തുറവൂര്‍: സിപിഎം കോടംതുരുത്ത് എല്‍സിയുടെ നേതൃത്വത്തില്‍ നടന്ന കാല്‍നട ജാഥയ്ക്ക് രാവിലെ ജനപങ്കാളിത്തം കുറഞ്ഞതിനാല്‍ ഉച്ചയ്ക്ക് ശേഷം നടന്ന സമ്മേളന വേദികളില്‍ തൊഴിലുറപ്പ് നിര്‍ത്തി വച്ച് തൊഴിലാളികളെ പങ്കെടിപ്പിച്ചത് അപലപനീയമാണെന്ന് ബിജെപി കോടംതുരുത്ത് പഞ്ചായത്ത് കമ്മറ്റി.
ഒരു വിഭാഗം തൊഴിലാളികള്‍ ഇതിനെതിരെ പ്രതികരിച്ചെങ്കിലും പഞ്ചായത്ത് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ തുടര്‍ന്ന് ജോലിക്കെടുക്കില്ല എന്ന് ഭീഷണിപ്പെടുത്തി സമ്മേളനത്തില്‍ പങ്കെടുപ്പിച്ചെന്നാണ് തൊഴിലാളികളുടെ പരാതി. ഇതിനെതിരെ ബിഡിഒ ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി കൊടുക്കാന്‍ തൊഴിലാളികളുടെ യോഗം തീരുമാനിച്ചു.
തൊഴിലുറപ്പ് പദ്ധതി നൂറു ദിവസത്തില്‍ നിന്നും നൂറ്റി അമ്പതു ദിവസമാക്കിയതിനും ദിവസ കൂലി ഇരുന്നൂറ്റി ഇരുപത്തി ഒമ്പത് രൂപയാക്കിയതിനും യോഗം നരേന്ദ്രമോദി സര്‍ക്കാരിനെ അഭിനന്ദിച്ചു. യോഗത്തില്‍ ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സി.എം. അശോകന് അധ്യക്ഷത വഹിച്ചു. ബിജെപി അരൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് കെ.കെ. സജീവന് ഉത്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: