പ്രദീപ് കളത്തില്‍
ഉദിയന്‍കുളങ്ങര: രണ്ടുവര്‍ഷം മുമ്പ് പത്തുലക്ഷത്തിലേറെ രൂപ ചെലവഴിച്ച് നെയ്യാറ്റിന്‍കര റ്റി.ബി.ജംഗ്ഷനിലെ മാര്‍ക്കറ്റില്‍ മാലിന്യ സംസ്കരണത്തിനുവേണ്ടി സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തിപ്പിക്കുന്നില്ല. മാലിന്യം കുന്നുകൂടി ദുര്‍ഗന്ധം വമിച്ചിട്ടും പ്രദേശത്ത് പകര്‍ച്ചപ്പനി പടരുമ്പോഴും അധികൃതര്‍ പ്ലാന്റ് തുറക്കുന്നില്ല. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പ്ലാന്റ് തുറക്കാത്തതിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
മാര്‍ക്കറ്റിന്റെ വിവിധ ഭാഗങ്ങളില്‍ മാസങ്ങളായി നീക്കം ചെയ്യാത്ത മാലിന്യങ്ങള്‍ കൂമ്പാരമായി കിടക്കുകയാണ്. ടിബി ജംഗ്ഷനിലെ മാര്‍ക്കറ്റിലെ മാലിന്യ പ്രശ്നത്തിനു പരിഹാരം കാണുന്നതിനായിട്ടാണ് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചത്. എന്നാല്‍ ബയോഗ്യാസ് പ്ലാന്റിനു ചുറ്റും മാലിന്യം കൊണ്ട് നിറഞ്ഞ് തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമായി കൊണ്ടിരിക്കുകയാണ്. യഥാസമയം ക്ലോറിനേഷന് നടക്കാത്തതുകാരണം മാലിന്യ കൂമ്പാരത്തില്‍ പുഴുക്കള്‍ നിറഞ്ഞ് തുടങ്ങി. മഴക്കാലമാകുമ്പോള്‍ മാലിന്യങ്ങള്‍ വ്യാപകമായി മാര്ക്കറ്റിലേക്കൊഴുകും. കച്ചവടക്കാരും മാര്‍ക്കറ്റിലെത്തുന്നവരും മാരക രോഗങ്ങളുടെ ഭീഷണിയിലാണ്. പ്ലാന്റിന് സമീപത്ത് മലിനജലം ഒഴുകി സമീപത്തെ മരുത്തൂര്‍ തോട്ടിലേക്കാണ് ഒഴുകുന്നത്. തോട്ടിലെ മാലിന്യത്തിന്റെ ദുര്‍ഗന്ധം കാരണം സമീപത്തെ വീടുകളും പകര്‍ച്ചവ്യാധി ഭീഷണിയിലാണ്.
രാപ്പകല്‍ വ്യാപാരം നടക്കുന്ന ടിബി ജംഗ്ഷനിലെ മാര്‍ക്കറ്റില്‍ മാര്‍ക്കറ്റ് ലേലത്തില്‍ വന്‍തുക നഗരസഭയ്ക്ക് വര്‍ഷംതോറും ലഭിക്കുന്നുണ്ടെങ്കിലും ശുചീകരണത്തിനുവേണ്ട നടപടികള്‍ സ്വീകരിക്കാതെ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ക്കും മാര്‍ക്കറ്റിലെത്തുന്നവര്‍ക്കും സമീപത്തെ വീട്ടുകാര്‍ക്കും ഭീഷണിയാകുന്ന മാലിന്യകൂമ്പാരത്തിന് പരിഹാരം കണ്ടെത്താന്‍ മാര്‍ക്കറ്റിലെ ബയോഗ്യാസ് പ്ലാന്റ് അടിയന്തിരമായി പ്രവര്‍ത്തിപ്പിക്കണമെന്ന് നാട്ടുകാരും വിവിധ വ്യാപാരി സംഘടനകളും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: