കൊയിലാണ്ടി: എതിര്‍പ്പുകള്‍ മറികടന്ന് മുന്‍ പാര്‍ട്ടി നേതാവിന്റെ പുസ്തക പ്രകാശനത്തിന് വി.എസ് അച്യുതാനന്ദന് കൊയിലാണ്ടിയിലെത്തുന്നു.
കൊയിലാണ്ടി മുന്‍ ഏരിയാ സെക്രട്ടറിയും പാര്‍ട്ടി നേതാവുമായിരുന്ന എന്‍.വി. ബാലകൃഷ്ണന്റെ മതം, ലൈംഗികത, മൂലധനം, പരിസ്ഥിതി എന്ന പുസ്തകമാണ് 6-ന് കൊയിലാണ്ടി സ്റ്റേഡിയം കോര്‍ണറില്‍ വി.എസ് അച്യുതാനന്ദന് പ്രകാശനം ചെയ്യുന്നത്. വിദേശത്തുനിന്നും പ്രസിദ്ധീകരിക്കുന്ന ഫോര്‍ പിഎം പത്രത്തില്‍ എന്‍.വി. ബാലകൃഷ്ണന് പാര്‍ട്ടിക്കെതിരെ ലേഖനമെഴതിയിരുന്നു. മുന്‍ സിപിഎം നേതാവ് ടി.പി. ചന്ദ്രശേഖരന് വധിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിക്കുകയും ചെയ്തതോടെ ഇദ്ദേഹം പാര്‍ട്ടിക്ക് അനഭിമതനായി. തുടര്‍ന്ന് സാമ്പത്തിക ക്രമക്കേട് ആരോപിച്ച് ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു.
ഇദ്ദേഹത്തിന്റെ ആദ്യ പുസ്തകം പ്രകാശനം ചെയ്യാ ന് കോടിയേരി ബാലകൃഷ്ണന് എത്തുമെന്ന് പോസ്റ്ററിലൂടെ പ്രചരിപ്പിച്ചുവെങ്കിലും പാര്‍ട്ടി സമ്മര്‍ദ്ദം കാരണം അദ്ദേഹം പങ്കെടുത്തില്ല.
പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ഒരാളിന്റെ പുസ്തക പ്രകാശനത്തിന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പങ്കെടുക്കുന്നത് പാര്‍ട്ടി അണികളില്‍ മുറുമുറുപ്പ് ഊണ്ടാക്കിയിട്ടുണ്ട്. ഇപ്പോള്‍ പാര്‍ട്ടി നേതൃത്വവും കൊയിലാണ്ടിയിലെ യുവജന വിഭാഗവും തന്റെ കൂടെയുണ്ടെന്നു തെളിയിക്കാനുള്ള ഒരു ശ്രമം കൂടിയാണ് ഇത്.
അദ്ദേഹം നടത്തുന്ന കൊയിലാണ്ടി പോസ്റ്റ് എന്ന പോര്‍ട്ടര്‍ പത്രം പാര്‍ട്ടി വിരുദ്ധ നിലപാടുകളാണ് പ്രചരിപ്പിക്കുന്നത്.
ജ്ഞാനേശ്വരി പബ്ലിക്കേഷന്‍സിന്റെ പിങ്ക് ഇംപ്രിന്റില്‍ പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകത്തിന്റെ ആദ്യ പ്രതി മുന്‍ വനംവകുപ്പ് മന്ത്രി ബിനോയ് വിശ്വം ഏറ്റുവാങ്ങും. ചലച്ചിത്ര നടന് അനൂപ് ചന്ദ്രന് പുസ്തകം അവതരിപ്പിക്കും.
രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തുന്ന പുസ്തക പ്രകാശന ചടങ്ങ് പാര്‍ട്ടി വിരുദ്ധരുടെയും ആര്‍എംപി അനുഭാവികളുടെയും കൂട്ടായ്മ കൊയിലാണ്ടിയിലുണ്ടാക്കുമെന്നും, അത് വരുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സാരമായി ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: