തൃശൂര്‍ ജില്ലയിലെ മാളയ്ക്കടുത്ത് പുത്തന്‍ചിറ ഗ്രാമം കൊച്ചിക്കകത്തുള്ള ഏക തിരുവിതാംകൂര്‍ ദേശമാണ്. എഡി 1764 ല്‍ കൊച്ചിയും സാമൂതിരിയും തമ്മില്‍ നടന്ന യുദ്ധത്തില്‍ കൊച്ചിയെ തിരുവിതാംകൂര്‍ സഹായിച്ച വകയില്‍ പുത്തന്‍ചിറയെ തിരുവിതാംകൂറിലെ ദളവ അയ്യപ്പന് മാര്‍ത്താണ്ഡപിള്ളക്ക് സമ്മാനമായി നല്കിയത്രേ. പിന്നീട് ദളവ തിരുവിതാംകൂറിന് അടിയറവെച്ചു എന്നുമാണ് കേള്‍വി.
ലീലാശുകനെന്ന വില്വമംഗലത്ത് സ്വാമിയാര് പുത്തന്ചിറവാസിയായിരുന്നുവത്രേ. അദ്ദേഹം പൂജിച്ചിരുന്ന പാറമേല്‍ തൃക്കോവില്‍ ക്ഷേത്രം, അദ്ദേഹം ശപിച്ചു പാറയാക്കിയ ആന, ആശ്രിതകുടുംബങ്ങള് എന്നിവ തിരുശേഷിപ്പുകളായി കരുതപ്പെടുന്നു. പുത്തന്‍ചിറയിലെ തൃച്ചക്രപുരം ക്ഷേത്രം ഇരട്ടകളുടെ സമുച്ചയം എന്ന് ഖ്യാതി നേടിയതാണ്.
ഊരായ്മക്കാര്‍ രണ്ട് വേദത്തില്പ്പെട്ടവരും രണ്ട് ഗ്രാമക്കാരുമാണ്. ശിലാരൂപത്തില്‍ ഒരു വിഗ്രഹം, രൂപമില്ലാത്തതും കണ്ണാടിയല്ലാത്തതുമായ വിധത്തിലാണ്. രാവിലെ പൂജ ചെയ്യുമ്പോള്‍ മണികൊട്ടിയും രാത്രിപൂജ മുദ്രയില്‍ മാത്രവുമാണ്. മാരാര്‍, വാരിയര്‍ തുടങ്ങിയവരും തന്ത്രിയും രണ്ട് കുടുംബക്കാരാണ്.
ആയിരത്തിലധികം പഴക്കം അനുമാനിക്കുന്ന ഇവിടെ ശ്രീകോവിലില്‍ ചുവര്‍ചിത്രങ്ങള്‍കൊണ്ട് അലംകൃതമാണ്. ഇതിന്റെ കോപ്പികള്‍ പല മ്യൂസിയങ്ങളിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്. പ്രതിഷ്ഠാദിനം ഏതെന്ന് കൃത്യമായി തിട്ടമില്ലാത്തതിനാല്‍ തിരുവോണത്തിന് (ചിങ്ങം) ആഘോഷിച്ചുവരുന്നു.
തീര്‍ത്ഥക്കുളത്തില്‍ കുളിച്ചുവേണം പൂജാദികര്മികള്ക്ക് ശ്രീകോവിലില്‍ പ്രവേശിക്കാന്‍. ശൈവമാെണന്ന തോന്നുംവിധത്തില്‍ നിത്യേന ചന്ദ്രക്കല ചാര്‍ത്തിവരുന്നു. ശ്രീകോവിലും തീര്‍ത്ഥക്കുളവുമായി ഭൂമിക്കടിയിലൂടെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന സംശയം ബലപ്പെടുത്തുന്നതിന് തെളിവുകള്‍ ഉണ്ട്. വലിയവിളക്കിന് കിഴക്കേനടയിലേക്കും പിറ്റേന്ന് പള്ളിവേട്ടക്ക് പടിഞ്ഞാട്ടേക്കും എഴുന്നള്ളിപ്പ് രാത്രി ശീവേലിക്കുണ്ട്. സാധാരണ ക്ഷേത്രങ്ങളില്‍ പള്ളിവേട്ടനാളിലാണ് പുറത്തേക്കുള്ള എഴുന്നള്ളിപ്പ്.
ടിപ്പു ആക്രമണത്തിന് തടയിട്ടത് ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന വണ്ടുകളുടെ വന്‍ശേഖരമാണ് എന്നാണ് കേള്‍വി. ശൈവ-വൈഷ്ണവമടങ്ങിയ സുദര്ശനചക്രമാണ് പ്രതിഷ്ഠ. ചെറിയ ക്ഷേത്രമാണെങ്കിലും വിളക്കുമാടം അടങ്ങുന്ന നല്ല ചുറ്റമ്പലമുണ്ട്.
ശിവരാത്രിയും അഷ്ടമിരോഹിണിയും പ്രത്യേക ആഘോഷംതന്നെയാണ്. കൂടാതെ മകരത്തിലെ പൗര്‍ണമി ആറാട്ടായി എട്ട്നാള്‍ നീണ്ട ഉത്സവവുമുണ്ട്. പന്തീരാഴിയാണ് പ്രധാന വഴിപാട്. തിരുവിതാംകൂര്‍ രാജവംശം ക്ഷേത്രത്തിലെ ഉത്സവാദി പ്രാധാന്യങ്ങള്‍ക്ക് വഴിപാടുകള്‍ നടത്തിവന്നിരുന്നു. നിത്യേന ഉഷഃപൂജയടക്കം തമ്പുരാന്മാര് നടത്തിവന്നിരുന്ന വഴിപാടുകളാണ്.
രാജാവിന്റെ ആജ്ഞപ്രകാരം അകലെയുള്ള തന്റെ നാട് എന്ന നിലയില്‍ കുറ്റവാളികളെ നാടുകടത്തപ്പെടുക രാജ്യത്തിന്റെ വടക്കേ അതിര്‍ത്തിയായ പുത്തന്ചിറയിലേക്കായിരുന്നു.
സംഗമേശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: