പാലക്കാട്: ഇരുവൃക്കകളും തകരാറിലായി ജീവന് നിലനിര്‍ത്താന്‍ പ്രയാസപ്പെടുന്ന അകത്തേത്തറ പഞ്ചായത്തിലെ കാക്കണ്ണിയില് അക്ബര്‍ അലിക്ക്(34) വാട്ട്സ് അപ് ഗ്രൂപ്പ് ഒരുമാസത്തെ ചികിത്സാ ചെലവ് നല്കി. 2012 നവംബറില്‍ വൃക്കരോഗം ബാധിച്ച അക്ബര്‍ അലി ജീവിക്കാന്‍ പ്രയാസപ്പെടുന്ന വിവരം വാര്‍ത്തകളിലൂടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഒലവക്കോട് റെയില്‍വേ സ്കൂളിലെ 1998-99 ബാച്ചിന്റെ വാട്ട്സ് അപ് ഗ്രൂപ്പ് അംഗങ്ങള്‍ സഹായ സന്നദ്ധരായി. മറ്റു ചില ഗ്രൂപ്പിലെ അംഗങ്ങളുടെയും സഹകരണത്തിലാണ് ഒരു മാസത്തെ ചികിത്സാ ചെലവായ 20,000 രൂപ സ്വരൂപിച്ചത്. ആഴ്ചയില്‍ മൂന്നുതവണ ഡയാലിസിസ് നടത്തിയാണ് അക്ബര്‍ അലിയുടെ ജീവന് നിലനിര്‍ത്തുന്നത്. അക്ബറലിയും കുടുംബവും താമസിക്കുന്ന കിണറും വൈദ്യുതിയും ഇല്ലാത്ത കുടിലിലേക്ക് കുടിവെള്ള പൈപ്പ് കണക്ഷനും നല്‍കാനും ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ അക്ബര്‍ അലിയുടെ താമസസ്ഥലത്തെത്തി റെയില്‍വേ സ്കൂളിലെ മുന്‍ കായികാധ്യാപകന് വി. രാമചന്ദ്രന് നായര്‍ തുക കൈമാറി. ഗ്രൂപ്പ് അംഗങ്ങളായ ഡി.വി. കൃഷ്ണപ്രസാദ്, പീറ്റര്‍, സി.കെ. സുജ, സുരേഷ്ബാബു, അഭിലാഷ് എന്നിവരും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: