മാനന്തവാടി : നാട്ടുകാരുടെ ആവേശം വാനോളമുയര്‍ത്തി കണിയാരത്ത് വടംവലി മത്സരം. കണിയാരം അനശ്വര ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഓണാഘോഷത്തിന്റെ സമാപനപരിപാടിയുടെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. മാനത്ത് കാര്‍മേഘം ഇരുണ്ടുമൂടിയെങ്കിലും മത്സരത്തിന്റെ ആവേശത്തില്‍ പെയ്തിറങ്ങാതെ മാറിനിന്ന അവസ്ഥയായിരുന്നു. പ്രതികൂല കാലാവസ്ഥ മുന്‍കൂട്ടികണ്ട സംഘാടകര്‍ മത്സരം നടക്കുന്ന സ്ഥലം പന്തലിട്ട് പ്രത്യേകം സജ്ജമാക്കിയിരുന്നു. വൈകീട്ട് അഞ്ചരയോടെ മത്സരം ആരംഭിച്ചു. പിന്നെ ഇഞ്ചോടിഞ്ച് പോരാട്ടം. ഒന്നിനൊന്ന് വിടാതെ പുരുഷ-വനിതാ ടീമുകള്‍. മത്സരം കാണാനാവട്ടെ ഗ്രാമമൊന്നാകെ ഒഴുകിയെത്തി. പുരുഷ-വനിതാ ടീമുകള്‍ കൈ മെയ്യ് മറന്ന് വടംവലിച്ചപ്പോള്‍ നാല് വയസ്സുകാരി മുതല്‍ എഴുപത് കഴിഞ്ഞ വല്ല്യമച്ചി വരെ ആവേശത്തോടെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകായിരുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി അനശ്വര ക്ലബ്ബ് പത്ത് നിര്‍ദ്ധനകുടുംബങ്ങള്‍ക്ക് ഓണക്കിറ്റുകളും നല്‍കുകയുണ്ടായി. വിജയികള്‍ക്ക് ക്ലബ്ബ് പ്രസിഡണ്ട് കണ്ണന്‍ കണിയാരം ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. ഭാരവാഹികളായ അഡ്വ. പി.ജെ.ജോര്‍ജ്, ജയചന്ദ്രന്‍, ബാബു ജോസഫ് എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. പതിനേഴ് ടീമുകള്‍ പങ്കെടുത്തതില്‍ വനിതാ വിഭാഗത്തില്‍ ചാലഞ്ചേഴ്‌സ് കുറ്റിമൂലയും പുരുഷ വിഭാഗത്തില്‍ കുഴിനിലം വായനശാലയും സ്‌പോണ്‍സര്‍ ചെയ്ത ടീമും വിജയികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: