തൂവലിന്റെ ലോകം തീര്‍ത്ത് ലോകത്തിന്റെ നെറുകയില്‍ എത്തിയ ചിത്രകാരിയാണ് ശ്രീജ കളപ്പുരയ്ക്കല്‍. തൂവലുകളുടെ മാസ്മരിക സൗന്ദര്യം അല്പംപോലും കളയാതെ ഇരട്ടി ഭംഗിയില്‍ കാന്‍വാസില്‍ ചിത്രങ്ങളോട് ചേര്‍ത്തുവെച്ച ശ്രീജ ഇന്ന് എത്തി നില്‍ക്കുന്നത് ലോക റെക്കോഡിലാണ്. നിറക്കൂട്ടുകള്‍ക്കൊപ്പം പക്ഷികളുടെ തൂവലുകള്‍ ചേര്‍ത്തിണക്കിയാണ് ശ്രീജ അതിമനോഹരമായ ചിത്രങ്ങള്‍ വരയ്ക്കുന്നത്.
എട്ടുവയസുമുതല്‍ ഒരു കൗതുകമായാണ് പക്ഷികളുടെ മനോഹരമായ തൂവലുകള്‍ ശ്രീജ ശേഖരിച്ചുതുടങ്ങിയത്. ഒരു സുഹൃത്തിന്റെ നിര്‍ബന്ധപ്രകാരമാണ് ലോക റെക്കോഡിനായി അപേക്ഷിച്ചത്. വംശനാശഭീഷണി നേരിടുന്ന പക്ഷികളുടെയും അപൂര്‍വ്വമായി കാണപ്പെടുന്ന പക്ഷികളുടെയും അലങ്കാര പക്ഷികളുടെയും തൂവലുകള്‍ റെക്കോഡിലേയ്ക്ക് പരിഗണിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ശ്രീജയുടെ കൈവശമുള്ളത് ഇവയില്‍നിന്നും വ്യത്യസ്തമായ തൂവല്‍ ശേഖരമായിതിനാല് റെക്കോഡിലേയ്ക്ക് അനായാസമായെത്തി. രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ പക്ഷികളുടെ തൂവല്‍ ശേഖരമുള്ളതും ശ്രീജയുടെ പക്കലാണ്.
രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള വിവിധവര്‍ണ്ണങ്ങളിലുള്ള 108 ഓളം പക്ഷികളുടെ തൂവലുകളാണുള്ളത്. സാധാരണയായി പക്ഷികളുടെ തൂവലുകളില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നതാണ് ഫെതര്‍ ആര്ട്ട്്. എന്നാല്‍ അതില്‍നിന്നും വ്യത്യസ്തമായി ഈ ചിത്രകാരി തൂവലുകളുപയോഗിച്ച് അതിന്റെ പ്രകൃതിദത്തമായ നിറകൂട്ടുകള് നിലനിര്‍ത്തികൊണ്ട് അക്വലിക് പെയിന്റും ഓയില്പെയിന്റുമുപയോഗിച്ച് ചിത്രങ്ങള്‍ വരച്ചിരിക്കുന്നു. തൂവലുകള്‍ക്ക് അനുസൃതമായ നിറങ്ങളില്‍ തൂവലിനുചുറ്റുമായി ചിത്രങ്ങള്‍ വരയ്ക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. പക്ഷിയുടെ പൊഴിഞ്ഞ തൂവലുകള്‍കൊണ്ട് വനവാസിസ്ത്രീയുടെ ചിത്രത്തിന് ജീവന് നല്‍കിയിരിക്കുകയാണ്. സ്ത്രീയുടെ മുടിയും വസ്ത്രവും തൂവലുകളിലൂടെയാണ് വരച്ചുകാട്ടുന്നത്. ചിത്രരചനയും തൂവല്‍ ശേഖരണവും ജീവനെപ്പോലെ സ്നേഹിക്കുന്ന ശ്രീജ ഇതിനോടകം നിരവധി ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്.
‘ലുമിനസ്’ എന്നപേരില്‍ ശ്രീജയുടെ ചിത്രങ്ങളും തൂവല്‍ ശേഖരവും ഫെതര്‍ ആര്‍ട്ട് വര്‍ക്കും മൂന്നിടങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആദ്യത്തേത് ലളിതകലാ അക്കാദമിയിലും രണ്ടാമത്തേത് തൃശ്ശൂര്‍ സിഎംഎസ് ഹയര്‍സെക്കന്ററി സ്കൂളിലും ഒരെണ്ണം എറണാകുളത്തുമായാണ് സംഘടിപ്പിച്ചത്. ലുമിനസ്-1ല്‍ നാട്ടുപൂക്കളും ഗ്രാമങ്ങളില്‍നിന്നുപോലും മറഞ്ഞ ലാന്റ്സ്കേപ്പ് ചിത്രങ്ങളുമാണ് ഒരുക്കിയത്. രണ്ടാമത്തെ പ്രദര്‍ശനം മുതലാണ് ഫെതര്‍ ആര്‍ട്ട് ചിത്രങ്ങളും ഉള്‍പ്പെടുത്തിയത്. കൂടാതെ റെക്കോഡിലേയ്ക്ക് എത്തിച്ച വിവിധയിനം പക്ഷികളുടെ ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ചിരുന്നു. മൂന്നാമത് ഒരുക്കിയ പ്രദര്‍ശനത്തില്‍ ഫെതര്‍ ആര്‍ട്ട് ചിത്രങ്ങള്‍ക്കൊപ്പം ലാന്റ്സ്കേപ്പ് ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രപ്രദര്ശനത്തില്നിന്നും കിട്ടുന്ന വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറണമെന്ന ഉദ്ദേശ്യത്തിലാണ് ആദ്യമായി കൊച്ചിയില്‍ സെയില്കം എക്സിബിഷന് സംഘടിപ്പിച്ചത്. എന്നാല്‍ ശ്രീജയുടെ പ്രതീക്ഷകള്‍ക്ക് വിപരീതമായാണ് സംഭവിച്ചത്. കൊച്ചി ലുലുമാളില്‍ നടന്ന ചിത്രപ്രദര്‍ശനത്തില്‍ ഒരു ചിത്രം മാത്രമാണ് വിറ്റുപോയത്.
സ്കൂള്‍ ടീച്ചറായ ശ്രീജയ്ക്ക് ചിത്രങ്ങള്‍ ഓരോസ്ഥലങ്ങളിലേയ്ക്ക് എത്തിക്കുന്നതിനും പ്രദര്‍ശനം ഒരുക്കുന്നതിനുമായി ലക്ഷങ്ങളാണ് ചെലവ് വരുന്നത്. തന്റെ ചിത്രങ്ങള്‍ ലോക റെക്കോഡിലേയ്ക്ക് എത്തിക്കുന്നതിനൊപ്പം അതില്‍നിന്നും കിട്ടുന്ന വരുമാനത്തിന്റെ ഒരുപങ്ക് നിര്‍ദ്ധനരായവരെ സഹായിക്കുന്നതിന് നീക്കിവയ്ക്കുക എന്ന ലക്ഷ്യമാണ് ഈ ചിത്രകാരിക്കുള്ളത്. എന്നാല്‍ ഇനിയൊരു ചിത്രപ്രദര്‍ശനത്തിന് സാമ്പത്തികസഹായവും ഈ കലാകാരി തേടുന്നുണ്ട്. തൃശ്ശൂര്‍ പൂങ്കുന്നം സ്വദേശിയായ ശ്രീജ, ഹരിശ്രീ വിദ്യാനിധി സ്കൂളിലെ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് അദ്ധ്യാപികയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: