മാനന്തവാടി : വിദേശത്ത് ജോലിയുംവിസയും വാഗ്ദാനം ചെയ്ത് വന്‍തട്ടിപ്പ് നടത്തിയതായി പരാതി. ഓമശ്ശേരി മുക്കം സ്വദേശിയായ ജാബിര്‍ എന്നയാളാണ് വയനാട്, കോഴിക്കോട് ജില്ലകളില്‍ നിന്നും നിരവധിപേരുടെ പാസ്പ്പോര്‍ട്ടും പണവും കൈപ്പറ്റിയത്. ഹജ്ജ് വളണ്ടിയര്‍ സേവനത്തിനായി ഹജ്ജ് വേളയില്‍ 47 ദിവസം സൗദിയില്‍ താമസിച്ച് വിവിധ ജോലികള്‍ ചെയ്യുന്നതിനായാണ് ഇയാള്‍ പണം കൈപ്പറ്റിയത്. കാറ്ററിംഗ്, ക്ലീനിംഗ് തുടങ്ങിയ മേഖലകളിലായിരുന്നു ജോലിവാഗ്ദാനം. 2400 റിയാല്‍ വരെ ശമ്പളം ലഭിക്കുമെന്നായിരുന്നു ഉറപ്പ് നല്‍കിയത്.
20000 രൂപ മുതല്‍ 30000 രൂപവരെയാണ് പലരില്‍ നിന്നുമായി ഇയാള്‍ വാങ്ങിയിട്ടുള്ളത്. എന്നാല്‍ വ്യാഴാഴ്ച്ച നെടുമ്പാശ്ശേരിയില്‍ നിന്നും യാത്രാപുറപ്പെടാമെന്ന് വാഗ്ദാനം ചെയ്തവരുടെ യാത്ര റദ്ദായതോടെയാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി ബോധ്യപ്പെട്ടത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇയാള്‍ ബാംഗ്ലൂരിലെ ഏജന്റ് വഴിയാണ് പണം നല്‍കിയതെന്നും ബാംഗ്ലൂര്‍ ഏജന്റ് ബോംബേയിലുള്ള ഓഫീസിലാണ് പണം നല്‍കിയതെന്നും, പണവും പാസ്പോര്‍ട്ടും തിരിച്ചുവാങ്ങാന്‍ താന്‍ ബോംബേയിലേക്ക് പോവുകയാണെന്നുമാണ് ഇയാള്‍ പടിഞ്ഞാറത്തറയിലുള്ള ചിലരോട് പറഞ്ഞത്. കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നുമായി 800-ഓളം പേരില്‍ നിന്നും ഇയാള്‍ പണം വാങ്ങിയതായാണ് സൂചന. പടിഞ്ഞാറത്തറയില്‍ നിന്ന് 30 ഓളം പേര് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തട്ടിപ്പിനെതിരെ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പോലീസ് മേധാവി തട്ടിപ്പിനിരയായവര്‍ക്ക് ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: