കോഴിക്കോട്: ഈശ്വരന്റെ പാദപത്മങ്ങള്‍ ആര്‍ക്ക് അവലംബമാകുന്നുവോ അവര്‍ ഒരിക്കലും നിരാലംബരാകുന്നില്ലെന്ന് ഇരിങ്ങാലക്കുട ശ്രീപുരം താന്ത്രിക വിദ്യാപീഠം ഡയറക്ടര്‍ എല്‍. ഗിരിഷ്കുമാര്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് ശ്രീകണ്ഠേശ്വരക്ഷേത്രം പാര്‍ത്ഥസാരഥി മണ്ഡപത്തില്‍ നടക്കുന്ന പ്രഭാഷണ പരമ്പരയുടെ രണ്ടാംദിനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നമ്മുടെ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളെ ലക്ഷ്യബോധത്തോടെ നേരിടാന്‍ സാധിച്ചാല്‍ പ്രതിസന്ധികള്‍ വഴിമാറി നമുക്ക് വഴികാട്ടിയായിത്തീരുമെന്നും അദ്ദേഹം പറഞ്ഞു. ഏതു പ്രശ്നത്തിനകത്തും അതിനുള്ള പരിഹാരവും ഉള്‍ക്കൊള്ളുന്നുണ്ട്. പ്രശ്നത്തെ നല്ലവണ്ണം പഠിച്ചാല്‍ മാത്രമേ അതു തിരിച്ചറിയുകയുള്ളു. പ്രശ്നത്തില്‍ നിന്ന് ഒളിച്ചോടിയാല്‍ ഉത്തരവും കിട്ടില്ല. ഭഗവാന്റെ അനുഗ്രഹം കൊണ്ടാണ് നമുക്ക് ഭഗവാനെ സ്തുതിക്കാന്‍ കഴിയുന്നത്. നമ്മുടെതായ ഭാഷയില്‍ ഈശ്വരനുമായി സംവദിക്കാന്‍ നമുക്ക് സാധിക്കണം.
മറ്റുള്ളവരുടെതെല്ലാം തന്റേതാക്കുവാനുള്ള വഴികള്‍ തേടുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്. അത്തരക്കാര്‍ അസുരന്മാരാണ്. അവര്‍ എല്ലാം തച്ചുതകര്‍ക്കുകയാണ് ചെയ്യുക. എന്നാല്‍ ദേവന്മാര് പ്രശ്നമുണ്ടാകുമ്പോള്‍ ഈശ്വരനെ തപസ്സുചെയ്യുകയാണ് ചെയ്യുന്നത്. എല്ലാം എന്റെതെന്നും എനിക്കുള്ളതെന്നും തരംതിരിക്കുമ്പോള്‍ നമ്മുടെയുള്ളില്‍ സംഘര്ഷമാണുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞുങ്ങള്‍ക്ക് രണ്ട് വയസ്സാകുമ്പോഴേക്കും പ്ലേ സ്കൂളിലേക്ക് വിടുന്ന സ്വഭാവം വ്യാപകമാകുന്നതിനാല്‍ അവര്‍ക്ക് മാതാപിതാക്കളോടുള്ള ആത്മബന്ധം കുറയുകയാണ് ചെയ്യുന്നത്. ഇത്തരം കുഞ്ഞുങ്ങള്‍ക്ക് വീടെന്നാല്‍ ആഹാരം കഴിക്കാനും ഉറങ്ങാനും മാത്രമുള്ള ഇടമായി മാറുകയാണ്. നാമാരും സാധാരണക്കാരല്ലെന്നും മറിച്ച് അസാധാരണക്കാരാണെന്നും ഗിരീഷ്കുമാര്‍ പറഞ്ഞു. നമ്മളില്‍ ഓരോരുത്തരിലും അസാധാരണത്വമാകുന്ന സവിശേഷത ഉറങ്ങിക്കിടക്കുന്നുണ്ട്. ഇതിനെ ഉണര്‍ത്താന്‍ ഈശ്വരോപാസനയിലൂടെ സാധിക്കുമെന്നും അപ്പോള്‍ നാം ശ്രേഷ്ഠന്മാരായിത്തീരുമെന്നും അദ്ദേഹം പറഞ്ഞു. പ്രഭാഷണം ഇന്നും തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: