീവ ശ്രദ്ധാലുക്കളാണ് മാതൃസേവാ സമിതിയും ജീവനക്കാരായ പി.ഡി. പൊന്നമ്മയും സിന്ധുവും.
ചിട്ടകള്‍
ചിട്ടകള്‍ക്ക് ഒരു വിട്ടുവീഴ്ചയും ഇവിടെ ചെയ്യാറില്ല. പുലര്‍ച്ചെ നാലുമണിക്ക് മാധവം ഉണരും. ചെറിയ കുട്ടികള്‍ക്ക് അഞ്ച് എന്നൊരു പരിഗണനയുണ്ട്. പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് പ്രാര്‍ത്ഥന. അതിനുശേഷം യോഗ. പിന്നീട് എട്ടുമണിയോടെ പ്രഭാത ഭക്ഷണം. ഓരോ നേരവും ഭക്ഷണത്തിന് മുമ്പ് അന്നം നല്കുന്ന ഈശ്വരനെ സ്മരിച്ച് ഭോജനമന്ത്രം ചൊല്ലാന്‍ കുട്ടികള്‍ മറക്കാറില്ല. പിന്നെ കുട്ടികളെല്ലാം സ്കൂളിലേക്ക്. സ്കൂളുകള്‍ അടുത്തുതന്നെയായതിനാല്‍ ഉച്ചയൂണ് മാധവത്തില്‍ നിന്നുതന്നെ കഴിക്കണമെന്ന നിബന്ധനയുമുണ്ട്. കുട്ടികളുടെ ഇഷ്ടമനുസരിച്ചാണ് ഭക്ഷണം തയ്യാറാക്കുന്നത്.
നാലുമണിക്ക് സ്കൂള്‍ വിട്ടുവന്നാല്‍ ചായയും ലഘുഭക്ഷണവും ഉണ്ടാകും. കുട്ടികള്‍ പഠനത്തിലേക്ക് മാത്രം ഒതുങ്ങിപ്പോവാതെ, കളിച്ചുവളരാനുള്ള അന്തരീക്ഷവും മാധവം ഒരുക്കുന്നു. സന്ധ്യാവന്ദനവും നിര്‍ബന്ധം. പഠിക്കുന്നതിനായി കുട്ടികള്‍ക്ക് ഓരോരുത്തര്‍ക്കും പ്രത്യേക പഠന സൗകര്യവും ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ മാനസികോല്ലാസത്തിനായി വിനോദയാത്രകള്‍ നടത്തുന്നതിനും മാധവം പ്രത്യേകം ശ്രദ്ധകൊടുക്കുന്നു. ചിട്ടയായ ജീവിത ശൈലികള്‍ കൊണ്ട് അച്ചടക്കമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുകയാണ് മാധവം.
നേട്ടങ്ങള്‍
ഉപരിപഠനത്തിന് ശേഷം ആതുരസേവന രംഗത്തേയ്ക്ക് അനവധി കുട്ടികളെ കൈപിടിച്ചുയര്‍ത്താന്‍ മാധവത്തിനായിട്ടുണ്ട്. പഠനത്തില്‍ മാത്രമല്ല, കലാ-കായിക രംഗത്തും പ്രാഗത്ഭ്യം തെളിയിക്കുന്നവരാണ് ഭൂരിഭാഗം വിദ്യാര്‍ത്ഥിനികളും. ജന്മസിദ്ധമായ അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് കിട്ടിയ പുരസ്കാരങ്ങളും അംഗീകാരപത്രങ്ങളും സൂക്ഷിക്കുന്നതിനും മാധവ സേവാസമിതി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
സഹായ ഹസ്തങ്ങള്‍
വിവിധമേഖലകളില്‍ നിന്നും ഒരുപാട് വ്യക്തികളും സംഘടനകളും സഹായഹസ്തവുമായി മുന്നോട്ടുവരുന്നുണ്ട്. സഹായത്തിനായ് ആരേയും സമീപിക്കാറുമില്ല. വഴി അറിയുന്നതിന് വേണ്ടി സ്ഥാപിച്ചിട്ടുള്ള രണ്ട് ബോര്‍ഡുകളിലല്ലാതെ മാധവത്തിന്റെ പേരുമില്ല. ചേര്‍ത്തല തുറവൂര്‍ മന്നത്ത് ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിന്റെ പിന്‍ബലത്തോടെയാണ് ഈ സ്നേഹമന്ദിരം പ്രവര്‍ത്തിക്കുന്നത്. കുട്ടികളുടെ പഠനത്തിനും മറ്റും സഹായിക്കുന്നവരുണ്ട്. അന്നദാനം നടത്തുന്നവര്‍ അന്നേദിവസം മാധവത്തില്‍ കുട്ടികളോടൊപ്പമാണ് ഭക്ഷണം കഴിക്കുക. ഇപ്പോള്‍ 51 കുട്ടികളാണ് മാധവത്തിന്റെ തണലില്‍ കഴിയുന്നത്. ജന്മനാ മാനസിക വൈകല്യമുള്ള പെണ്‍കുട്ടികളുടെ സംരക്ഷണത്തിനായി ഒരു പുതിയ പദ്ധതിയും മാധവത്തിന്റെ ആലോചനയിലുണ്ട്.
ദുഃഖത്തില്‍ വച്ചേറ്റവും വലിയത് നിരാശ്രയത്വമാണെന്ന തിരിച്ചറിവ് കനലായി മനസിലെരിയുമ്പോള് സ്നേഹസാഗരമായി തഴുകുകയാണ് മാധവം. ഇവിടെനിന്നും സ്നേഹപീയൂഷം ആവോളം നുകരുമ്പോഴും സ്വന്തം അന്നത്തില്‍ നിന്നും ഒരു വറ്റും നാണം മറയ്ക്കാന്‍ വസ്ത്രവും നല്കാന് മനക്കരുത്തും ആരോഗ്യവുമുണ്ടെങ്കില്‍ ഒരമ്മയും നൊന്തുപെറ്റ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ മുതിരരുതെന്നുമാണ് ഈ കുരുന്നുമുഖങ്ങള്‍ ഉള്ളുപൊള്ളിച്ചുകൊണ്ട് വിളിച്ചുപറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: