പാലോട്: പെരിങ്ങമല ഗ്രാമപഞ്ചായത്തിലെ കാട്ടിലക്കുഴിയില് ചുവട് ദ്രവിച്ച് നിലംപൊത്താറായി നില്ക്കുന്ന മരുത് മരം സമീപവാസികളുടെ ജീവന് ഭീഷണിയായി മാറുന്നു. പോട് വീണ് അപകടാവസ്ഥയിലായ മരം മുറിച്ച് മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഈ മരത്തിന് 80 വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. മരത്തിന് മുന്നിലായി അംഗന്‍വാടി പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികള്‍ മരത്തിന്റെ ചുവട്ടില്‍ എത്തി പോടിലൂടെ നോക്കിയാല്‍ മറുവശം കാണാവുന്ന നിലയിലാണ്. മരത്തിന് ഇരുവശത്ത് കൂടിയുള്ള റോഡുകളിലൂടെ വാഹനങ്ങളും വഴിയാത്രക്കാരും കടന്നുപോകുന്നുണ്ട്. സമീപത്ത് വീടുകളും സാംസ്കാരിക നിലയവും ഉണ്ട്. ശക്തമായ കാറ്റും മഴയും ഉണ്ടാകുമ്പോള്‍ മരം നിലം പൊത്തുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. അപകടകരമായി നില്ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റാമെന്ന വ്യവസ്ഥകള്‍ നിലനില്‍ക്കുമ്പോഴാണ് അധികൃതര്‍ കാട്ടിലക്കുഴിയിലെ അപകടാവസ്ഥയിലായ മരം മുറിച്ച് മാറ്റാന്‍ വൈമനസ്യം കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: