പാലക്കാട്: കഞ്ചിക്കോട് വെസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന അഗസ്റ്റെയിന് ടെക്സ്റ്റയില്‍സ് ലിമിഡ് എന്ന ഡൈയിംഗ് ആന്‍ പ്രിന്റിംഗ് യൂണിറ്റ് കമ്പനിയില്‍ നിന്നുള്ള രാസ മാലിന്യങ്ങള്‍ കോരയാര്‍ പുഴയില്‍ ഒഴുക്കുന്നതായി പരാതി. ഭാരതപ്പുഴയുടെ മുഖ്യ പോഷക നദിയാണ് കോരയാര്‍. രാസവസ്തുക്കളും, ചായങ്ങളും, ഡിറ്റര്ജെന്റുമടങ്ങിയ മലിന ജലം പുഴയിലേക്ക് ഒഴുക്കുന്നതായാണ് പരാതി. ഇതുമൂലം വെള്ളത്തിന് നിറവ്യത്യാസം വന്നതായും മത്സ്യങ്ങളും മറ്റും ജലജീവികളും ചത്തുപൊങ്ങിയതായും പറയുന്നു. അസഹ്യമായ ദുര്‍ഗന്ധവും ചൊറിച്ചലും കാരണം പുഴയിലേക്കിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്.ഇത് ഭാരതപ്പുഴയെ കഞ്ചിക്കോടു മുതല്‍ പൊന്നാനി വരെ മലിനീകരിക്കും. പരിസരപ്രദേശങ്ങളിലും മലിന ജലം കെട്ടികിടക്കുന്നതു മൂലം മറ്റു ജലസ്ത്രോസുകളും മലിനമാകാന്‍ കാരണമാകുന്നുണ്ട്. മലിനീകരണത്തിന്റെ പേരില്‍ തിരുപ്പൂരില്‍ നിന്നും ഒഴിവാക്കിയ കമ്പനിയാണിതെന്നും പറയുന്നു. എത്രയും പെട്ടന്ന് കമ്പനി പൂട്ടി മലിനീകരണത്തില്‍ നിന്നും കോരയാര്പുഴയെ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കമ്പനി കഞ്ചിക്കോട് പ്രവര്‍ത്തനമാരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: