സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മാതൃസ്പര്ശമുള്ള സമീപനത്തിലൂടെ രോഷിനി ടീച്ചര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ഇറങ്ങിയപ്പോള്‍ കുട്ടികള്‍ കലാലയത്തിന് തിരിച്ചു നല്‍കിയത് തുടര്‍ച്ചയായി നൂറ് മേനി വിജയം. തൃശ്ശുര്‍ ജില്ലയിലെ വാടാനപ്പിള്ളി തൃത്തല്ലുര്‍ കമലാ നെഹ്റു മെമ്മോറിയല്‍ വിഎച്ച്എസ്എസ് സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.വി.രോഷിനി ടീച്ചറെ തേടി വന്നത് 2015-2016 വര്‍ഷത്തെ, മികച്ച വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അധ്യാപികയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും.
വിദ്യാര്‍ത്ഥികളോടുള്ള സമീപനത്തിലെ വ്യത്യസ്ഥതയും സഹപ്രവര്‍ത്തകരുടെ കൂട്ടായ്മയും മാനേജ്മെന്റിന്റെ അകമഴിഞ്ഞ സാമ്പത്തികമടക്കമുള്ള സഹായവും വിദ്യാലയത്തെ മുന്‍നിരയിലെത്തിക്കാന്‍ സഹായകമായി എന്ന് ടീച്ചര്‍ പറയുന്നു. റാങ്ക് സമ്പ്രദായം നിലവിലുണ്ടായിരുന്ന കാലത്ത് സ്ഥിരമായി റാങ്കുകള്‍ വാരിക്കൂട്ടിയിരുന്നു എന്നതുതന്നെ മികവുറ്റ പ്രവര്‍ത്തനത്തിന്റെ സാക്ഷിപത്രമാണ്.
മദ്യം, മയക്കുമരുന്ന്, മൊബൈല്‍ ദുരുപയോഗം, പ്രണയം, തുടങ്ങി ടീനേജുകാര്‍ വേഗത്തില്‍ വന്നുവീഴാന്‍ സാധ്യതയുള്ള കുരുക്കുകള്‍ കണ്ടു പിടിക്കാനും അവരെ തെറ്റു പറഞ്ഞു മനസ്സിലാക്കി നേര്‍വഴി നടത്താന്‍ അധ്യാപകരുടെ ശക്തമായ ഇടപെടലുകള്‍ അനിവാര്യമായ ഇന്നത്തെക്കാലത്ത് രോഷിനി ടീച്ചര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും അനുകരണീയവുമാണ്.
അധ്യയനവര്‍ഷത്തിലെ ആദ്യപകുതിയില്‍ തന്നെ പഠനനിലവാരം കുറഞ്ഞ കുട്ടികളെ കണ്ടുപിടിക്കുകയും അവര്‍ക്കു വേണ്ടി രാത്രി 8 മണിവരെ നീളുന്ന നിശാക്ലാസ് സംഘടിപ്പിക്കുകയും അവരെ വിജയനിലവാരത്തിലെത്തിക്കാനും രോഷിനി ടീച്ചര്‍ നടത്തിയ ശ്രമങ്ങള്‍ വിജയോദാഹരണങ്ങളാണ്. 2007 മുതല്‍ തുടര്‍ച്ചയായി 100 ശതമാനം വിജയം നേടാന്‍ ഇത്തരം പ്രവര്ത്തനങ്ങള്ക്കൊണ്ട് കഴിഞ്ഞു.
15 വര്‍ഷമായി അക്കാദമിക്ക് ഹെഡ്ഡായിരുന്ന രോഷിനി ടീച്ചര്‍ കഴിഞ്ഞ 4 വര്‍ഷമായി പ്രിന്‍സിപ്പല്‍ പദവി അലങ്കരിക്കുന്നു.എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ഇക്കണോമിക്സില്‍ പ്രീഡിഗ്രീ കഴിഞ്ഞശേഷം തൃപ്പൂണിത്തുറ എന്‍എസ്എസ് കോളേജില്‍ നിന്നും ബികോമും എംകോമും നേടി. അതിനുശേഷം കമ്പനി സെക്രട്ടറി കോഴ്സ് ഇന്റര്‍ പാസ്സായി. കൊമേഴ്സ് ഐച്ഛിക വിഷയമായി ബിഎഡ് കോഴ്സ് ആദ്യമായി തുടങ്ങിയ വര്‍ഷം ആലപ്പുഴ ആര്യാട് ബിഎഡ് സെന്ററില്‍ നിന്നും ബിഎഡ് പാസ്സായാണ് രോഷിനി ടീച്ചര്‍, അധ്യാപന രംഗത്തേക്ക് കടന്നു വരുന്നത്.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകവും വസ്ത്രവും, വിദ്യാര്‍ത്ഥിയുടെ, മാരക രോഗം പിടിപെട്ട രക്ഷിതാവിന് ചികില്‍സാസഹായം നല്‍കിയും ഒരു വിദ്യാര്‍ത്ഥിയുടെ വീട് കത്തി നശിച്ചപ്പോള്‍ പകരം വീട് പണിതു കൊടുക്കാനുള്ള നേതൃത്വ നിരയിലും രോഷിനി ടീച്ചര്‍ ഉണ്ടായിരുന്നു.
വളരെ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന എന്‍എസ്എസ് യൂണിറ്റാണ് സ്കൂളിന്റെ മറ്റൊരു സവിശേഷത. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കായി നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ്, സ്കൂളിലെ ജൈവ പച്ചക്കറിത്തോട്ടം, ഇക്കോ ക്ലബ്ബ്, ശലഭോദ്യാനം എന്നിവയെല്ലാം കുട്ടികളുടെ ഈ പ്രിയപ്പെട്ട ടീച്ചറിന്റെ വിശാലമായ കാഴ്ച്ചപ്പാടിന് ഉദാഹരണങ്ങളാണ്
സ്പൈസസ് ബോര്‍ഡില്‍ നിന്നും സെക്ഷന്‍ ഓഫീസറായി റിട്ടയര്‍ ചെയ്ത ജയന് പുതിയേടത്താണ് ടീച്ചറിന്റെ ജിവിത പങ്കാളി. രണ്ടു പെണ്‍കുട്ടികള്‍. ആതിര എന്‍ടിപിസിയില്‍ മാനേജര്‍ തസ്തികയില്‍ ജോലി ചെയ്യുന്നു. അനുപമ എംടെക്ക് കഴിഞ്ഞ് പിഎച്ച്ഡി ചെയ്യുന്നു.
തനിക്കു ലഭിച്ച അംഗികാരങ്ങളെല്ലാം സര്‍വേശ്വരനു സമര്‍പ്പിക്കുന്ന ടീച്ചര്‍ തികഞ്ഞ സായി ഭക്തയാണ്. ദിവസേനയുള്ള പ്രാര്‍ത്ഥന മുടക്കാറില്ല. ഇൗശ്വര പ്രാര്‍ത്ഥനയിലൂടെ ലഭിക്കുന്ന ആനന്ദവും ആശ്വാസവും കൂടുതല്‍ കര്‍മ്മ നിരതയാകാന്‍ അവര്‍ക്കു കരുത്തു നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: