ശുക്ലാംബരധരം വിഷ്ണും
ശശിവര്‍ണ്ണം ചതുര്‍ഭുജം
പ്രസന്നവദനം ധ്യായേത്
സര്‍വ്വ വിഘ്നോപശാന്തയേ’
ഇങ്ങനെ തുടങ്ങുന്ന വിഷ്ണു സഹസ്രനാമം’ കേള്‍ക്കാത്തവരും ഒരിക്കലെങ്കിലം ഉരുവിടാത്തവരും ചുരുക്കം. മഹാ വിഷ്ണുവിന്റെ സഹസ്രനാമങ്ങള് ചൊല്ലുന്നതും കേള്‍ക്കുന്നതും ഐശ്വര്യദായകം തന്നെയെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അത് നമ്മള് കേട്ടു ശീലിച്ച താളത്തിലും ഭാവത്തിലുമല്ലാതെ കര്‍ണ്ണാടക സംഗീതത്തിലെ ഒന്‍പത് രാഗങ്ങളുടെ അകമ്പടിയിലാകുമ്പോഴോ. അങ്ങനെയൊന്ന് സംഭവിച്ചു. ഇക്കഴിഞ്ഞ ആഗസ്റ്റ് ഒന്‍പതിന് സാക്ഷാല്‍ ഗുരുവായൂരപ്പന്റെ തിരുനടയില്‍ മേല്പത്തൂര് ഓഡിറ്റോറിയത്തില്‍. ഒന്നും രണ്ടുമല്ല നൂറ്റിമുപ്പതുപേരാണ് മുക്കാല്‍ മണിക്കൂറോളം നീണ്ടു നിന്ന ഈ അപൂര്‍വ്വ സംഗീത സപര്യയില്‍ പങ്കെടുത്തത്. അഞ്ചുവയസ്സു മുതല്‍ എണ്പതു വയസ്സു വരെയുള്ള സംഘത്തില്‍ പാതിയോളം പേര് ബെംഗളൂരുവില്‍ നിന്നുള്ളവര്‍. അതില്‍ എറണാകുളം ഇടപ്പള്ളി സാവേരി സ്കൂള്‍ ഓഫ് മ്യൂസിക്കിന്റെ സാരഥിയായ പ്രിയ ആര്. പൈ ആണ്. സംഗീതം പഠിച്ചിട്ടില്ലാത്തവര്‍ ഉള്‍പ്പെടെയുള്ള ഇത്രയും പേരെ കഴിഞ്ഞ ഒന്നര വര്‍ഷത്തെ പ്രയത്നത്തിലൂടെയാണ് ഇതിനായി സജ്ജമാക്കിയത്.
പ്രിയ തന്നെയാണ് അഞ്ചു വര്‍ഷം മുന്‍പ് വിഷ്ണു സഹസ്രനാമം ഒന്‍പത് രാഗങ്ങളിലായി ചിട്ടപ്പെടുത്തി ആലപിച്ച് സിഡി രൂപത്തില്‍ പുറത്തിറക്കിയത്. കേട്ടു പഴകിയതില്‍ നിന്ന് വ്യത്യസ്തമായി വിഷ്ണുസഹസ്രനാമം പുറത്തിറങ്ങിയപ്പോള്‍ ചിലര്‍ വിമര്‍ശനവുമായി എത്തിയെങ്കിലും ഏറെപ്പേരും പറഞ്ഞത് നല്ല വാക്കുകള്‍. അതില്‍ അന്നത്തെ ശബരിമല മേല്ശാന്തിവരെ ഉള്‍പ്പെടും. വീട്ടില്‍ സ്ഥിരമായി വച്ചിരുന്നതു കേട്ട് മക്കളായ ശ്രദ്ധയും ശ്രേയയും ഒപ്പം പാടുന്നതു കേട്ടപ്പോഴാണ് തന്റെ ശിഷ്യരെല്ലാവരും ചേര്‍ന്ന് ഇതാലപിച്ചാല് എത്ര മനോഹരമായിരിക്കുമെന്ന് തോന്നിയത്. ആ ചെറിയ ചിന്തയില്‍ തുടങ്ങിയ പ്രിയയുടെ സ്വപ്നം ഗുരുവായൂര്‍ നടയില്‍ തന്നെ സാക്ഷാത്കരിക്കാന്‍ സാധിച്ചത് ഗുരുവായൂരപ്പന്റെ ലീലാ വിലാസമെന്നാണ് അവിടെ ക്ഷണിക്കാതെ അതിഥിയായെത്തിയ പ്രമുഖ ഗാനരചയിതാവ് ചൊവ്വല്ലൂര്‍ കൃഷ്ണന് കുട്ടി പറഞ്ഞത്.
മൃദംഗ വിദ്വാനായിരു അച്ഛന് എം. രാജകുമാരപ്രഭുവാണ് സംഗീതത്തിലുള്ള പ്രിയയുടെ അഭിരുചി മനസ്സിലാക്കി നാലാം വയസ്സില്‍ തന്നെ സംഗീത പഠനത്തിന് ചേര്‍ത്തത്. അമ്മ വിജയയുടെ താല്പര്യവും അതു തയൊയിരുന്നു. രണ്ടു കണ്ണിനും കാഴ്ചയില്ലാത്ത ഏറെ പ്രായം ചെന്ന വള്ളിയമ്മാളായിരുന്നു സംഗീതത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ പകര്‍ന്നു നല്‍കിയത്. വള്ളിയമ്മാളിന് പ്രായത്തിന്റെ അവശതകള്‍ നേരിട്ടു തുടങ്ങിയപ്പോള്‍ അവരുടെ ശിഷ്യകൂടിയായ ജയ പ്രിയയുടെ ഗുരുനാഥയായി. അഞ്ചാം ക്ലാസ്സില്‍ കേന്ദ്ര ഗവണ്മെന്റിന്റെ സിസിആര്‍ടി സ്കോളര്‍ഷിപ്പ് നേടി. അതിനുശേഷം സ്വാതിതിരുനാള്‍ സംഗീത കോളേജിലെ പ്രൊഫസറായിരുന്ന വര്‍ക്കല സി. എസ്. ജയറാമിന്റെ കീഴില്‍ പഠനം തുടര്‍ന്നു. കുട്ടിക്കാലത്തെ വീട്ടുകാരുടെ നിര്‍ബന്ധത്തില്‍ മല്‍സരങ്ങളിലൊക്കെ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും സംഗീതത്തിനോട് മനസ്സില്‍ ഇഷ്ടം തോന്നിത്തുടങ്ങിയത് എട്ടാം ക്ലാസ്സിലെത്തിയപ്പോഴാണെന്ന് പ്രിയ പറയുന്നു.
പത്താം ക്ലാസില്‍ ഹ്യൂമണ്‍ റിസോഴ്സസ് സീനിയര്‍ ഫെലോഷിപ്പ് ലഭിച്ചു.
ഗണിതത്തില്‍ ഡിഗ്രി നേടിയിട്ടുള്ള പ്രിയ വിവാഹശേഷം കൊച്ചിയില്‍ വന്നപ്പോഴാണ് സംഗീതത്തില്‍ ബിഎയും എംഎയും പൂര്‍ത്തിയാക്കിയത്. കൊച്ചിയിലേക്ക് ചേക്കേറിയപ്പോള്‍ മട്ടാഞ്ചേരിയിലുള്ള എന്‍. പി. രാമസ്വാമിയുടെ കീഴില്‍ പഠനം തുടര്‍ന്നു. സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തില്‍ രണ്ടു വര്‍ഷം സമ്മാനം നേടിയിട്ടുള്ള പ്രിയ യൂണിവേഴ്സിറ്റി, ദേശീയ തലത്തിലും രണ്ടു തവണ വിജയിയായിരുന്നു.
പതിനഞ്ചാം വയസ്സു മുതല്‍ കുട്ടികളെ സംഗീതം പഠിപ്പിച്ചു തുടങ്ങിയ പ്രിയ എറണാകുളം തേവക്കല്‍ വിദ്യോദയ സ്കൂളില്‍ സംഗീതാധ്യാപികയായിരുന്നു. തന്റെ സംഗീത സപര്യയ്ക്ക് തടസ്സമാകുന്നുവെന്ന് തോന്നിയപ്പോള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ജോലി വരെ അവര്‍ ഉപേക്ഷിച്ചു. നിരവധി വേദികളില്‍ കച്ചേരികളും ഫ്യൂഷന്‍ സംഗീത പരിപാടികളും അവതരിപ്പിക്കുന്ന പ്രിയ ഇപ്പോള്‍ വീട്ടിലും പുറത്തുമായി നിരവധിപേരെ സംഗീതം പഠിപ്പിക്കുന്നുണ്ട്. ഒഴിവ് സമയങ്ങളില്‍ സ്വയം പഠനവും സംഗീതത്തിലെ പുതിയ പരീക്ഷണങ്ങളും തുടരുന്നു.
സംഗീതരംഗത്ത് നിരവധി വനിതകളുണ്ടെങ്കിലും ഏറെപ്പേരൊന്നും കൈകടത്താത്ത ഒരു വിഭാഗമാണ് സംഗീത സംവിധാനം. സ്കൂളിലെ പദ്യപാരായണ-ലളിതഗാന മല്‍സരങ്ങള്‍ക്കായി അധ്യാപകര്‍ നല്കുന്ന കവിതകള്‍ക്ക് സ്വയം ട്യൂഷന് നല്കിയതായിരിക്കണം പ്രിയയുടെ ആദ്യ കമ്പോസിങ്. പിന്നീട് ഓരോ പാട്ടു കേള്‍ക്കുമ്പോഴും അതിലെ ഓര്ക്കസ്ട്രേഷന് ശ്രദ്ധിച്ചു തുടങ്ങി. പിന്നീട് ചെറിയ ഭക്തിഗാനങ്ങള്‍ക്ക് സംഗീതം നല്‍കിത്തുടങ്ങി. വിവാഹശേഷം ഇതു ശ്രദ്ധിച്ച ഭര്‍ത്താവ് രമേഷാണ് കമ്പോസിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്കാന് പ്രേരണ നല്‍കിയത്. ഇതിനോടകം പ്രിയ ആര് പൈ സംഗീതം നല്കിയ പതിനഞ്ചോളം ആല്‍ബങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. പ്രശസ്തമായ കീര്‍ത്തനങ്ങള്‍ അതിനെ ആത്മാവിനെ ചോര്‍ത്താതെ ഫ്യൂഷന്‍ സംഗീതത്തിന്റെ അകമ്പടിയോടെ പ്രിയയുടെ ശബ്ദത്തില്‍ കേള്‍ക്കുമ്പോള്‍ അത് കര്‍ണ്ണാടകസംഗീതത്തില്‍ ഒട്ടും അറിവില്ലാത്തവരെപ്പോലും ആകര്‍ഷിക്കുന്നു.
സ്കൂള്‍ കാലഘട്ടത്തില്‍ തിരുവനന്തപുരം ആകാശവാണിയില്‍ വിവിധ സ്കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത 35 പേരുടെ കോറസ് ഗ്രൂപ്പില്‍ അംഗമായിരുന്നു പ്രിയ. അക്കാലത്ത് എം. ജി. രാധാകൃഷ്ണന് പെരുമ്പാവൂര്‍ രവീന്ദ്രനാഥ് തുടങ്ങിയവരുടെ സംഗീത സംവിധാനത്തില്‍ പാടാനുള്ള അവസരവും ഇവര്‍ക്ക് ലഭിച്ചു. അന്ന് റേഡിയോയില്‍ പാടുകയെന്നത് വലിയ കാര്യമായിരുന്നുവെന്ന് പ്രിയ ഓര്‍ക്കുന്നു. മലയാളത്തില്‍ ദൂരദര്ശന് വന്നപ്പോള്‍ അവിടെയും പാടാന്‍ പലതവണ അവസരം ലഭിച്ചു. അതോടെ നാട്ടില്‍ താരപരിവേഷമായി.
സ്വകാര്യ ചാനലുകള്‍ വന്നശേഷമാണ് ടെലിവിഷനില്‍ തുടര്‍ച്ചയായി പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു തുടങ്ങിയത്. ജീവന് ടിവിയിലെ സംഗമം, കൈരളിയിലെ ലയ തരംഗ് എന്നിവയായിരുന്നു ആദ്യ പ്രോഗ്രാമുകള്‍. 2010-ല്‍ പ്രിയ കമ്പോസ് ചെയ്ത് പാടിയ ‘വിഷ്ണു സഹസ്ര നാമം’ കേട്ടാണ് അമൃത ടിവിയിലെ ‘സന്ധ്യാ ദീപം’ എ പരിപാടി ചെയ്യാന്‍ ക്ഷണം ലഭിക്കുന്നത്. സന്ധ്യാ ദീപം പ്രിയയ്ക്ക് ഏറെ പ്രശസ്തി നല്കി.
ഗുരുവായൂരിലെ ചടങ്ങില്‍ പ്രിയ കമ്പോസ് ചെയ്ത ‘ലളിതാ സഹസ്ര നാമം’ ശോഭ സുരേന്ദ്രന് ഗാനരചയിതാവായ ചൊവ്വല്ലൂര്‍ കൃഷ്ണന് കുട്ടിക്ക് നല്കി പ്രകാശനം ചെയ്യുകയുണ്ടായി. വിഷ്ണുസഹസ്ര നാമത്തിനു ശേഷം ലളിതാ സഹസ്രനാമവും പ്രിയ തന്റെ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ആധുനികതയുടെ കുത്തൊഴുക്കില്‍ സന്ധ്യാ നാമജപവും പ്രാര്‍ത്ഥനയുമൊക്കെ പഴഞ്ചന്‍ രീതികളും പറയുന്ന പുതിയ തലമുറയില്‍ പാരമ്പര്യത്തിന്റെ പൊന്തിരികള് അണയാതിരിക്കാന്‍ പ്രിയയെപ്പോലുള്ളവര് ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ക്ക് ഇന്നത്തെക്കാലത്ത് ഏറെ പ്രസക്തിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: