കൊച്ചി: ആതുര പരിചരണ രംഗത്തെ മികച്ച നിലവാരത്തിന് ആസ്റ്റര്‍ മെഡ്സിറ്റിക്ക് ജോയിന്റ് കമ്മീഷന് ഇന്റര്‍നാഷണലിന്റെ (ജെസിഐ) അക്രഡിറ്റേഷന്. ഗുണമേന്മ, രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷ തുടങ്ങിയവ പരിഗണിച്ചാണ് ജെസിഐ അക്രഡിറ്റേഷന് നല്‍കുന്നത്. ഏറെ കര്‍ശനമായ പരിശോധനാ നടപടികള്‍ കടന്ന് 1145 ഘടകങ്ങള്‍ പരിഗണിച്ചാണ് ആസ്റ്റര്‍ മെഡ്സിറ്റിക്ക് അക്രഡിറ്റേഷന് ലഭിച്ചത്. കേരളത്തില്‍ ആദ്യമായി ജെസിഐ അക്രഡിറ്റേഷന് ലഭിക്കുന്ന ക്വാര്‍ട്ടനറി കെയര്‍ ആശുപത്രിയാണ് ആസ്റ്റര്‍ മെഡ്സിറ്റി.
ജെസിഐയുടെ പ്രസിഡന്റും സിഇഒയുമായ പൗള വില്‍സണ്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ് ചെയര്മാന് & മാനേജിംഗ് ഡയറക്ടര്‍ ഡോ. ആസാദ് മൂപ്പനും ആസ്റ്റര്‍ മെഡ്സിറ്റി സിഇഒ ഡോ. ഹരീഷ് പിള്ളയ്ക്കും അക്രഡിറ്റേഷന് കൈമാറി. ഐഎംഎ സംസ്ഥാന വൈസ് പ്രസിഡന്റ്ഡോ. എബ്രാഹം വര്‍ഗീസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
അമേരിക്കയിലെ ഇല്ലിനോയ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനമായ ജോയിന്റ് കമ്മീഷന് റിസോഴ്സസി (ജെസിആര്‍) ന്റെ ഒരു വിഭാഗമാണ് അന്താരാഷ്ട്രതലത്തില്‍ രോഗികളുടെ സുരക്ഷയ്ക്കും ആരോഗ്യപരിചരണരംഗത്തെ ഗുണമേന്മയ്ക്കുമായുള്ള ജോയിന്റ് കമ്മീഷന് ഇന്റര്‍നാഷണല്‍.
ജെസിഐ അക്രഡിറ്റേഷനു പുറമേ നാഷണല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഓഫ് ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ (എന്‍.എ.ബി.എച്ച്) അക്രഡിറ്റേഷന്, കേരളത്തില്‍ ആദ്യമായി നഴ്സിംഗ് മികവിനുള്ള എന്‍.എ.ബി.എച്ച് പുരസ്കാരം, ബ്യൂറോ വേരിത്താസില് നിന്നുള്ള ഗ്രീന്‍ ഓപ്പറേഷന് തീയറ്റര്‍ സര്ട്ടിഫിക്കേഷന് ആസ്റ്റര്‍ നേടിയിട്ടുണ്ട്.
ആരോഗ്യസംരക്ഷണ രംഗത്തും ജീവനക്കാരുടെ സുരക്ഷയുടെ കാര്യത്തിലും ലോകോത്തര നിലവാരം കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഡോ. ആസാദ് മൂപ്പന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: