കാര്‍ഷികവൃത്തിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ് ഭാരതത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും. മെച്ചപ്പെട്ട രീതിയില്‍ കൃഷി നടത്തിയില്ല എങ്കില്‍ അതിന്റെ ഭവിഷ്യത്തും രാജ്യം നേരിടണം. ഭക്ഷ്യക്ഷാമം നേരിട്ടാല്‍ അത് എല്ലാ വിഭാഗത്തേയും ഒരുപോലെ ബാധിക്കും. ഈ സാഹചര്യം ഒഴിവാക്കണമെങ്കില്‍ കൃഷി അഭിവൃദ്ധിപ്പെടുത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കണം. പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന കാര്‍ഷിക ഉല്പാദനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണ്.
രാജ്യത്തെ 141 ദശലക്ഷം ഹെക്ടര്‍ കൃഷി സ്ഥലത്തില്‍ 65 ദശലക്ഷം ഹെക്ടറില്‍ (46 ശതമാനം) മാത്രമേ ജലസേചന സൗകര്യമുള്ളു. മഴയെ ആശ്രയിച്ചാണ് അവശേഷിക്കുന്ന പ്രദേശങ്ങളിലെ കൃഷി എന്നതിനാല്‍ ഉല്പാദനക്കുറവും നഷ്ട സാധ്യതയും കൂടുതലാണ്. ജലസേചന സൗകര്യവും, മണ്ണിലെ ജലാംശവും ഉറപ്പാക്കിയാല്‍ കാര്‍ഷിക വരുമാനവും, ഉല്പാദനവും വര്‍ദ്ധിക്കും. ഈ സാഹചര്യമാണ് കൃഷിക്കാര്‍ക്ക് ഒരുക്കിക്കൊടുക്കേണ്ടത്. ആവശ്യത്തിന് മഴലഭിക്കാത്തതും ജലക്ഷാമവുമാണ് കാര്‍ഷിക മേഖലയുടെ തകര്‍ച്ചക്ക് പ്രധാന കാരണം. അതിനാല്‍ത്തന്നെ ജല സുരക്ഷിതത്വത്തിനാണ് കേന്ദ്രസര്‍ക്കാര്‍ അതീവ പ്രാധാന്യം നല്‍കുന്നത്.
ലക്ഷ്യങ്ങള്‍
ജലസേചനസൗകര്യത്തിന്റെ പരിധി വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജന ആരംഭിച്ചത്. പദ്ധതിയ്ക്കായി 2014-15 ലെ ബജറ്റില്‍ 1,000 കോടി അനുവദിച്ചിരുന്നു. കേന്ദ്ര ജലവിഭവ മന്ത്രാലയത്തിനാണ് പദ്ധതി ആരംഭിക്കുന്നതിനുള്ള പ്രാഥമിക ചുമതല. കേന്ദ്ര കൃഷി, സഹകരണ വകുപ്പാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി.
പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജനയ്ക്ക് 2015-16 കാലയളവില്‍ 5300 കോടി രൂപയാണ് അടങ്കല്‍ തുകയായി കണക്കാക്കുന്നത്. ഇതില്‍ 1800 കോടി രൂപ കൂടുതല്‍ വിള പദ്ധതിയ്ക്കായി കേന്ദ്ര കൃഷി, സഹകരണ വകുപ്പും, 2000 കോടി രൂപ തണ്ണീര്‍ത്തട വികസന പദ്ധതിയ്ക്കായി ഭൂവിഭവ വകുപ്പും, എഐബിപി, എല്ലാ കൃഷിഭൂമിയിലും ജലം എന്നീ പദ്ധതികള്ക്കോരോന്നിനുമുള്ള 1000 കോടി രൂപ വീതം കേന്ദ്ര ജലവിഭവ മന്ത്രാലയവുമാണ് ചെലവിടുന്നത്.
ജലസേചന പദ്ധതിക്ക് പുറമെ 200 കോടി രൂപ അഗ്രിടെക് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിലേക്ക് വകയിരുത്തിയിട്ടുണ്ട്. ദേശീയ കാര്‍ഷിക വിപണി സജീവമാകുന്നതിലൂടെ കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള് വിറ്റഴിക്കുന്നതിന് വേഗത്തില്‍ വിപണി കണ്ടെത്താന്‍ സാധിക്കും.
സംയോജിത തണ്ണീര്‍ത്തട പരിപാലന പദ്ധതിയുടെ ഭാഗമായി മഴവെള്ള സംഭരണവും, കൃഷിസ്ഥലങ്ങളിലെ കുളങ്ങള്‍, ചെക്ക് ഡാമുകള്‍, കോണ്ടൂര് ബണ്ടുകള്‍ എന്നിവയുടെ നിര്‍മാണം നിര്‍വഹിക്കുന്നത് കേന്ദ്ര ഭൂവിഭവ വകുപ്പാണ.് ആക്സിലറേറ്റഡ് ഇറിഗേഷന്‍ ബെനഫിറ്റ് പദ്ധതിയുടെ (എഐബിപി) ഭാഗമായി നടക്കുന്ന പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി കേന്ദ്ര ജലവിഭവ മന്ത്രാലയം വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ കാര്യക്ഷമമായ ജലോപയോഗത്തിനും, ഡ്രിപ്സ്, സ്പ്രിങ്ക്ളേര്സ്, റെയിന്‍ ഗണ്‍ മുതലായ ഉപകരണങ്ങള്‍ക്കും കേന്ദ്ര കൃഷി, സഹകരണ വകുപ്പ് പ്രോത്സാഹനം നല്‍കുന്നുമുണ്ട്.
പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജനയുടെ മേല്‍നോട്ടത്തിനും, നടത്തിപ്പിനുമായി ദേശീയതലം മുതല്‍ ജില്ലാതലം വരെ കൃത്യമായ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍/ ഡെപ്യൂട്ടി കമ്മീഷണര്‍/ ജില്ലാ മജിസ്ട്രേട്ട് അധ്യക്ഷനും ജില്ലാ ഫോറസ്റ്റ് ഓഫീസര്‍, ലീഡ് ബാങ്ക് ഓഫീസര്‍ തുടങ്ങിയവര്‍ അംഗങ്ങളുമായ സമിതിയാണ് ജില്ലാതലത്തിലുള്ള ജലസേചന പദ്ധതിയ്ക്ക് രൂപം നല്‍കുന്നത്. എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുടെ നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുകയും അവ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും വേണം. സംസ്ഥാനതല ജലസേചന പദ്ധതികളുടെ സംയുക്തരൂപമായിരിക്കും സംസ്ഥാനതല ജലസേചന പദ്ധതി. കുടിവെള്ള, ശുചിത്വ പദ്ധതികള്‍, ജലവുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ സംയോജിക്കുന്ന വേദിയായും സംസ്ഥാനതല ജലസേചന പദ്ധതികള്‍ പ്രവര്‍ത്തിക്കും.
വിവിധ വകുപ്പുകള്‍ തമ്മില്‍ ഫലപ്രദമായ ആസൂത്രണവും, ഏകോപനവും ഉറപ്പ് വരുത്തുന്നതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല അനുമതി നല്കല് സമിതിയും, നിതി ആയോഗ് വൈസ് ചെയര്‍മാന്റെ നേതൃത്വത്തിലുള്ള ദേശീയ നിര്‍വഹണ സമിതിയും രൂപീകരിച്ചിട്ടുണ്ട്. ഇതിനു പുറമേ, പ്രധാനമന്ത്രി അധ്യക്ഷനും, കേന്ദ്രമന്ത്രിമാര്‍ അംഗങ്ങളുമായ ദേശീയ മന്ത്രിതല സ്റ്റിയറിങ് കമ്മിറ്റി പദ്ധതി നിരീക്ഷിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യും.
പ്രധാനമന്ത്രി അധ്യക്ഷനായ സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജനയ്ക്ക് ജൂലൈയില്‍ നടന്ന യോഗത്തിലാണ് അനുമതി നല്‍കിയത്. 2015-16 മുതല്‍ 2019-20 വരെയുള്ള അഞ്ച് വര്‍ഷക്കാലത്തേക്ക് 50,000 കോടി രൂപ അടങ്കല്‍ തുകയ്ക്കുള്ള പദ്ധതിയാണിത്. പദ്ധതി സംബന്ധിച്ച പ്രവര്‍ത്തന നിര്‍ദ്ദേശങ്ങളുടെ കരട് നിര്‍ദ്ദേശങ്ങള്‍ക്കും, അഭിപ്രായങ്ങള്‍ക്കുമായി കേന്ദ്ര കൃഷി, സഹകരണ വകുപ്പിന്റെ വെബ്സൈറ്റായ www.agricoop. nic.in ല്‍ അപ്ലോഡ് ചെയ്യുകയും, സംസ്ഥാനങ്ങള്‍ക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജനയുടെ ജില്ലാതല ജലസേചന പദ്ധതികള്‍ തയ്യാറാക്കാനായി ഏറ്റവും ജൂനിയറായ മൂന്ന് ഐഎഎസ്, ഐഎഫ്സ്(ഫോറസ്റ്റ്) ബാച്ചുകളെ ചുമതലപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ഇതിന് വേണ്ട പരിശീലന പദ്ധതി തയ്യാറാക്കാന്‍ കേന്ദ്ര കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെയും, (ഐസിആര്), കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന്റെയും, കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും കീഴിലുള്ള പരിശീലന സ്ഥാപനങ്ങളുടെ തലവന്മാരുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ദേശീയ ജല അക്കാദമി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വാട്ടര്‍ മാനേജ്മെന്റ്, ഗ്രാമവികസന, പഞ്ചായത്തിരാജ് ദേശീയ ഇന്‍സ്റ്റിറ്റിയൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോയില്‍ & വാട്ടര്‍ കണ്‍സര്‍വേഷന്‍, ഐസിഎആര്‍ ഗവേഷണ കേന്ദ്രം എന്നിവയുടെ നേതോത്വത്തില് ഓരോ സംസ്ഥാനങ്ങളിലും ഒരാഴ്ച നീണ്ടു നില്ക്കുന്ന പരിശീലന പരിപാടികള്‍ തയ്യാറാക്കിയിട്ടുമുണ്ട്.
മുന്‍പ് നടപ്പാക്കിയ ജലസേചന പദ്ധതികളില്‍ നിന്നു വ്യത്യസ്തമായി സംയോജിതവും, സമഗ്രവുമായാണ് പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജന തയ്യാറാക്കിയിട്ടുള്ളത്. ജലസ്രോതസ്സുകള്‍ സൃഷ്ടിക്കുന്നതിനോടൊപ്പം അവ നിലനിര്‍ത്തുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. ബഹുതല സമീപനങ്ങളിലൂടെ കാര്യക്ഷമമായ ജലവിഭവോപയോഗമാണ് പദ്ധതി മുന്നോട്ട് വയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: