മാനന്തവാടി : മാനന്തവാടി ഗ്രാമപഞ്ചായത്തിലെ കൊയിലേരി കൂടല്‍ക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നിര്‍വഹണത്തിലെ ക്രമക്കേടുകളെകുറിച്ച് പോലീസ് വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. ഇറിഗേഷന്‍വകുപ്പ് മുഖേന പൂര്‍ത്തീകരിച്ച പദ്ധതിയില്‍ എസ്റ്റിമേറ്റില്‍ നിര്‍ദേശിച്ചപ്രകാരമുള്ള ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് സാമഗ്രികള്‍ ഉപയോഗിച്ചില്ലെന്നുകാണിച്ച് മുട്ടില്സ്വദേശി സതീശന് എന്നയാള്‍ നല്കിയ പരാതിയെതുടര്‍ന്നാണ് മീനങ്ങാടി വിജിലന്‍സ് ഡിവൈഎസ്പി മാര്ക്കോസിന്റെനേതൃത്വത്തിലുള്ള സംഘം പ്രാഥമികഅന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ പരാതിയില്‍ പറഞ്ഞപ്രകാരം പുഴയില്‍നിന്നും വെള്ളം പമ്പ് ചെയ്യാനായി സ്ഥാപിച്ച ജിഐ പൈപ്പുകള്‍ക്ക് എസ്റ്റിമേറ്റില്‍ പറഞ്ഞപ്രകാരമുള്ള ഖനമില്ലെന്ന് കണ്ടെത്തിയതായാണ് സൂചന. കൂടുതല്‍ അന്വേഷണങ്ങള്‍ക്കുശേഷം കുറ്റക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് വിവരം.
മാനന്തവാടി പഞ്ചായത്തിലൈ വേമം, താനിക്കല്‍, കൊയിലേരി, ചാലിഗദ്ദ, പടമല തുടങ്ങിയ പ്രദേശങ്ങളിലെ നെല്‍കൃഷിയുള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ക്ക് ജലസേചനം ലക്ഷ്യംവെച്ച്കൊണ്ടായിരുന്നു 2012ല്‍ പദ്ധതി പൂര്‍ത്തീകരിച്ചത്. കൊയിലേരി പുഴയോടനുബന്ധിച്ച് സ്ഥാപിച്ച പമ്പ് ഹൗസില്‍ ജനറേറ്റര്‍ ഉപയോഗിച്ച് പുഴയില്‍നിന്നും കൃഷിയിടങ്ങളിലേക്ക് ജിഐ പൈപ്പിലൂടെ വെള്ളം പമ്പ് ചെയ്യാനായിരുന്നു ലക്ഷ്യം. കൃഷിയിടങ്ങളില്‍ വെള്ളം സംഭരിക്കാനും ഇതിലൂടെ കഴിയുമായിരുന്നു. എന്നാല്‍ പ്രവൃത്തിയിലെ അപാകതകള്‍ കാരണം ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍തന്നെ പലഭാഗങ്ങളിലും പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാവുന്നത് പതിവായിരുന്നു. 18 ലക്ഷത്തോളം രൂപ ചിലവഴിച്ച് പൂര്‍ത്തീകരിച്ച പദ്ധതിയില്‍ ക്രമക്കേടുകള്‍ നേരത്തെ ഉയര്‍ന്നിരുന്നു. എസ്റ്റിമേറ്റ് പ്രകാരമുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കാതെയാണ് കരാറുകാരന് പണി പൂര്‍ത്തിയാക്കിയതെന്നും ഇതിന് ഇറിഗേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥരില്‍ ചിലര്‍ ഒത്താശ ചെയ്തിരുന്നതുമായാണ് ആക്ഷേപമുയര്‍ന്നിരുന്നത്. ഇത് സാധൂകരിക്കുന്നവിധത്തിലാണ് പ്രാഥമികാന്വേഷണഫലം പുറത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: