ഇന്ന് ക്ലാസില്‍ പഠിപ്പിച്ച മലയാളപാഠത്തിലെ അര്‍ത്ഥം പഠിക്കുകയായിരുന്നു അമന്
‘അമ്മേ ടീച്ചര്‍ പഠിപ്പിച്ച മഴയ്ക്ക് പര്യായമായി പഠിപ്പിച്ച വര്‍ഷ നമ്മുടെ സീരിയലിലെ വര്ഷയല്ലെ?’
ഇത്തരം സംശയങ്ങള്‍ അരങ്ങേറാത്ത വീടുകള്‍ വളരെ കുറവാണെന്ന് പറയാം. നല്ലൊരു ശതമാനം വീട്ടമ്മമാരും ദിവസത്തില്‍ മൂന്നുമണിക്കുറോളം സീരിയലുകള്‍ കാണാനായി മാറ്റിവെയ്ക്കുന്നതായാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ ദുരന്തം അനുഭവിക്കാന്‍ പോകുന്നത് കുഞ്ഞുങ്ങളാണ്. എന്തെന്നാല്‍ സീരിയല്‍ ‘സപര്യയ്ക്ക’് മുടക്കം ഉണ്ടാകാതിരിക്കാന്‍ കൊച്ചുകുഞ്ഞുങ്ങളെ തങ്ങളുടെ ഒപ്പം ഇരുത്തി ശീലിപ്പിക്കുന്നു. ഇത് ഭാവിയില്‍ സൃഷ്ടിക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് ഒട്ടും വ്യാകുലപ്പെടാതെ തന്നെ.
എന്താണ് സീരിയലുകളുടെ പൊതുവേയുള്ള ചേരുവകള്‍? ഇപ്പോഴുള്ള തലമുറയ്ക്കോ ഇനി വരുന്ന തലമുറയ്ക്കോ പുതുതായി ഒന്നും പഠിക്കാനില്ലാത്ത, പഠിക്കാന്‍ പാടില്ലാത്ത ശുദ്ധ ആഭാസത്തരങ്ങള്‍ മാത്രം. നല്ലതൊന്നും പറഞ്ഞുകൊടുക്കാന്‍ ആരും ഇല്ലാത്ത പുതിയ കാലത്ത് സീരിയലുകള്‍ കണ്ടുവളരുന്ന കുട്ടികള്‍ അതില്‍ നിന്ന് സ്വാംശീകരിക്കുന്നതെന്താണ്. നന്മയുടെ ഒരംശം പോലും കുട്ടികള്‍ക്ക് ലഭിക്കില്ല എന്ന് നമ്മുക്കുറപ്പിക്കാം. ടിവിയില്‍ കാണുന്നതുമാത്രമാണ് ശരിയെന്നു കരുതുന്നവരാണ് കുട്ടികള്‍. സീരിയലിലൂടെ അവര്‍ കാണുന്നതാകട്ടെ തരം കിട്ടിയാല്‍ പരസ്പരം കൊല്ലാന്‍ ശ്രമിക്കുന്ന കുടുംബാംഗങ്ങളെ, വിവാഹേതര ബന്ധങ്ങള്‍ ഒളിപ്പിക്കാന്‍ പാടുപെടുന്ന അച്ഛന്മാരെയും അമ്മമാരെയും, പിന്നെ കാണുന്ന കാഴ്ചകള്‍ മുതിര്‍ന്നവരെപ്പോലും നാണിപ്പിക്കുന്നവ മാത്രം. അവിഹിതവും വ്യാജഗര്ഭവും മാറി മാറി പ്രയോഗിച്ചാണ് മിക്ക സീരിയലുകളും പിടിച്ചു നില്‍ക്കുന്നത്. ഇതൊക്കെ നമ്മുടെ സ്വീകരണ മുറിയില്‍ ഇരുന്നു കാണുന്ന കുഞ്ഞുങ്ങളുടെ കാര്യം ഇനിയെങ്കിലും അമ്മമാര്‍ നിസ്സാരവല്‍ക്കരിച്ചുകൂടാ. കാരണം, നമ്മള് പലപ്പോഴും തിരിച്ചറിയുന്നില്ലെങ്കിലും സ്വഭാവരുപീകരണത്തില്‍ പോലും പരമ്പരകള്‍ കാര്യമായ പങ്ക് വഹിക്കുന്നുണ്ടെന്നാണ് ടീച്ചര്മാര് സാക്ഷ്യപ്പെടുത്തുന്നത്. പഠനകാര്യങ്ങള്‍ പോലും കുട്ടികള്‍ സീരിയലുമായി ചേര്‍ത്തുവായിക്കുന്നു എന്നാണ് അവര്‍ പറയുന്നത്.
ഇന്ന് ഏറെ സാമൂഹ്യവല്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് മദ്യപാനം. ഏറ്റവും പുതുതായി സ്ത്രീകളുടെ മദ്യപാനരംഗങ്ങള്‍ പോലും കുത്തിനിറയ്ക്കുന്നവയാണ് മിക്ക സീരിയലുകളും. മനശാസ്ത്ര വിദഗ്ധരുടെ അഭിപ്രായത്തില്‍ തീന്മേശകള് സൗഹൃദത്തിന്റെയും പങ്കുവയ്ക്കലിന്റെയും ഇടങ്ങളാകണമെന്നാണ്. അതുകൊണ്ടു തന്നെ എത്ര തിരക്കായാലും ഒരുനേരമെങ്കിലും ഒത്തൊരുമിച്ചിരുന്നുള്ള ഭക്ഷണം നിര്‍ബന്ധമാക്കണം. പക്ഷേ ഇന്ന് തീന്മേശകള് പൂര്‍ണ്ണമായും സീരിയലുകള്‍ കീഴടക്കി. മിക്ക കുടുംബങ്ങളിലും അത്താഴം തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും സീരിയലുകള്‍ക്ക് മുമ്പിലാണ്. ഇത്തരം സീരിയലുകള്‍ കവര്‍ന്നെടുക്കുന്നത് കുഞ്ഞുങ്ങള്‍ക്ക് മാതാപിതാക്കന്മാരുമായി തങ്ങളുടെ സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവയ്ക്കാനുള്ള നിമിഷങ്ങളാണ.് സിനിമയെ അപേക്ഷിച്ച് സീരിയലുകള്‍ ചെലത്തുന്ന സ്വാധീനം നമുക്ക് കണക്കുകൂട്ടാവുന്നതിലും അപ്പുറമാണ്. സിനിമയ്ക്ക് നിശ്ചിത സമയപരിധിയുണ്ട്, സീരിയലിന്റെ കാര്യത്തില്‍ പരിധി എന്ന വാക്കു പോലും അപ്രസക്തമാണ്. മാലിന്യവാഹിനിയായ പുഴപോലെ അത് ദിവസവും ഒഴുകി ഒഴുകി സ്വീകരണമുറികളെ പോലും മലീമസമാക്കുന്നു. ഇത്തരം മാലിന്യത്തില്‍ കിടന്നു വളരുന്ന കുഞ്ഞുങ്ങള്‍, അവരെ നമ്മള് ഇതില്‍ നിന്നും രക്ഷിച്ചേ പറ്റൂ. ടെലിവിഷനെ വെറും ‘ടെലിവിഷം’ മാത്രമാക്കി തരം താഴ്ത്തിയിരിക്കുന്നു.
പ്രശസ്ത സിനിമാ സംവിധായകനും ദേശിയ അവാര്‍ഡ് ജേതാവുമായ ശ്യാമപ്രസാദ് ഇത്തരം നിലവാരം കുറഞ്ഞ സീരിയലുകള്‍ നിരോധിക്കാന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടത് ഇതുമായി ചേര്‍ത്തുവായിക്കാവുന്നതാണ്. അതുപോലെ സംവിധായകന് രഞ്ജിത്ത് ശങ്കറിന്റെ വാക്കുകള്‍ കടമെടുത്താല്‍ മാല്‍ഗുഡീ ഡെയ്സുപോലുള്ള(ആര്. കെ. നാരായണന്റെ മാല്ഗുഡിഡെയ്സ് എന്ന നോവലിന്റെ ആവിഷ്കാരം) സീരിയലുകള്‍ കണ്ടുവളര്‍ന്ന നമ്മള് അര്‍ഹിക്കുന്നത് ഇതാണോ, വളര്‍ന്നു വരുന്ന തലമുറയ്ക്ക് നാം നല്‍കേണ്ടത് ഇതാണോയെന്ന് സ്വയം ചിന്തിക്കേണ്ടതുണ്ട്. അതുകൊണ്ട് മക്കളുടെ നല്ല ഭാവിക്കുവേണ്ടി, മാതാപിതാക്കള്‍ സീരിയലുകള്‍ നിര്‍ത്തി കുറച്ചുകൂടി സീരിയസ് ആയേ തീരു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: