കട്ടപ്പന : കര്‍ഷകര്‍ കൈയൊഴിഞ്ഞുകൊണ്ടിരുന്ന പാടത്ത് നെല്‍കൃഷിയിറക്കി നരിയമ്പാറ മന്നം മെമ്മോറിയല്‍ ഹൈസ്കൂളിലെ കുട്ടികളുടെ വേറിട്ട മാതൃക. കാര്‍ഷിക സംസ്കാരത്തിന് ഉണര്‍ത്തുപാട്ടായാണ് തൊവരയാര്‍ പാടശേഖരത്ത് വിദ്യാര്‍ഥികള്‍ ഞാറുനട്ടത്. മുമ്പ് നെല്‍ക്കൃഷി ചെയ്തിരുന്ന ഇവിടുത്തെ കൃഷി വര്‍ഷങ്ങളായി കുറഞ്ഞു വരുകയായിരുന്നു. കപ്പ, വാഴ തുടങ്ങിയവയിലേയ്ക്ക് മേഖലയിലെ കര്‍ഷകര്‍ തിരിയുന്നതിനിടെയാണ് വിദ്യാര്‍ഥികളുടെ നെല്‍കൃഷി. സ്കൂളിലെ പി.ടി.എ മുന്‍ പ്രസിഡന്റും കര്‍ഷകനുമായ കല്ലേട്ട് ബാലകൃഷ്ണന് നായരുമായി നടത്തിയ സംഭാഷണത്തിനിടെയാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ പേരിലുള്ള ഒരേക്കര്‍ പാടശേഖരത്ത് കൃഷിയിറക്കാന്‍ വിദ്യാര്‍ഥികള്‍ ആഗ്രഹം പ്രകടിപ്പിച്ചത്. തുടര്‍ന്ന് ഇന്നലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഇവിടെ വിത്ത് വിതച്ചു. നാടന്‍പാട്ടുകള്‍ ആലപിച്ച് വിദ്യാര്‍ഥികള്‍ പാടത്തിറങ്ങിയത് നാട്ടുകാര്‍ക്കും കൗതുക കാഴ്ചയായി. കാര്‍ഷിക ആഭിമുഖ്യം വളര്‍ത്തുക, കൃഷിയോടുള്ള താത്പര്യം വര്‍ധിപ്പിക്കുക, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, നാശോന്മുഖമായ കൃഷികളെ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയുള്ള വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനത്തിന് പി.ടി.എയുടെ പൂര്‍ണ പിന്തുണയുണ്ട്. ഞാറു നടീലിന് പി.ടി.എ പ്രസിഡന്റ് മധുക്കുട്ടന്നായര്, ഹെഡ്മാസ്റ്റര് കെ.എന്‍. രാധാകൃഷ്ണപിള്ള, സ്കൂള്‍ ലീഡര്‍ എസ്. അലന്, പി.ടി.എ വൈസ് പ്രസിഡന്റ് കെ.കെ. സന്തോഷ്, ബാലകൃഷ്ണന്‍നായര്‍, എസ്.എസ്. അനിതാശേഖര്, ശാലിനി.എസ്. നായര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: