മാനന്തവാടി : വയനാട്ടിലെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റിന്റെ അഞ്ച് തസ്തികകള്‍ സൃഷ്ടിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറി സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനെ അറിയിച്ചു. അസിസ്റ്റന്റ് സര്‍ജന്റെയും ബ്ലഡ് ബാങ്ക് ടെക്നീഷ്യന്റെയും ഓരോ തസ്തികയും സൃഷ്ടിച്ചിട്ടുണ്ട്. ബാലാവകാശസംരക്ഷണ കമ്മീഷന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് നടപടി.
ആശുപത്രിയിലെ രോഗികള്‍ക്ക് നല്‍കിയിരുന്ന മുട്ട, പാല് എന്നിവയുടെ വിതരണം പുനരാരംഭിച്ചതായും ആരോഗ്യവകുപ്പ് സെക്രട്ടറി അറിയിച്ചു. രോഗികളായ കുട്ടികള്‍ക്കു നല്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ അവര്‍ തന്നെ ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ നഴ്സിങ് സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാത്രിഡ്യൂട്ടിക്ക് ഒരു നേഴ്സിന്റെ സേവനം കൂടി അധികമായി ലഭ്യമാക്കിയിട്ടുണ്ട്. ജില്ലാ ആശുപത്രിയോടനുബന്ധിച്ച് കാരുണ്യ മെഡിക്കല്‍ ഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
ആശുപത്രിയില്‍ പാല്, മുട്ട എന്നിവ വിതരണം ചെയ്തയാള്‍ക്ക് നല്‍കാനുളള തുക കൊടുത്തുതീര്ത്തതിനെത്തുടര്ന്ന് അവയുടെ വിതരണം പുനരാരംഭിച്ചതായി വയനാട് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും കമ്മീഷനെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: