തൊടുപുഴ : തകര്‍ന്നടിഞ്ഞ് ആര്‍പ്പാമറ്റം – കൊതകുത്തി റോഡ്. ബസുകള്‍ ഉള്‍പ്പെടെയുള്ളവ സഞ്ചരിക്കുന്ന ഈ റോഡിന്റെ ദുരവസ്ഥ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. ഒരു കിലോമീറ്റര്‍ മാത്രം ദൂരം വരുന്ന റോഡ് പൂര്‍ണ്ണമായും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. പിഡബ്ല്യുഡിയുടെ കീഴില്‍ ഉള്ള ഈ റോഡ് ഒന്നര വര്‍ഷം മുമ്പ് റീടാര്‍ ചെയ്തെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ പൊട്ടിപ്പൊളിഞ്ഞിരുന്നു. കുഴികളില്‍ പാറ മക്ക് കൊണ്ടുനിരത്തുകയാണ് അധികാരികള്‍ ചെയ്യുന്നത്. 6 മാസം മുമ്പ് പൊട്ടിയ പൈപ്പ് നന്നാക്കുന്നതിനോ ഇടിഞ്ഞ ഓട നന്നാക്കുന്ന തിനോ അധികാരികള്‍ താല്‍പ്പര്യം കാണിച്ചിട്ടില്ല. പാറ മക്ക് നിരത്തിയതുമൂലം ഇരുചക്ര ചെറു വാഹനങ്ങള്‍ക്ക് ഇതുവഴി യാത്ര ചെയ്യുവാനും ബുദ്ധിമുട്ടാണ്. ടാറിംഗ് റോഡില്‍ കല്ലുകള്‍ പാകിയാണ് കുഴികള്‍ അടച്ചിരിക്കുന്നത്. ഇത് വെള്ളക്കെട്ടുള്ള സമയത്ത് ഇരുചക്ര വാഹനങ്ങളെ കുരുക്കുന്നു. നിരവധി പേരാണ് ഇവിടെ അപകടത്തില്‍പ്പെട്ടിരിക്കുന്നത്. മാന്‍ ഉള്‍പ്പെടെയുള്ള ഭാരവാഹനങ്ങളുടെ ഓട്ടമാണ് റോഡുകള്‍ തകരാന്‍ കാരണമായിരിക്കുന്നത്. സമീപത്തുള്ള ക്വാറികളാണ് റോഡുകളുടെ അന്തകരായി തീര്‍ന്നിരിക്കുന്നത്. കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ മറ്റ് വഴി കണ്ടെത്തേണ്ട അവസ്ഥയാണ് ഇവിടെ. പൂര്‍ണ്ണമായും തകര്‍ന്ന റോഡ് ഗതാഗതയോഗ്യമാക്കാത്തതിനാല്‍ പ്രദേശവാസികള്‍ മറ്റ് വഴികളിലൂടെയാണ് പുറംലോകവുമായി ബന്ധപ്പെടുന്നത്. ഓട്ടോറിക്ഷ വിളിച്ചാല്‍ ഇതുവഴി വരാന്‍ മടിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. തങ്ങളുടെ ഈ ദുരിതം എന്ന് അവസാനിക്കുമെന്ന് അറിയാതെ റോഡ് നന്നാക്കുന്നതും കാത്ത് ഇരിക്കുകയാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: