മാതാപിതാക്കളാല്‍ കൈവിട്ട കുരുന്നുകള്‍ക്ക് ഈശ്വരനാണ് തുണ. ഇത്തരത്തിലുള്ള ഈശ്വരേശ്ച ഭഗവാന് ചിലരിലൂടെ നടപ്പാക്കുന്നു. അത്തരത്തിലൊരു സ്ഥാപനമുണ്ട് വയനാട്ടില്‍. മാനന്തവാടിക്കടുത്ത് തോണിച്ചാലിലെ പഴശ്ശി ബാലമന്ദിരം. പരാധീനതകള്ക്കുനടുവിലും ചിട്ടയോടെ ഈശ്വരേശ്ച ഇവര്‍ നടപ്പാക്കിവരുന്നു. ഇവിടെ ഏവര്‍ക്കും അനുകരണീയമായ ഒരു മാതൃകയുണ്ട്. കുരുന്നുകള്‍ക്ക് അമ്മയാണവര്‍. ശ്രദ്ധിച്ചാല്‍ അന്നപൂര്‍ണ്ണേശ്വരിയും യോഗിനീമാതാവും വല്യമ്മയുമെല്ലാം അവര്‍ തന്നെയെന്നു ബോധ്യമാവും. നാമധേയം യു.ലളിതാംബിക. നാട്ടുകാര്‍ക്കും സ്വയംസേവകര്‍ക്കും ചേച്ചിയാണിവര്.
നിസ്വാര്‍ത്ഥ സേവനം
1985 ല്‍ ആണ് ചേച്ചി ബാലമന്ദിരത്തില്‍ എത്തുന്നത്. വയസ് 35. സംഘപരിവാര്‍ ബന്ധം, വിശ്വഹിന്ദുപരിഷത്ത് കാര്യകര്‍ത്താക്കളിലൂടെ ചേച്ചിയെ ഇവിടെ എത്തിക്കുകയായിരുന്നു. നിസ്വാര്‍ത്ഥസേവനത്തിന്റെ 30 വര്‍ഷങ്ങള്‍. ഒരു ചില്ലിക്കാശുപോലും പ്രതിഫലം വാങ്ങിയിട്ടില്ല. തീര്‍ത്തും ഒരു യോഗിനീമാതാവുതന്നെ. കേരളത്തില്‍ പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് ഇത്തരത്തിലുള്ള 62 സ്ഥാപനങ്ങളുണ്ട്. ഇത്രയുംകാലയളവില് ഒരേ സ്ഥാപനത്തില്‍ സേവന മനസ്ക്കതയോടെ പ്രവര്‍ത്തിച്ചവര്‍ മറ്റാരുമില്ലെന്നുതന്നെ പറയാം.
ഓടിട്ട ഒരു ചെറിയ കെട്ടിടമായിരുന്നു ബാലമന്ദിരം. വൈദ്യുതി ഇല്ല, വെള്ളമില്ല, പരാധീനതകള്‍ മാത്രം. നൂറ് മീറ്റര്‍ കുന്നിറങ്ങി നെല്വയലില്നിന്നുവേണം വെള്ളം കോരാന്‍. 1988 വരെ മറ്റാരുടേയും സഹായമില്ലാതെ സ്വന്തമായി വെള്ളംകോരി കുട്ടികളെ കുളിപ്പിച്ച് ഭക്ഷണം നല്കി, വസ്ത്രം ഉടുപ്പിച്ച്, പച്ചക്കറി നനച്ച്, നെല്ല് പുഴുങ്ങികുത്തി അങ്ങനെ അങ്ങനെ…… യാതനയുടെ നീണ്ട മൂന്ന് വര്‍ഷം. എന്നാല്‍ കുരുന്നുകളുടെ ചുണ്ടിലെ പാല്‍പ്പുഞ്ചിരി കണ്ടാല്‍ ചേച്ചി എല്ലാം മറക്കും.
ആര്‍ദ്രമീ ജീവിതം
1986 ആഗസ്റ്റ് 22. ചേച്ചി ഇന്നും ആ ദിനം ഓര്‍മ്മിക്കുന്നു. കോളിംഗ്ബെല്ലിന്റെ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. വാതില്‍ തുറക്കാതെ ജനാലവഴി പുറത്തേക്ക്. മൂന്ന് ആളുകള്‍, ഒരാളുടെ കൈയില്‍ ഒരു പൊടിക്കുഞ്ഞുമുണ്ട്. ഉടനെതന്നെ മാനേജര്‍ ബാലചന്ദ്രേട്ടനെ വിവരമറിയിച്ചു. കൂടെ വന്നവരിലൊരാള്‍ വിശ്വഹിന്ദുപരിഷത്ത് പ്രവര്‍ത്തകനാണെന്ന് പറഞ്ഞു. അമ്മ ഉപേക്ഷിച്ചുപോയ 13 ദിവസം പ്രായമുള്ള കുഞ്ഞാണത്. അച്ഛന് ഹൃദ്രോഗി. കുഞ്ഞിനെ നോക്കാന്‍ മറ്റാരുമില്ല. ചേച്ചി പിന്നെ ഒന്നും ആലോചിച്ചില്ല. പരാധീനതകള്‍ക്കിടയില്‍ അവനേയും ഏറ്റുവാങ്ങി. പാല് കൊടുത്താല്‍ ഛര്‍ദിക്കും. രാവിലെതന്നെ ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞ് ജീവിച്ചിരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ചുപറഞ്ഞു. പിന്നെ നീണ്ട പ്രാര്‍ത്ഥന. ബാലമന്ദിരം ഒന്നാകെ അവനുവേണ്ടി കേണു. മരുന്നും ഭക്ഷണവുമായി പത്ത് നാളുകള്‍. കുഞ്ഞിന്റെ നിലയില്‍ നേരിയ പുരോഗതി. പതുക്കെപ്പതുക്കെ അവന് ജീവിതത്തിലേക്ക് തിരിച്ചുവന്നു. അച്ഛനും അമ്മയുമെല്ലാം ലളിതാംബികചേച്ചിയായി. ഒന്നരക്കൊല്ലത്തെ ചികിത്സ അവനെ മറ്റ് കൂട്ടുകാരോടൊപ്പമെത്തിച്ചു. ഇന്ന് അവന് പോലീസ് കോണ്‍സ്റ്റബിള്‍ ആണ്. എല്ലാ വിശേഷദിവസങ്ങളിലും അമ്മയ്ക്ക് കോടിയുമായി അവനെത്തും.
ഓം നമ സച്ചിദാനന്ദ
പ്രഭാതത്തിലെ ഏകാത്മതാ സ്തോത്രത്തോടെ ബാലമന്ദിരം ഉണരും. പിന്നെ പ്രഭാതകൃത്യങ്ങള്‍. യോഗ, ചുക്കുകാപ്പി, കുളി, അലക്ക് അങ്ങനെപോകുന്നു. നാലാംതരംവരെ ഉള്ളവരുടെ വസ്ത്രം കഴുകല്‍, കുളിപ്പിക്കല്‍ എല്ലാം ചേച്ചിയുടെ ജോലി. ബാലമന്ദിരത്തില്‍ എത്തുന്ന ഭൂരിഭാഗം പേരേയും ചേച്ചിക്കറിയാം. ഒരു ചായ അല്ലെങ്കില്‍ കാപ്പി. പലപ്പോഴും അവലും ബിസ്ക്കറ്റുമുണ്ടാകും. ഒരാളെ ഒരിക്കല്‍ പരിചയപ്പെട്ടാല്‍ അവരുടെ രൂപവും ശബ്ദവും ചേച്ചിക്ക് ഹൃദ്യം. ഫോണിലെ ശബ്ദങ്ങളും സുപരിചിതം. പ്രത്യേകിച്ച് സംഘഅധികാരികളുടെ. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സമിതിക്ക് കീഴില്‍ 1985 ഒക്ടോബര്‍ 23 ആണ് ബാലമന്ദിരം പ്രവര്‍ത്തനം ആരംഭിച്ചത്. എന്‍.ബാലചന്ദ്രനാണ് മാനേജര്‍. ഓര്‍ഫനേജ് അസോസിയേഷന് വയനാട് ജില്ലാസെക്രട്ടറി കൂടിയാണ് അദ്ദേഹം. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളില്‍നിന്നുള്ള നിരവധി കുട്ടികളെ മുഖ്യധാരയിലെത്തിക്കാന്‍ ബാലമന്ദിരത്തിന് കഴിഞ്ഞു എന്നകാര്യത്തില്‍ സംശയമില്ല. അതിന്റെ ക്രെഡിറ്റ് പൂര്‍ണ്ണമായും ബാലചന്ദ്രേട്ടനും ചേച്ചിക്കും അര്‍ഹതപ്പെട്ടതാണ്. മാനവസേവ മാധവ സേവ എന്ന പ്രപഞ്ചസത്യം സാക്ഷാത്കരിക്കുകയാണിവര്. ഇന്ന് 35 വിദ്യാര്‍ത്ഥികള്‍ ബാലാമന്ദിരത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: