അവന് ചരിത്രം നിര്‍മ്മിക്കാന്‍
അവസ്ഥകള്‍ തിരുത്തുവാന്‍
ജനിച്ചോന്‍ – സൃഷ്ടിയല്ലല്ല
സ്രഷ്ടാവാണവനില് സ്മൃതി
(ഗോത്രയാനം)
ചില തിരഞ്ഞെടുക്കപ്പെട്ട ജന്മങ്ങളുണ്ട്, സ്രഷ്ടാവിന്റെ സ്വഭാവമായ ജ്ഞാനബുദ്ധി ചിന്തയില്‍, പ്രവൃത്തിയില്‍, ജീവിതത്തിലൊക്കെ സ്മൃതിയും സൗരഭ്യവുമായി വിലയം ചെയñ പുണ്യജന്മങ്ങള്. എല്ലാ സന്യാസിമാരും ജ്ഞാനികളാവണമെന്നില്ല. എല്ലാ കവികളും ക്രാന്തദര്ശികളുമാവണമെന്നില്ല. പക്ഷേ സന്യാസിയുടെ നിസ്സംഗതയും, കവിയുടെ ക്രാന്തദര്‍ശിത്വവും, പച്ചമനുഷ്യന്റെ ലാളിത്യത്തില്‍ വിലയിച്ച ജീവിതമായിരുന്നു ഞങ്ങള്‍ മൂന്നു തലമുറ വല്ല്യമ്മാവനെന്നു വിളിക്കുന്ന ഡോ. കെ. അയ്യപ്പപ്പണിക്കരുടേത്.
ഗോത്രയാനത്തില്‍ വിവരിച്ചിരിക്കുന്നതു പോലെ, മീന്കണ്ണാലാര്യശൗര്യത്തെ മൃദുവാക്കുന്ന മീനാക്ഷിയമ്മയുടെയും ഗൗതമഗോത്രക്കാരനായ നാരായണന് നമ്പൂതിരിയുടേയും മൂന്നാമത്തെ മകനും മൂത്ത ആണ്സന്തതിയുമായി 1930 സപ്തംബര്‍ 12 ന്, ‘കടല്‍മാതിന്‍ പൂവാടമേ പുണ്യഭൂവേ’യെന്ന് വള്ളത്തോള്‍ പാടിപ്പുകഴ്ത്തിയ കാവാലത്തിന്റെ മണ്ണിലാണ് ആ കവിതാരകം ഉദയം ചെയ്തത്; സാഹിത്യത്തിലും, പാണ്ഡിത്യത്തിലും, നയതന്ത്രത്തിലും തുടങ്ങി സമസñമേഖലകളിലും ബഹുമുഖത്വം സിദ്ധിച്ച ഒരു വംശാവലിയുടെ പ്രൗഢസംസ്കാരത്തിന്റെ പിന്മുറക്കാരനായി. ശബരിമല ശാസ്താവിനു വഴിപാടു നേര്‍ന്നു കിട്ടിയ പുത്രന് അയ്യപ്പപ്പണിക്കര്‍ എന്നു പേരിട്ടു. പരമസാധുവും സാധ്വിയുമായിരുന്ന അമ്മയുടെ നന്മയും, നന്മയുടെയും, ലാളിത്യത്തിന്റെയും, നര്‍മ്മത്തിന്റെയും ജീവല്സ്വരൂപമായ അച്ഛന്റെയും സത്ഗുണങ്ങള്‍ പുത്രഭാവമായി ഉദയം ചെയñ ശ്രേഷ്ഠജന്മം!
കാവാലം എന്ന കുട്ടനാടിന്റെ ജൈവഭൂമികയില്നിന്നും അറിവിന്റെയും സ്ഥാനമാനങ്ങളുടെയും സമ്പന്നതയിലേക്ക് ഉയര്‍ന്നപ്പൊഴും, അപാരമായ അന്വേഷണതൃഷ്ണയുടെ ഉത്തുംഗതയില്‍ നിന്നുകൊണ്ട് ചക്രവാളങ്ങള്ക്കപ്പുറത്തേക്കെത്തി നോക്കി കവിതപാടിയ നിങ്ങളുടെ കവി, ഗുരുനാഥന്, എന്റെയും ആദ്യഗുരു, പക്ഷേ ജീവിതയാഥാര്‍ഥ്യങ്ങളുടെ നനുത്ത മണ്ണില്‍ കാലുറപ്പിച്ചു തന്നെ നിന്നു. ദന്തഗോപുരങ്ങളുടെ അന്തഃപ്പുരത്തിലിരുന്ന് സര്‍ഗ്ഗസൃഷ്ടിയെ മറ്റാര്‍ക്കും കഴിയാത്ത വിദ്വത്വമെന്നു നടിക്കാതെ, ഹൃദയത്തിന്റെ സ്വാഭാവികസംഗീതമെന്ന് സ്ഥാപിച്ച്, ചിന്തയും, ജീവിതവും, വെറും തോന്നലുകളും പോലും സ്വാഭാവികമായി സംവദിക്കുവാനുള്ള മാധ്യമമാക്കിമാറ്റി കവിതയെ ജനകീയവത്കരിച്ച സാധാരണക്കാരില്‍ സാധാരണക്കാരനായ കവിയുടെ സ്വകാര്യജീവിതത്തെക്കുറിച്ച് – അയ്യപ്പപ്പണിക്കരെന്ന പച്ചമനുഷ്യനെക്കുറിച്ച് എത്ര പേര്‍ക്കറിയാം?
ഗോത്രയാനം, കുടുംബപുരാണം, മൃത്യുപൂജ, കാളിയൂട്ട് തുടങ്ങിയ കവിതകളിലെല്ലാം ആസ്വാദനപരതയുടെയും, വിമര്‍ശന-നിരീക്ഷണ-നിരൂപണങ്ങളുടെയും ബൗദ്ധിക തലങ്ങളില്‍ നിരവധി സഞ്ചരിച്ചിട്ടുള്ളപ്പോഴും, ഞങ്ങള്‍ക്ക് – കുടുംബാംഗങ്ങള്‍ക്ക് അതൊന്നുമായിരുന്നില്ല ആ കവിതകള്‍. അത് അമ്മാവന്റെ ജീവിതമായിരുന്നു, ഞങ്ങളുടെ ജീവിതമായിരുന്നു, മണ്മറഞ്ഞു പോയ മുന്‍തലമുറയുടെ പ്രൗഢസ്മൃതികളെ ഹൃദയവാഹിനിയാക്കിയ തലമുറകളുടെ സങ്കീര്‍ത്തനമായിരുന്നു. നിരൂപകന്മാര് വ്യാഖ്യാനിച്ച ബൗദ്ധികമാനങ്ങള്ക്കപ്പുറം അതിന്റെ യഥാര്‍ഥ സ്വത്വം അയ്യപ്പപ്പണിക്കരുടെയും, അദ്ദേഹത്തിന്റെ വംശപരമ്പരയുടെയും പച്ചയായ ആവിഷ്ക്കാരമായിരുന്നു.
ലോകമറിയുന്ന വല്ല്യ – വല്ല്യമ്മാവനെക്കുറിച്ച് പാമരനായ എനിക്ക്, നിങ്ങളറിയുന്നതിനേക്കാള്‍ യാതൊന്നുമറിഞ്ഞു കൂടാ. എനിക്കറിയുന്ന വല്ല്യമ്മാവന്, ഓര്‍മ്മയില്‍ പരതിയാല്‍, ”കാവാലത്തെ എന്റെ വീടിന്റെ കന്നിക്കോണില്‍ നീണ്ട വെളുവെളുത്ത താടിയും, നിറഞ്ഞ ചിരിയുമായി അന്നൊരു പ്രഭാതത്തില്‍ എന്നെ മടിയിലിരുത്തി നാവിന് തുമ്പില്‍ ഹരിഃശ്രീഃ പകര്‍ന്ന ആദ്യഗുരുവാണ്. കേരള യൂണിവേഴ്സിറ്റിയുടെ ഇംഗ്ലീഷ് വിഭാഗം മേധാവിയായി, ലോകമറിയുന്ന കവിയായിരിക്കെ, സമുന്നതരായ പലരും വിദ്യാരംഭനാളില്‍ അദ്ദേഹത്തെ അവരുടെ മക്കളുടെയും കൊച്ചുമക്കളുടെയും അക്ഷരഗുരുവാക്കാന് തിരുവനന്തപുരത്തെ വീട്ടിലെത്താറുണ്ടെങ്കിലും, ആ പതിവും തിരക്കുകളുമെല്ലാം മാറ്റിവെച്ച് കാവാലം വരെ സഞ്ചരിച്ചെത്താന്‍, ‘വല്ല്യമ്മാവന് എന്റെ കുഞ്ഞിനെ എഴുത്തിനിരുത്തണം’ എന്ന എന്റെ അമ്മയുടെ കേവലമൊരു കത്തിലൂടെയുള്ള ആഗ്രഹപ്രകടനം മാത്രം മതിയായിരുന്നു. അദ്ദേഹത്തിന്റെ തിരക്കുകളും വലിപ്പവും ചിന്തിക്കാതെ അങ്ങനെ ക്ഷണിച്ചത് തെറ്റായിപ്പോയി എന്ന് അമ്മ ഇടക്ക് പറയാറുണ്ടെങ്കിലും ആ സ്വാതന്ത്ര്യത്തെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയത് അനുഗ്രഹിച്ച ആ വലിയ മനസ്സിന്റെ ഉദാരഭിക്ഷയാണ് എന്നെ ഇന്നു ജീവിപ്പിക്കുന്ന അക്ഷരം!
കുടുംബത്തിലെ ഒരു വിശേഷവും അയ്യപ്പപ്പണിക്കരുടെ- മുതിര്‍ന്നവരുടെ ‘കുട്ടപ്പന്റെ’- ഞങ്ങളുടെ വല്ല്യമ്മാവന്റെ നിറസാന്നിദ്ധ്യമില്ലാതെ കടന്നു പോയിട്ടില്ല. ഏതു തിരക്കിലും വീട്ടുകാര്യങ്ങള്ക്കെന്നും അമ്മാവനുണ്ടാവും. മിതവും മൃദുവുമായ, പലപ്പോഴും അര്‍ദ്ധോക്തിയില്‍ വിരമിക്കുന്ന വാക്കുകള്‍ക്കു മുന്നില്‍ മുതിര്‍ന്നവരും ഇളയവരും ഒരേപോലെ വിനീതരാവും. അപൂര്‍വ്വമായി അമ്മാവന് ദേഷ്യപ്പെട്ടു പല്ലുകടിക്കുമെന്ന് പറഞ്ഞു കേട്ടിട്ടേയുള്ളൂ. ആ ദേഷ്യപ്പെടലിനേക്കാള് കുഴപ്പം പിടിച്ചതാണ് അമ്മാവന് പറയാതെ പറയുകയോ പകുതി പറഞ്ഞുനിര്ത്തുകയോ ചെയ്യുന്ന അനുവാചകലോകം നെഞ്ചേറ്റുവാങ്ങിയ കറുത്തഹാസ്യത്തിന്റെ തീയമ്പുകള്‍.
ഒരു മുറിക്കവിതയെഴുതിയവനും വിശ്വസാഹിത്യത്തേക്കുറിച്ച് വാചാലനാകുന്ന ലോകത്തില്‍ കവിതയേക്കുറിച്ചോ, സാഹിത്യത്തേക്കുറിച്ചോ ഒരക്ഷരം സംസാരിക്കാറില്ല അമ്മാവന് ഞങ്ങളോട്. ഓക്സ്ഫോര്‍ഡ് ഡിക്ഷണറിയിലെ തെറ്റു ചൂണ്ടിക്കാണിച്ചതിന് പ്രശംസാപത്രം ലഭിച്ച ഇംഗ്ലീഷ് അദ്ധ്യാപകന് ഒരു ഇംഗ്ലീഷ് വാക്കു പോലും മിണ്ടാറില്ല വീട്ടില്‍. ഒരിക്കല്‍ വീട്ടില്‍ എന്റെ അമ്മാവനായ ഡോ. കാവാലം ആനന്ദിന്റെ, മകന് ഉപ്പേരി തിന്നുകൊണ്ടിരിക്കുന്നു. എന്താ മോന് കഴിക്കുന്നതെന്ന് വല്യമ്മാവന് ചോദിച്ചു. ഹരിക്കുട്ടന്റെ മറുപടി ‘ചിപ്സ്’ എന്ന്. അകത്തേക്കു നടന്നു കയറിപ്പോയ അദ്ദേഹം തിരികെയെത്തി കുഞ്ഞിന്റെ തലയില്‍ കൈ വച്ചു പറഞ്ഞു, ”ചിപ്സ് അല്ല, ഉപ്പേരി… നമ്മള് അങ്ങനെ പറയണം കേട്ടോ…” ഇത് പൈതൃകത്തെ മറക്കുന്ന, മലയാളത്തെ മറക്കുന്ന, സ്വത്വത്തെ മറക്കുന്ന നമ്മള് എല്ലാ മലയാളികളോടുമുള്ള ഉപദേശമല്ലേ?
വലിയ കവിയായ, എത്രയോ രാജ്യങ്ങളില്‍ സഞ്ചരിച്ച് മലയാളസാഹിത്യത്തിന്റെ ഇന്നിന്റെ മുഖമായ മനുഷ്യന്, ഒരിക്കല്‍ വീട്ടിലെത്തുമ്പോള്‍ ഞാന്‍ ഭിത്തിയില്‍ കരിക്കട്ടകൊണ്ടു കോറിയിട്ട രണ്ടു വരിക്കവിത (?) റോസാ ചെടികള്‍ക്കു പിന്നില്‍ കണ്ടു.
‘മഞ്ഞുപാളികള്‍ ചേലയായ് ചുറ്റിയ, നല്ല രാവിലെ നിര്‍മ്മല പുഷ്പമേ….’ കണ്ണില്‍ പെടുന്ന വലുപ്പത്തില്പോലുമല്ലാതിരുന്ന ആ വരികളെ ആ കണ്ണുകള്‍ കണ്ടെത്തി… രണ്ടുമൂന്നാവര്‍ത്തി അതുറക്കെ പാടി കൈയടിച്ചു ചിരിച്ചു. കൊള്ളാമെന്നോ, നന്നായെന്നോ ഒരക്ഷരം പോലും പറയാതെ നടന്നു പോയി. അതാണ്, അങ്ങനെയാണ് അമ്മാവന്. പക്ഷേ ഈ ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ അംഗീകാരം. അനുമോദനം. പ്രോത്സാഹനം… രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞാനാദ്യമെഴുതിയ നാലുവരിക്കവിത നിധിപോലെ പോക്കറ്റിലിട്ട് കൊണ്ടു നടന്നതും, പോയ വഴിയില്‍ കണ്ടവരെയെല്ലാം അതു പാടിക്കേള്‍പ്പിച്ചതും ഏതു ചെറിയവനെയും സ്വാഗതം ചെയ്യാനും പ്രോത്സാഹിപ്പിക്കാനുമുള്ള അദ്ദേഹത്തിന്റെ ക്ഷമയും സൗമനസ്യവുമല്ലാതെ മറ്റെന്താണ്?
നിറഞ്ഞു ചിരിക്കുന്ന പണിക്കരുടെയും, നിറയെ ചിന്തിപ്പിക്കുന്ന പണിക്കര്ക്കവിതകളുടെയും അന്തരാത്മാവില്‍ തളം കെട്ടി നിന്നിരുന്നത് പക്ഷേ, ഉള്ളു പൊള്ളിക്കുന്ന കണ്ണീരാണ്. ബാല്യത്തിലേ അമ്മ നഷ്ടപ്പെട്ടതു മുതല്‍, തുടര്‍ന്ന് ദാരിദ്ര്യത്തില്‍, കുടുംബജീവിതത്തില്‍ അങ്ങനെ ആ കണ്ണീര് ഉറവവറ്റാതെ തുടര്‍ന്നു… ജീവിതാന്ത്യത്തോളം. പക്ഷേ കരയാന്‍ തയ്യാറല്ലായിരുന്നു.
അയ്യപ്പപ്പണിക്കര്‍ എന്നൊരു ശത്രു
എനിക്കുണ്ടായിരുന്നു
അയാളെന്നെ നോക്കി പല്ലിളിക്കുമായിരുന്നു
എന്ന് പാടിയ കവി, തന്റെ ദുഃഖങ്ങളെ നോക്കി പല്ലിളിക്കുകയും കളിയാക്കിച്ചിരിക്കുകയും ചെയ്തു. ദുഃഖത്തെ വല്ലാതെ തോല്‍പ്പിച്ചു കളഞ്ഞു അദ്ദേഹം. ദുഃഖത്തെക്കുറിച്ചു പാടിയത് വളരെ കുറച്ച്, ദുഃഖിക്കുന്നവരെക്കുറിച്ചും. പക്ഷേ ദുഖിപ്പിക്കുന്നവരേക്കുറിച്ച് ലോപമില്ലാതെ പരിഹസിച്ചു. എത്രയഗാധതലങ്ങളില്‍ നിന്നു വരുന്നൂ നമ്മുടേ പുഞ്ചിരി പോലും എന്ന വരികളുടെ അര്‍ത്ഥവൈവിദ്ധ്യങ്ങള്‍; ആ ജീവിതത്തോടടുത്തു നിന്നു നോക്കുമ്പോള്‍ അതിനെത്ര ഭാവങ്ങള്‍!
ശുപാര്‍ശകളെ ശത്രുസ്ഥാനത്തു നിര്‍ത്തിയിരുന്ന കവി. പക്ഷേ ചിലരെങ്കിലും അയ്യപ്പപ്പണിക്കരുടെ വലുപ്പത്തെ, പദവിയെ, പ്രശസ്തിയെയൊക്കെ തന്‍കാര്യലാഭത്തിനായി ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പലരുടെയും വിലക്കുകള്‍ വക വക്കാതെ ‘അയ്യപ്പപ്പണിക്കരെക്കൊണ്ടു പറയിക്കാന്‍’ തിരുവനന്തപുരത്തിനു വണ്ടി കയറിയ സകലമാന പേര്‍ക്കും നിരാശയായിരുന്നു ഫലം. സ്വന്തം മകളുടെ ഡിഗ്രി റിസള്‍ട്ടും മാര്‍ക്കും പോലും ദിനപ്പത്രം വഴി മാത്രം അറിഞ്ഞ യൂണിവേഴ്സിറ്റി പ്രൊഫസറാണ്. ‘എനിക്കു പന്തുകളിക്കാന്‍ ഒരു കൊച്ചനുജനെ വേണമെന്ന്’ പ്രാര്‍ത്ഥിച്ചു നേടിയ കുഞ്ഞനിയനോട് പരീക്ഷയ്ക്കുമാര്‍ക്കു കുറഞ്ഞാല്‍ തെക്കോട്ടു വണ്ടി കയറിയേക്കരുതെന്ന് പരീക്ഷയ്ക്കു മുന്‍പേ തന്നെ ആജ്ഞാപിച്ച ജ്യേഷ്ഠനാണ്. ആ മനുഷ്യന്റെയടുത്തേക്കാണ് ശുപാര്‍ശയ്ക്കായി ചെല്ലുന്നത്. അവിടെ ചെന്നിട്ട് എന്തു മറുപടി കിട്ടിയെന്ന് ആരുമിതുവരെ പറഞ്ഞു കേട്ടിട്ടില്ല. പോയ കാര്യം നടന്നില്ലെന്നും, പോകേണ്ടിയില്ലായിരുന്നെന്നും അവരുടെ വിളറിയ മുഖങ്ങള്‍ പറയാതെ പറഞ്ഞു.
അയ്യപ്പപ്പണിക്കര്‍ വാദിച്ചതും, ശുപാര്‍ശ ചെയñതും, വില പേശിയതും, പുകഴ്ത്തിയതും, ആശ്ലേഷിച്ചതുമെല്ലാം സര്‍ഗ്ഗസൃഷ്ടികളെ മാത്രമായിരുന്നു. അതു കവിതയാവട്ടെ, കഥയാവട്ടെ, നാടകമാവട്ടെ, കഥകളിയോ, തോറ്റം പാട്ടോ, ക്ഷേത്ര കലകളോ എന്നു വേണ്ട ഏതു രൂപവുമാവട്ടെ. അവയെയെല്ലാം അദ്ദേഹം നെഞ്ചോടു ചേര്‍ത്തു വച്ചിരുന്നു.
അമ്മാവന്റെ എഴുത്തുമുറി അമൂല്യഗ്രന്ഥങ്ങളുടെയും, വിശ്വസാഹിത്യത്തിന്റെയും ഭണ്ഡാഗാരമായിരുന്നു. ആ മുറിയില്‍ ഇളയമകള്‍ മീനക്കുഞ്ഞമ്മയ്ക്കൊഴികെ മറ്റാര്‍ക്കും സ്വതന്ത്രവിഹാരം അനുവദിച്ചിരുന്നില്ല.
പലപ്പൊഴും അതിനുള്ളില്‍ എത്തി നോക്കിയിട്ടുണ്ട് ഞാന്‍. വാതില്ക്കെലെത്തുമ്പൊഴേ അമ്മാവന് ഒപ്പമിറങ്ങി താഴേക്കു പോരും. ഭിത്തികളിലും, നടുവിലും ലൈബ്രറിയിലെന്ന പോലെ ഷെല്‍ഫുകള്‍. അതില്‍ നിറയെ തരം തിരിച്ചു പുസ്തകങ്ങള്‍. ഇനിയും വയ്ക്കാനിടമില്ലാതെ കുന്നുകള്‍ പോലെ പിന്നെയും അവിടവിടെ. മേശപ്പുറത്ത് കമ്പ്യൂട്ടറും, ചെറിയ ട്രാന്‍സിസ്റ്റര്‍ തുടങ്ങിയ ‘കിടുപിടി’ സാധനങ്ങളും… ഇതു പലതും ഞാന്‍ ഒളിഞ്ഞു നോക്കി കണ്ടിട്ടുള്ളതാണ്. ഒരിക്കല്‍ അമ്മാവന്റെ കമ്പ്യൂട്ടര്‍ ശരിയാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് രണ്ടു കാലുമുറപ്പിച്ച് അവിടെ കയറിയത്. കവി, സ്വച്ഛമായിരുന്ന് ലോകവ്യവഹാരങ്ങളെ നോക്കി കവിതപാടുന്ന, വിശ്വവ്യവസ്ഥിതിയെ നോക്കി പല്ലിളിക്കുകയും, കൊഞ്ഞനം കാട്ടുകയും, പരിഹസിക്കുകയും, വെല്ലുവിളിക്കുകയും ചെയ്യുന്ന സിംഹാസനത്തില്‍ അന്ന് ഇരിക്കാതെ ഇരുന്നു. പണികഴിഞ്ഞ അപ്പൊഴേ പിടി കൂടി താഴേക്കു കൊണ്ടു പോന്നു… അതൊരു ശ്രീകോവിലായിരുന്നു. എഴുത്തിന്റെ, സര്‍ഗ്ഗസമ്പന്നതയുടെ, ജ്ഞാന-വിജ്ഞാനങ്ങളുടെ അമ്മ സരസ്വതിയുടെ നൃത്തമണ്ഡപം! ശ്രീകോവിലില്‍ ഉപാസകനല്ലാതെ, പൂജാരിക്കല്ലാതെ ഭക്ത ജനങ്ങള്‍ക്കെന്തു കാര്യം?
കാവ്യത്തിലെന്ന പോലെ ജീവിതത്തിലും ആത്മീയവിശുദ്ധിയും, നിസ്സംഗതയും കാത്തു സൂക്ഷിച്ച മഹാനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് പദ്മശ്രീ ലഭിക്കുമ്പോള്‍, തിരുവനന്തപുരത്തെ ഒരു സോഫ്ട്വെയര് കമ്പനിയില്‍ ജോലി നോക്കുകയായിരുന്നു ഞാന്‍. അയ്യപ്പപ്പണിക്കര്‍ ഡോട്ട് നെറ്റ് എന്ന അമ്മാവന്റെ വെബ് സൈറ്റില്‍ അമ്മാവന്റെ സര്‍ട്ടിഫിക്കറ്റുകളും പതക്കങ്ങളുമെല്ലാം സ്കാന്‍ ചെയതു കയറ്റുവാനുള്ള മഹാഭാഗ്യം എനിക്കുണ്ടായി. ഇ മെയില്‍ വഴി വന്നിരുന്ന ആ കവിതാനിധികളെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുക എന്ന ചെറിയ ജോലിയിലൂടെ അവയുടെ ആദ്യ വായനക്കാരനാകുവാനുള്ള മഹാഭാഗ്യവും ആ സുവര്ണ്ണകാലത്തുണ്ടായി. അമ്മാവനു കിട്ടിയ സമ്മാനത്തിന്റെ സന്തോഷം പങ്കിടാന്‍ സരോവരത്തിലെത്തി.
ഇത്തരം മുഖസ്തുതികളിലൊന്നും ഒട്ടും തല്പരനല്ലാത്ത അമ്മാവനോട് ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു. എന്റെ വാക്കുകള്‍ മുഴുമിക്കുന്നതിനു മുന്‍പേ അദ്ദേഹത്തിന്റെ മറുപടി വന്നു. ‘അതിനു ഞാനൊന്നും ചെയ്തില്ല’. ഈ ഏറ്റു പറച്ചിലിലൂടെ, ഫലേച്ഛ കൂടാതെ കര്‍മ്മം ചെയ്യുക എന്ന വേദാന്തസത്യമാണ് അമ്മാവന് പകര്‍ന്നു തന്നതെന്നു തിരിച്ചറിയാന്‍ കുറേയേറെ സമയമെടുത്തു.
ഇളം തലമുറക്കാരനും, കൊച്ചനന്തിരവനുമാണെങ്കിലും, ആ വീട്ടില്‍ ചെന്നാല്‍ പറമ്പിലെ കൊച്ചുവാഴത്തോട്ടത്തില് തനിയേ പോയി ഇല വെട്ടിയോ, ഷെല്‍ഫില്‍ നിന്നും പാത്രമെടുത്ത് കഴുകിയോ ഭക്ഷണം വിളമ്പിത്തരും അമ്മാവന്. അടുത്തു നിന്ന് ഓരോ വിഭവങ്ങളുടെയും ഗുണഗണങ്ങള്‍ പറഞ്ഞു കഴിപ്പിക്കും. കഴിച്ചു കഴിഞ്ഞാല്‍ ആ എച്ചില്‍പ്പാത്രം സ്വയമെടുത്തു കൊണ്ടു പോയി ആതിഥ്യമര്യാദ പഠിപ്പിക്കുന്ന അമ്മാവനെ ഉപമിക്കാന്‍ എന്റെ ജീവിതാനുഭവത്തില്‍ മറ്റൊരു വ്യക്തിത്വവുമില്ല.
തിരക്കേറിയ ജീവിതത്തിനിടയിലും സ്വന്തം കാര്യങ്ങളും വീട്ടുകാര്യങ്ങളും സ്വയം ചെയ്യുന്നതില്‍ നിഷ്കര്‍ഷ പുലര്‍ത്തിയിരുന്നു അദ്ദേഹം. വയലാര്‍ അവാര്‍ഡുമായി സംഘാടകര്‍ വീട്ടിലെത്തുമ്പോള്‍ മണ്ണെണ്ണ വാങ്ങാന്‍ റേഷന്‍ കടയില്‍ പോകാനിറങ്ങുന്നൂ കവി. അവാര്‍ഡ് വാങ്ങാന്‍ സമയമില്ല. റേഷന്‍ കട പൂട്ടുമെന്ന ഭാവത്തില്‍ നില്ക്കുന്ന കവിയെ സങ്കല്പ്പിച്ചു നോക്കൂ. രാഷ്ട്രീയക്കാരുടെ ചട്ടുകമാകാന്‍ നിന്നു കൊടുക്കാഞ്ഞതിന്റെ പേരിലല്ലെങ്കില്‍ മറ്റെന്തു കാരണം കൊണ്ടാണ് വയലാറില്‍ നിന്ന് സരോവരത്തിലേക്കുള്ള ദൂരത്തിന് ഇത്ര അകലമുണ്ടായത്? ആ അവാര്‍ഡു നിരാസത്തിന്റെ കാര്യകാരണങ്ങളെ ചിന്തിക്കണമെങ്കില്‍ അയ്യപ്പപ്പണിക്കരുടെ മനോനിലയോളം ഉയരേണ്ടി വരും. ഏതു വൈകിയ വേളയിലാണ് പദ്മശ്രീ പോലും അദ്ദേഹത്തിനു വേണ്ടി ശുപാര്‍ശ ചെയ്യാന്‍ സര്‍ക്കാരിനു തോന്നിയതെന്നത് ആര്‍ക്കും ചിന്തിക്കാവുന്നതേയുള്ളൂ. അല്ലെങ്കിലും, സ്ഥാനമാനങ്ങളെ മോഹിച്ച സാധാരണ മനുഷ്യനായിരുന്നെങ്കില്‍ അദ്ദേഹമൊരിക്കലും വച്ചു നീട്ടിയ വൈസ് ചാന്‍സലര്‍ പദവിയെ നിരുപാധികം നിരാകരിക്കില്ലായിരുന്നല്ലോ.
‘കുടുംബപുരാണ’ത്തില്‍;
നിറവേറാത്തൊരു വാഗ്ദാനം പോല്‍,
അസ്ഫുടഗദ്ഗദമര്മ്മരമാ –
യസ്വസ്ഥത ചേര്ക്കുമൊരാര്ദ്രസ്മൃതിയായി അമ്മാവനോര്ത്തെഴുതിയ പ്രതിഭാധനനായ അമ്മാവന്റെ അമ്മാവനുണ്ട്. ഇന്നും ഞങ്ങള്‍ കുടുംബാംഗങ്ങളില്‍ ഗദ്ഗദം നിറയ്ക്കുന്ന ഒരു പഴയ കൊടുംചതിയുടെ ദയനീയരകñസാക്ഷി! കേശവപ്പണിക്കര്‍ എന്ന ആ വലിയ വലിയമ്മാവന്റെ പേരാണ് അയ്യപ്പപ്പണിക്കരുടെ ഏക അനുജന് ഡോ. കെ. കെ. പണിക്കര്‍ എന്നറിയപ്പെട്ടിരുന്ന ഞങ്ങളുടെ കൊച്ചമ്മാവനും. മുതിര്‍ന്നവരും വല്ല്യമ്മാവനും കൊച്ചുകുട്ടന് എന്നു വിളിക്കുന്ന ആ സ്നേഹതാരകം വല്ല്യമ്മാവനേക്കാള് ഏതാനും വര്‍ഷം മുന്‍പേ യാത്ര പറഞ്ഞു പോയി.
ആലപ്പുഴ എസ് ഡി കോളേജില്‍ പ്രൊഫസറായിരുന്ന കൊച്ചമ്മാവന്റെ ചേതനയറ്റ ശരീരം, ‘കോസലം’ എന്ന വീടിന്റെ അകത്തളത്തില്‍ കിടത്തുമ്പോള്‍ ചാരത്തു തന്നെയുണ്ടായിരുന്നു വാത്സല്യനിധിയായ ചേട്ടന്. മരണാനന്തരകര്മ്മങ്ങളെല്ലാം കൂടെനിന്നു നടത്തിയ അദ്ദേഹം ഒരിക്കല്‍പ്പോലും കൊച്ചമ്മാവനെ നോക്കിയില്ല. സര്‍വ്വവും ഉള്ളിലൊതുക്കാന്‍ പണ്ടേ പഠിച്ച ആ സന്യാസിയുടെ കണ്ണുകള്‍ നിറഞ്ഞില്ല. കണ്ണടയെടുത്തൊന്നു തുടച്ചില്ല. പക്ഷേ, കൂടെപ്പിറപ്പുകളോട് ആ കണ്ണുകള്‍, കരയരുതേ… ഒന്നും പറയരുതേ, ഞാന്‍ ഇടറിപ്പോകുമെന്നു യാചിക്കുന്നത് പല വട്ടം ഞാന്‍ കണ്ടു. എന്റെ കൂടെ പന്തു കളിക്കാന്‍ വന്ന നീ പോയല്ലോ കുഞ്ഞേ എന്ന ദൈന്യവിലാപം പണ്ടേ തകര്‍ന്നിട്ടും തകരാതെ നിലകൊണ്ട ആ ഹൃത്തടത്തെ വല്ലാതെയുലച്ചതും ഞാനറിഞ്ഞു. കാരണവരുടെ ധര്‍മ്മബോധവും, കൂടെപ്പിറപ്പിന്റെ തകര്‍ന്ന ഹൃദയവും സംഘട്ടനം തീര്‍ത്ത ആ ദിവസങ്ങള്‍ മുതല്‍ അമ്മാവന് പരിക്ഷീണനായിരുന്നു എന്നു പറഞ്ഞാല്‍ തെറ്റില്ല. തുടര്‍ന്നുണ്ടായിരുന്ന അല്പ്പകാലങ്ങളില് പ്രതിവിധിയെന്തെന്നറിയാത്ത രോഗവും പിടികൂടിയപ്പോള്‍ ആ തളര്‍ച്ച പൂര്ണ്ണതയിലേക്കടുത്തു. അപ്പൊഴും – രോഗഗ്രസ്തനായിരുന്നപ്പൊഴും കാണാന്‍ ചെന്നവരെയൊക്കെ കളിയാക്കി.
അയ്യപ്പപ്പണിക്കരിപ്പോള്‍ വയ്യപ്പപ്പണിക്കരായെന്നു കളി പറഞ്ഞു. നിത്യോപാസന ചെയ്തിരുന്ന ശ്രീകോവിലില്‍ പടികയറിച്ചെന്നിരിക്കാന് കഴിയാതെ അത്യാവശ്യം പുസ്തകങ്ങളും ഓക്സിജന്‍ സിലിണ്ടറുമായി അമ്മാവന് താഴത്തെ നിലയിലേക്കു താമസം മാറി.
എല്ലാവരും പോയിക്കണ്ടു. ഞാന്‍ മാത്രം പോയില്ല. ഒടുവിലെനിക്ക് ജോലിക്കായി പൂനയിലേക്കു പോകാന്‍ സമയമായി. പോകും വഴി അമ്മാവനെ കയറി കണ്ടു യാത്ര പറഞ്ഞു. കാല് തൊട്ടു വണങ്ങുമ്പോള്‍ എന്റെ പോക്കറ്റിലുണ്ടായിരുന്ന കുറേയേറെ നാണയത്തുട്ടുകള്‍ ആ പാദങ്ങളില്‍ അഭിഷേകമാടി വീണു. ആദ്യഗുരുവിന്, ജീവനും, ജീവിതവും, ബോധവും, ബോദ്ധ്യവും പകര്‍ന്ന അക്ഷരത്തെ മഹാഭിക്ഷയായി നല്കിയ ഗുരുനാഥന്റെ പാദാരവിന്ദങ്ങളില്‍ എന്റെ അവസാന പുഷ്പാഞ്ജലിയായി അതു മാറി. ആരെല്ലാം ചെന്നിട്ടും കരയാതെ കളിയാക്കിയ അയ്യപ്പപ്പണിക്കര്‍… ഇടറാതെ ചിരി തൂകിയ കറുത്ത ഹാസ്യകാരന്… വേണ്ട…ആ നിമിഷങ്ങള്‍ ഇനിയും ആ മഹോന്നതന്റെ ദീപ്തസ്മൃതികള്‍ വഴിനടത്തുന്ന എന്റെ ഹൃദയത്തില്‍, അമ്മാവന് ദാനം തന്ന അക്ഷരങ്ങളാല്‍ പോലും വിവരിക്കാന്‍ കഴിയാത്ത ആ മുഹൂര്‍ത്തം എന്റേതു മാത്രമായ സ്വകാര്യ അനുഭവമായി അവശേഷിക്കട്ടെ…
ഒന്നോ രണ്ടോ ആഴ്ചകള്‍ക്കുള്ളില്‍ ആ വാര്‍ത്ത – പ്രതീക്ഷിച്ച വാര്‍ത്ത – വന്നു… അയ്യപ്പപ്പണിക്കര്‍ ഇനി ഓര്‍മ്മ… പൂനയില്‍ എന്റെ കൊച്ചച്ഛന് പറഞ്ഞു, വിമാന ടിക്കറ്റെടുത്തു തരാം. നീ പോകുന്നില്ലേ. ഞാന്‍ പോയില്ല. ടി വിയില്‍ അമ്മാവന്റെ മരണാനന്തരകര്‍മ്മങ്ങള്‍ തത്സമയം വന്നപ്പൊഴും അതിനു മുന്നിലിരുന്നില്ല. ആരു പറഞ്ഞു അയ്യപ്പപ്പണിക്കര്‍ മരിക്കുമെന്ന്? മൃത്യുപൂജ പണ്ടേ കഴിച്ചവന്. മന്ദഗാമിനി, ഹേമന്തയാമിനി, ഘനശ്യാമരൂപിണി വരൂ നീയെന്ന് മൃത്യുവിനെ പ്രണയാതുരമായ മനസ്സോടെ സ്വാഗതം ചെയ്തവന്… എങ്ങനെ മരിക്കും കവി? വല്ല്യമ്മാവന്റെ ചേതനയറ്റ ശരീരം ഞാന്‍ കണ്ടിട്ടില്ല. രോഗാതുരമായി വിശ്രമിച്ചപ്പൊഴും ഒന്നു പോയി കാണാതിരുന്ന ചില ബന്ധുക്കള്‍ ടി വി കാമറയ്ക്കു മുന്പില് നടത്തിയ ഏകാങ്കനാടകങ്ങളെക്കുറിച്ച് പറഞ്ഞു കേട്ടു. മരണത്തെയും മുതലെടുക്കാന്‍ ശ്രമിക്കുന്നവര്‍! അവരെക്കുറിച്ചും കവി പണ്ടേ പാടിയതാണല്ലോ. കണക്കിനു പരിഹസിച്ചതുമാണല്ലോ. ”കുന്നുകളില്ലാത്ത നാടാണെന്റേതെന്ന ദുഃഖം, കുന്നായ്മളുടെ കുന്നുകള്‍കൊണ്ടു തീര്‍ന്നെന്നു” പാടിയ കവിയോടു തന്നെ വേണമിത്. മരിക്കുമ്പോള്‍ പോയിക്കിടക്കാന്‍ സ്വന്തമാക്കിയ കാവാലത്തെ മണ്ണില്‍ അമ്മാവന് പോയി… നിതാന്തവിശ്രമസ്ഥലിയ്ലേക്ക്. (അതിനു തൊട്ടു ചാരെ ഞാനും സ്വന്തമാക്കി ഒരല്‍പ്പം മണ്ണ്. എനിക്കും പോകണമവിടെ ഒരു നാള്… അമ്മാവന്റെ ചാരത്തുറങ്ങണം.) മരണക്കിടക്കയില്‍ അന്ത്യാഭിലാഷമായി മകളോടു പറഞ്ഞത്, അമ്മാവന്റെ പുസ്തകശേഖരം സംരക്ഷിക്കാന്‍ മാത്രമാണ്. അമ്മാവന് ആര്‍ജ്ജിച്ച സമ്പത്തും, പകര്‍ന്നു നല്കിയ സൗഭാഗ്യവും ആ ജ്ഞാനസമുദ്രം തന്നെയായിരുന്നല്ലോ.
‘ഞാന്‍ മരിച്ചാല്‍ അവരെന്റെ പ്രതിമയുണ്ടാക്കും’ എന്നു ഭയപ്പെട്ടിരുന്ന കവിക്കിതാ കാവാലത്തു പ്രതിമയൊരുങ്ങുന്നു! മഹാദ്ധ്യാപകനു സ്മാരകം തീര്‍ക്കാന്‍ ഒരു ഗ്രന്ഥശാലയോ, സ്കോളര്‍ഷിപ്പോ പോലും ഏര്‍പ്പെടുത്താതെ തെരുവോരങ്ങളില്‍ വെയിലേറ്റു നില്ക്കുന്ന അസംഖ്യം മഹാത്മാക്കളുടെ ഇടയിലേക്ക് അദ്ദേഹത്തെയും ചേര്‍ക്കുമ്പോള്‍, കാലത്തെ നോക്കി കവിതപാടിയ കാലാതിവര്‍ത്തിയായ കവിയുടെ മുഖത്തെ കറുത്തഹാസ്യം ആ പ്രതിമയിലും ‘അന്തഃസ്സന്നിവേശം’ ചെയ്യിക്കാന്‍ ശില്പിക്കു കഴിയുമോ?
കവിപോയി കാലമിത്രയായിട്ടും, ചില വട്ടമേശസമ്മേളന പ്രഹസനങ്ങളല്ലാതെ അദ്ദേഹം കൊളുത്തി വച്ച സര്ഗ്ഗദീപത്തില് എണ്ണ പകരാനോ, കവിയും, അദ്ധ്യാപകനുമായിരുന്ന അദ്ദേഹത്തിന് ‘ഉചിതമായ സ്മാരകം’ തീര്‍ക്കാനോ ആര്‍ക്കുമിതു വരെ കഴിഞ്ഞിട്ടില്ല. ധിഷണാശാലിയായ ആ ക്രാന്തദര്‍ശിയുടെ സ്മരണയെ ഉണര്‍ത്താന്‍ ഉചിതമായ മറ്റൊരു മാര്‍ഗ്ഗം തിരയാത്തിടത്തോളം, അയ്യപ്പപ്പണിക്കരെ അറിയാം എന്നവകാശപ്പെടാന്‍ പോലും ലജ്ജിക്കേണ്ടിയിരിക്കുന്നു.
എന്നും പുതിയതായിരുന്ന കവി. അദ്ദേഹത്തേക്കാള്‍ പുതിയ കവിയാകുവാന്‍ ആര്‍ക്കും കഴിയാത്ത പോലെ അനുനിമിഷം സ്വയം നവീകരിച്ചുകൊണ്ടിരുന്ന, എന്നാല്‍ വളര്‍ന്നു വരുന്ന ഓരോ പുതുനാമ്പുകളെയും ശ്രദ്ധാപൂര്‍വ്വം പരിപാലിച്ചു പ്രോത്സാഹിപ്പിച്ചിരുന്ന വ്യത്യസ്തനായ കവി, നിരൂപണ-വിമര്ശനങ്ങളുടെയൊന്നും ആധുനികവും സാമ്പ്രദായികവുമായ രീതിശാസ്ത്രങ്ങള്‍ക്ക് ഒരിക്കലും പിടി കൊടുക്കാതിരുന്ന പ്രതിഭയായ ആ പച്ച മനുഷ്യന് അദ്ദേഹത്തിന്റെ കോടിസൂര്യപ്രഭ തിരളുന്ന സ്മൃതിമണ്ഡപം എന്നേ പണിഞ്ഞു കഴിഞ്ഞിരിക്കുന്നു, ഹൃദയങ്ങളില്‍. നാടും, കാടും കാട്ടു പൂഞ്ചോലയുടെ കുളിരും തിരഞ്ഞ കവിയുടെ ആത്മാവൊരിക്കലും തന്റെ പ്രതിമ തേടി ഭൂമിയില്‍ അലയില്ല. എന്നാല്‍ പുതുസര്ഗ്ഗസംഗീതത്തിന്റെ നീരുറവകള്‍ തേടി അതെന്നും ഈ മണ്ണില്‍ തന്നെ വേരൂന്നി നില്ക്കും. കുട്ടനാടിന്റെ-കാവാലത്തിന്റെ കൊച്ചപ്പന്കുഞ്ഞിന് അങ്ങനെയാവാനേ കഴിയൂ…
എത്ര വേഗം മറഞ്ഞു പോയ് താരമേ
ചിത്ര വര്‍ണ്ണ പ്രഭാവ പ്രകാശമേ
കാലമിന്നു വഹിക്കുന്നിതാ പ്രഭാ-
പൂരിതം നിന്റെ ചിത്രമെന്നേയ്ക്കുമായ്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: