ജീവിതത്തിലെ പ്രതിസന്ധികളോട് പടവെട്ടി ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് (ഐഎസ്എസ്) പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്കിന്റെ തിളക്കവുമായി ചേക്കാതടത്തില്‍ ഡോണ. പിതാവിന്റെ ആകസ്മിക മരണമുള്‍പ്പെടെയുളള പ്രതികൂല സാഹചര്യങ്ങളെ നിശ്ചയദാര്‍ഢ്യത്തോടെയും കഠിനാധ്വാനത്തോടെയും മറികടന്ന് ഡോണ നേടിയ വിജയത്തിന് ഇരട്ടിമധുരമാണ്.
കണ്ണൂര്‍ ഇരിട്ടിക്കടുത്തെ മലയോര ഗ്രാമമായ മാടത്തില്‍ എന്ന ഗ്രാമത്തില്‍ നിന്നുയര്‍ന്ന് യുപിഎസ്സി നടത്തുന്ന ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് (ഐഎസ്എസ്) പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് എന്ന അത്യപൂര്‍വനേട്ടം കൈപ്പിടിയിലൊതുക്കി ഡോണ മലയോരത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്. ഒന്നാം റാങ്കു നേടിയപ്പോള്‍ കാണാനും അഭിനന്ദിക്കാനും ഫ്രാന്‍സിസ് എന്ന തന്റെ പ്രിയപ്പെട്ട പിതാവ് ഒപ്പമില്ലെന്ന ദുഃഖം ഉള്ളിലൊതുക്കുകയാണ് ഈ മിടുക്കി. സാമ്പത്തിക ബുദ്ധിമുട്ടിനൊപ്പം അപ്രതീക്ഷിതമായുണ്ടായ അച്ഛന്റെ വേര്‍പാട് സൃഷ്ടിച്ച നൊമ്പരം മറികടന്നാണ് ഡോണ ഒന്നാം റാങ്ക് നേടിയത്.
മക്കളെ നല്ലനിലയില്‍ പഠിപ്പിക്കണം എന്നാഗ്രഹിച്ച പിതാവ് ചേക്കാതടത്തില്‍ ബാബു എന്ന ഫ്രാന്‍സിസിനും അമ്മ ജസീന്തയ്ക്കും സാമ്പത്തിക പ്രതിസന്ധി തന്നെയായിരുന്നു മുന്നിലെ വെല്ലുവിളി. മക്കളുടെ പഠന താല്പര്യത്തിനനുസരിച്ച് പൂര്‍ണ പിന്തുണയുമായി നിലകൊണ്ട മാതാപിതാക്കള്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രയാസങ്ങള്‍ അറിഞ്ഞാണ് ഡോണയും ഇളയ സഹോദരി ഐറിന് ട്രീസയും വളര്‍ന്നത്. ഫ്രാന്‍സിസിന്റെ ഉടമസ്ഥതയിലുള്ള ലൈറ്റ് ആന്‍ഡ് സൗണ്ട്് സ്ഥാപനത്തില്‍ നിന്നുള്ളതായിരുന്നു ഏകവരുമാനം. പിടിച്ചു നില്‍ക്കാനാകാതെ വന്നതോടെ സ്ഥാപനം പൂട്ടി.
തുടര്‍ന്ന് കാര്‍ അക്സസറീസ് ഷോപ്പ് തുടങ്ങി. എന്നാല്‍ ചെലവുകള്‍ വര്‍ധിച്ചതോടെ കൂര്‍ഗില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ച ഫ്രാന്‍സിസിനെ 15-ാം ദിവസം വാഹനാപകടത്തിന്റെ രൂപത്തിലെത്തിയ ദുരന്തം കീഴടക്കി. ഡോണയെയും സഹോദരിയേയും ജസീന്തയെയും തീരാവേദനയിലാക്കി. ഐഎസ്എസിന്റെ ഏറ്റവും പ്രധാന പരിശീലന ഘട്ടത്തില്‍ ഡോണ തിരുവനന്തപുരത്ത് കഴിയവെയാണ് പിതാവിന്റെ അകാല വിയോഗം.
എട്ടര സെന്റ് സ്ഥലത്ത് പണി തീരാത്ത വീട്ടില്‍ കഴിഞ്ഞു വന്ന ഡോണ കുടുംബക്കാരുടെ പിന്തുണയോടെ പിതാവിന്റെ വിയോഗത്തിനിടയിലും വീണ്ടും പഠനം തുടര്‍ന്നു. കോഴിക്കോട് ദേവഗിരി കോളെജില്‍ ഡിഗ്രിക്ക് ബിഎസ്സി മാത്സ് മുഖ്യവിഷയമായെടുത്തു പഠിച്ച ഡോണയുടെ ഉപവിഷയം സ്റ്റാറ്റിസ്റ്റിക്സായിരുന്നു. തുടര്‍ന്ന കുസാറ്റില്‍ സ്റ്റാറ്റിസ്റ്റിക്സ് എടുത്ത് എംഎസ്സിക്കു ചേര്‍ന്നു. കോഴ്സ് കഴിഞ്ഞ ശേഷം കഴിഞ്ഞവര്‍ഷം ജൂലൈ മുതലാണ് തിരുവനന്തപുരത്ത് ഐഎസ്എസ് പരിശീലനം തുടങ്ങിയത്. അഞ്ചു മാസത്തെ കഠിന പരിശ്രമത്തിനൊടുവില്‍ റാങ്കുനേടി ഉന്നത വിജയം കരസ്ഥമാക്കി.
എല്‍കെജി മുതല്‍ എസ്എസ്എല്‍സി വരെ ഇരിട്ടി കടത്തുംകടവ് സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ഇംഗ്ലിഷ് മീഡിയം സ്കൂളില്‍ പഠിച്ച മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസോടെ വിജയം. ചാവശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് 563 (93.8%) മാര്‍ക്കോടെ പ്ലസ് ടു വിജയം. കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് 92% മാര്‍ക്കോടെ ബിഎസ്സി മാത്സില് ബിരുദം. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിന്ന് എംഎസ്സി സ്റ്റാറ്റിസ്റ്റിക്സില്‍ ബിരുദാനന്തര ബിരുദം. പരിശ്രമിച്ചാല്‍ എല്ലാം എത്തിപ്പിടിക്കാമെന്നതിന് തന്റെ ജീവിതം തെളിവാണെന്ന് ഡോണ പറഞ്ഞു. ഐഎസ്എസും ഐഎഎസും വേണമെങ്കില്‍ നേടാം. മറ്റു സംസ്ഥാനക്കാര്‍ ഇതിനായി കഠിന പ്രയത്നം നടത്തുന്നത് മലയാളികള്‍ മനസ്സിലാക്കണമെന്നും കഠിനാധ്വാനവും ആത്മവിശ്വാസവുമുണ്ടെങ്കില്‍ എന്തും നേടാനാകുമെന്നും ഡോണ സാക്ഷ്യപ്പെടുത്തുന്നു.
രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ ആണിക്കല്ലാണ് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ്. ദല്‍ഹിയില്‍ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി ഒന്നര വര്‍ഷം നോയിഡയില്‍ ട്രെയിനിങും തുടര്‍ന്ന് ആറ് മാസം ഓണ്‍ ജോബ് ട്രെയിനിങും കഴിഞ്ഞതിനു ശേഷം ഡോണ ഔദ്യോഗികമായി ജോലിയില്‍ പ്രവേശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: